'സ്വിം സ്യൂട്ടിലുള്ള ഗ്ലാമർ രംഗത്തിൽ അഭിനയിക്കാൻ നിർബന്ധിതയായി, കരഞ്ഞുകൊണ്ട് പറ്റില്ലെന്ന് പറഞ്ഞു'; ആ സിനിമയിലെ വേഷം മാനസികസമ്മർദ്ദം ഉണ്ടാക്കിയെന്ന് മോഹിനി
ചെന്നൈ: സംവിധായകൻ ആർ.കെ.ശെൽവമണിയുടെ 'കണ്മണി' എന്ന സിനിമയിൽ സ്വിം സ്യൂട്ടിലുള്ള ഗ്ലാമർ രംഗത്തിൽ അഭിനയിക്കാൻ നിർബന്ധിതയായി എന്ന് നടി മോഹിനി. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ വെളിപ്പെടുത്തൽ നടത്തിയത്. താൻ പൂർണ്ണ മനസോടെയല്ലാതെയാണ് ആ രംഗം ചെയ്തതെന്നും, ഇത് തനിക്ക് വലിയ മാനസികസമ്മർദ്ദം ഉണ്ടാക്കിയെന്നും മോഹിനി പറഞ്ഞു.
'ഉടൽ തഴുവ' എന്ന ഗാനരംഗത്തിലാണ് തന്നെ നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചതായി തോന്നിയതെന്ന് മോഹിനി പറയുന്നു. സംവിധായകൻ ആർ.കെ. ശെൽവമണിയാണ് ഈ രംഗം പ്ലാൻ ചെയ്തത്. കരഞ്ഞുകൊണ്ട് വേഷം ചെയ്യാൻ വിസമ്മദിച്ചു അന്ന് തനിക്ക് നീന്താൻ അറിയില്ലായിരുന്നെന്നും, പുരുഷ പരിശീലകരുടെ മുന്നിൽ പാതിവസ്ത്രത്തിൽ അത് പഠിക്കുന്നത് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും നടി വ്യക്തമാക്കി. ഇത് കാരണം അരദിവസത്തോളം ചിത്രീകരണം മുടങ്ങി.
പിന്നീട്, ഇതേ രംഗം ഊട്ടിയിൽ വീണ്ടും ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ താൻ വിസമ്മതിച്ചതായും മോഹിനി പറഞ്ഞു. ചിത്രീകരണം മുന്നോട്ട് പോകില്ലെന്ന് അണിയറക്കാർ പറഞ്ഞപ്പോൾ, ഇത് അവരുടെ പ്രശ്നമാണെന്നും താൻ നേരത്തെയും ഇത്തരത്തിൽ നിർബന്ധിതയായി അഭിനയിച്ചിട്ടുണ്ടെന്നും അവരെ ഓർമ്മിപ്പിച്ചതായും നടി കൂട്ടിച്ചേർത്തു. തന്റെ സമ്മതമില്ലാതെ അതിരുകടന്ന് ഗ്ലാമറസായി അഭിനയിച്ച ഒരേയൊരു സിനിമ 'കണ്മണി' ആയിരുന്നുവെന്ന് മോഹിനി പറഞ്ഞു.