നിങ്ങളെയോ എന്റെ സീനിയറായ നിങ്ങളുടെ പിതാവിനെയോ അപകീര്‍ത്തിപ്പെടുത്താന്‍ എനിക്ക് ഉദ്ദ്യേശവുമില്ല; ഇനി സൊനാക്ഷി സിന്‍ഹയുടെ പേര് പറയില്ല; പ്രശ്‌നം പറഞ്ഞ് അവസാനിപ്പിച്ച് മുകേഷ് ഖന്ന
ഇനി സൊനാക്ഷി സിന്‍ഹയുടെ പേര് പറയില്ല; പ്രശ്‌നം പറഞ്ഞ് അവസാനിപ്പിച്ച് മുകേഷ് ഖന്ന
മുംബൈ: രാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയ നടി സൊനാക്ഷി സിന്‍ഹയെ വിമര്‍ശിച്ച് നടന്‍ മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. 2019 ല്‍ അമിതാഭ് ബച്ചന്‍ അവതാരകനായ 'കോന്‍ ബനേഗ ക്രോര്‍പതി' (കെബിസി) എന്ന ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു രാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് സൊനാക്ഷി തെറ്റായി ഉത്തരം നല്‍കിയത്.
ഈ വിഷയത്തില്‍ അടുത്തിടെ നല്‍കിയ ഒരഭിമുഖത്തിലും സൊനാക്ഷിയെ വിമര്‍ശിച്ച് മുകേഷ് ഖന്ന എത്തിയിരുന്നു. ഇതിന് നടി മറുപടി നല്‍കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഇനിയും പറയരുതെന്നായിരുന്നു നടി പറഞ്ഞത്. ഇപ്പോഴിതാ സെനാക്ഷി സിന്‍ഹക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുകേഷ് ഖന്ന.
'പ്രിയപ്പെട്ട സൊനാക്ഷി, നിങ്ങള്‍ പ്രതികരിക്കാന്‍ ഇത്രയധികം സമയമെടുത്തത് എന്നെ അത്ഭുതപ്പെടുത്തി. പ്രശസ്തമായ കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഷോയില്‍ നിങ്ങള്‍ക്കുണ്ടായ സംഭവം വീണ്ടും എടുത്തു പറഞ്ഞതിന് നിങ്ങള്‍ക്ക് എന്നോട് വിരോധം തോന്നുമെന്ന് എനിക്കറിയാം. പക്ഷേ, നിങ്ങളെയോ എന്റെ സീനിയറായ നിങ്ങളുടെ പിതാവിനെയോ അപകീര്‍ത്തിപ്പെടുത്താന്‍ എനിക്ക് യാതൊരു ഉദ്ദ്യേശവുമില്ല. നിങ്ങളടെ പിതാവുമായി എനിക്ക് വളരെ സൗഹാര്‍ദ്ദപരമായ ബന്ധമുണ്ടെന്നും ഞാന്‍ നിങ്ങളോട് പറയട്ടെ.
ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണുകള്‍ക്കും അടിമകളായി മാറിയ ഇന്നത്തെ തലമുറയോട് പ്രതികരിക്കുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം. അവരുടെ അറിവ് വിക്കിപീഡിയയിലും യുട്യൂബിലെ സാമൂഹിക ഇടപെടലുകളിലും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.ഇന്നത്തെ ഓരോ യുവതലമുറയും അറിഞ്ഞിരിക്കേണ്ട നമ്മുടെ സംസ്‌കാരത്തിലും സംസ്‌കൃതിയിലും ചരിത്രത്തിലും സൂക്ഷിച്ചിരിക്കുന്ന അതിവിശാലമായ അറിവുണ്ടെന്ന് അവരോട് പറയുക എന്നതായിരുന്നു ലക്ഷ്യം. എന്റെ ഒന്നിലധികം അഭിമുഖങ്ങളില്‍ ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. ഇനി അത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു'- മുകേഷ് ഖന്ന പറഞ്ഞു.