മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്ത്; ഒരിക്കലും പറയപ്പെടാത്ത മഹത്തായ പ്രണയമെന്ന് ദുല്‍ഖര്‍; 46-ാം വിവാഹ വാര്‍ഷികാശംസ നേര്‍ന്ന് താരം; ഇണക്കുരുവികളെ പോലെയുണ്ടെന്ന് ആരാധകര്‍
മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്ത്
കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തില്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് എന്നും ഓര്‍ത്തുവയ്ക്കാനുള്ള പുതുമയാര്‍ന്ന കഥാപാത്രങ്ങളാണ്. മമ്മൂട്ടിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സുല്‍ഫത്തും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ഇന്നിതാ ഇരുവരും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 46ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മമ്മൂട്ടിക്കും സുല്‍ഫത്തിനും ആശംസ നേര്‍ന്നുകൊണ്ടുള്ള ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇരുവരുടേയും മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ ആശംസ അറിയിച്ചത്. മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന സുല്‍ഫത്തിനെ ചിത്രത്തില്‍ കാണാം. 1979 മെയ് ആറിനായിരുന്നു മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹം.
'ഉമ്മയ്ക്കും പായ്ക്കും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.' ദുല്‍ഖര്‍ കുറിച്ചു. ഏറ്റവും മനോഹരമായ ദമ്പതികള്‍, ഒരിക്കലും പറയപ്പെടാത്ത മഹത്തായ പ്രണയം എന്നീ ഹാഷ്ടാഗുകളും ദുല്‍ഖറിന്റെ പോസ്റ്റിനൊപ്പമുണ്ട്. ഇതിന് താഴെ ഒട്ടേറെ ആരാധകരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ചത്. കാത്തിരുന്ന പോസ്റ്റായിരുന്നു ഇതെന്നും മമ്മൂട്ടിയും സുല്‍ഫത്തും ഇണക്കുരുവികളെ പോലെയുണ്ടെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
മെയ് മാസത്തിലെ മൂന്ന് ദിവസങ്ങള്‍ ജീവിതത്തില്‍ വളരെ സ്പെഷ്യല്‍ ആണെന്ന് ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു. മെയ് നാലിനാണ് സുല്‍ഫത്തിന്റെ പിറന്നാള്‍. മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ പിറന്നാള്‍. തൊട്ടടുത്ത മെയ് ആറിന് മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികവും.
സുല്‍ഫത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'ചക്കര ഉമ്മ' എന്ന് കുറിച്ചാണ് ദുല്‍ഖര്‍ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചത്. ഭാര്യ അമാലിനും മകള്‍ മറിയത്തിനുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് മകളുടെ പിറന്നാള്‍ ആശംസയും കുറിച്ചു. 'എട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ഞങ്ങളുടെ രാജകുമാരിക്ക് ആശംസകള്‍, എല്ലാ ദിവസവും നിന്നോട് കടപ്പെട്ടിരിക്കുന്നു' എന്നാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത്.
1979മെയ് ആറിന് ആയിരുന്നു മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. 1982ല്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിച്ചു. സുറുമി എന്നാണ് മകളുടെ പേര്. 1986ല്‍ മകന്‍ ദുല്‍ഖര്‍ സല്‍മാനെയും ഇരുവരും വരവേറ്റു. മകള്‍ ബിസിനസുമായി മുന്നോട്ട് പോകുമ്പോള്‍ സിനിമയില്‍ സജീവമായി തുടരുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
അതേസമയം, ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുങ്ങിയത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. കളങ്കാവല്‍ ആണ് നടന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജൂണില്‍ ചിത്രം തിയറ്ററിലെത്തും എന്നാണ് അനൗദ്യോഗിക വിവരം. ജിതിന്‍ ജെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്ത്; ഒരിക്കലും പറയപ്പെടാത്ത മഹത്തായ പ്രണയമെന്ന ദുല്‍ഖര്‍; 46-ാം വിവാഹ വാര്‍ഷികാശംസ നേര്‍ന്ന് താരം; ഇണക്കുരുവികളെ പോലെയുണ്ടെന്ന് ആരാധകര്‍