കഥ പറയുമ്പോളിലെ 'ബാലന്റെ മകള്‍'; നടി രേവതി ശിവകുമാര്‍ വിവാഹിതയായി; വരന്‍ നന്ദു സുദര്‍ശന്‍
തൃശൂര്‍: കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി രേവതി ശിവകുമാര്‍ വിവാഹിതയായി. നന്ദു സുദര്‍ശനാണ് രേവതിയുടെ വരന്‍. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഗുരുവായൂരില്‍വെച്ചായിരുന്നു വിവാഹം. കോട്ടയം പൊന്‍കുന്നം ചിറക്കടവ് സ്വദേശിയാണ് രേവതി.
ശ്രീനിവാസന്റെ തിരക്കഥയില്‍ എം. മോഹനന്‍ സംവിധാനംചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കഥ പറയുമ്പോള്‍. ഈ ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ബാര്‍ബര്‍ ബാലന്‍ എന്ന കഥാപാത്രത്തിന്റെ മൂന്നുമക്കളില്‍ ഒരാളായാണ് രേവതി എത്തിയത്. ഷഫ്‌ന നിസാം, അമല്‍ അശോക് എന്നിവരായിരുന്നു സഹോദരങ്ങളായി വേഷമിട്ടത്. മീനയാണ് ഇവര്‍ മൂന്നുപേരുടേയും അമ്മയായി എത്തിയത്.
കുസേലന്‍ എന്ന പേരില്‍ കഥ പറയുമ്പോള്‍ തമിഴിലേക്ക് റീ മേക്ക് ചെയ്തപ്പോഴും അതേ കഥാപാത്രമായി രേവതി എത്തിയിരുന്നു. പശുപതിയും രജനീകാന്തുമാണ് മലയാളത്തില്‍ യഥാക്രമം ശ്രീനിവാസന്‍, മമ്മൂട്ടി എന്നിവര്‍ അവതരിപ്പിച്ച വേഷങ്ങളിലെത്തിയത്.
മകന്റെ അച്ഛന്‍ എന്ന ചിത്രത്തിലും ശ്രീനിവാസന്റെ മകളുടെ വേഷത്തില്‍ രേവതി എത്തിയിരുന്നു. വടക്കന്‍ സെല്‍ഫി, വള്ളീം തെറ്റി പുള്ളീം തെറ്റി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലും രേവതി വേഷമിട്ടിട്ടുണ്ട്. സംവിധായകന്‍ റിഷി ശിവകുമാറിന്റെ സഹോദരിയാണ് രേവതി. 'വള്ളീം തെറ്റി പുള്ളി തെറ്റി'യായിരുന്നു റിഷിയുടെ ആദ്യ ചിത്രം.