ഒടിടിയിലെത്താൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം; 'ബൊഗെയ്ൻവില്ല' യുടെ കൗണ്ട്ഡൗണ്‍ ടീസര്‍ പുറത്ത്; സ്ട്രീമിംഗ് ആരംഭിക്കുക സോണി ലിവിലൂടെ
കൊച്ചി: കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തി ഈ വർഷം തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു 'ബൊഗെയ്ൻവില്ല'. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം സംവിധാനം ചെയ്തത് അമൽ നീരദായിരുന്നു. ജ്യോതിർമയുടെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു 'ബൊഗെയ്ൻവില്ല'. ചിത്രം ഒടിടിയിലെത്തുന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കൗണ്ട്ഡൗണ്‍ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.
ചിത്രം ഒടിടിയിലെത്താൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണുള്ളത്. ഡിസംബർ 13ന് ചിത്രം സോണി ലിവിലൂടെയാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പോലീസ് ഓഫീസറായ ഫഹദിന്റെ കഥാപാത്രവും ഞെട്ടിച്ചിരുന്നു. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.
ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. റഫീഖ് അഹമ്മദ് ആണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.