'സത്യമാണ്, ഷാനൂ മോനേ നീയും നിൻ്റെ ഫ്രണ്ട്സും കലക്കി'; നിറകണ്ണുകളോടെ ഷെയ്ൻ നിഗത്തെ കെട്ടിപ്പിടിച്ച് നാദിർഷ; വീഡിയോ വൈറൽ
കൊച്ചി: ഷെയ്ൻ നിഗം നായകനായെത്തിയ 'ബൾട്ടി' എന്ന ചിത്രം കണ്ടതിന് ശേഷം വികാരഭരിതനായി നടനും സംവിധായകനുമായ നാദിർഷ. ഷെയ്ൻ നിഗത്തെ നിറകണ്ണുകളോടെ കെട്ടിപ്പിടിച്ച് ഉമ്മ നൽകുന്ന നാദിർഷയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ വൈറലായിരിക്കുകയാണ്. സെപ്റ്റംബർ 27നാണ് 'ബൾട്ടി' തിയേറ്ററുകളിലെത്തിയത്.
നാദിർഷയും ദിലീപും അന്തരിച്ച നടൻ അബിയും ചേർന്നുള്ള മിമിക്രി സംഘം ഒരു കാലത്ത് കേരളത്തിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അബിയുടെ മകനാണ് ഷെയ്ൻ നിഗം. തന്റെ പ്രിയ സുഹൃത്തായ അബിയുടെ മകൻ സിനിമയിൽ വിജയം നേടുന്നതിൽ അഭിമാനം കൊണ്ടാണ് നാദിർഷ വികാരഭരിതനായത്. അബി മലയാള സിനിമാ രംഗത്ത് ശ്രദ്ധേയനായ കലാകാരനായിരുന്നു. 'നയം വ്യക്തമാക്കുന്നു' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ഏകദേശം അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കൊച്ചിൻ കലാഭവനിലൂടെയാണ് അബി തന്റെ കലാജീവിതം ആരംഭിച്ചത്. മിമിക്രി വേദികളിൽ സിനിമാ താരങ്ങളെ അനുകരിച്ച് പ്രേക്ഷക പ്രീതി നേടിയ അബിയുടെ 'ആമിനതാത്ത' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാദിർഷ, ദിലീപ്, അബി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മുപ്പതോളം ഓഡിയോ, വീഡിയോ കാസറ്റുകളും ഏറെ പ്രചാരം നേടി. 1990 കളിൽ മിമിക്രി ലോകത്തെ സൂപ്പർതാരമായിരുന്ന അബിയുടെ ശബ്ദങ്ങളെ അനുകരിക്കുന്നതിൽ ഷെയ്ൻ നിഗം ഏറെ മികവ് പുലർത്തുന്നുണ്ട്.
'ബൾട്ടി' സൗഹൃദം, ചതി, പ്രണയം, പ്രതികാരം എന്നിവയെല്ലാം പറയുന്ന ഒരു ചിത്രമാണ്. കേരള-തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ കബഡി താരങ്ങളുടെ ജീവിതവും വട്ടിപ്പലിശക്കാരുടെ അധോലോകവുമായുള്ള അവരുടെ ബന്ധവുമാണ് ചിത്രം വിഷയമാക്കുന്നത്. ചിത്രത്തിൽ ഉദയൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ നിഗം അവതരിപ്പിക്കുന്നത്.