നയന്‍താരയ്ക്ക് പിന്തുണയുമായി പാര്‍വതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, നസ്രിയ അടക്കമുള്ള താരങ്ങള്‍; ധനുഷിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി നയന്‍താര
നടനും നിര്‍മാതാവും സംവിധായകനുമായ ധനുഷിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച നടി നയന്‍താരയ്ക്ക് പിന്തുണയുമായി താരങ്ങള്‍. നടിമാരായ നസ്രിയ, പാര്‍വതി തിരുവോത്ത്, അനുപമ പരമേശ്വരന്, ഐശ്വര്യ ലക്ഷ്മി, മീര നന്ദന്, അന്ന ബെന്‍, ഇഷ തല്‍വാര്‍ തുടങ്ങിയവര്‍ പോസ്റ്റിന് കമന്റും ലൈക്കും നല്‍കിയാണ് നയന്‍താരയ്ക്ക് പിന്തുണയുമായെത്തിയത്. നയന്‍താരയെ സപ്പോര്‍ട്ട് ചെയ്ത് എത്തിയ നടിമാര്‍ എല്ലാം തന്നെ ധനുഷിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചവരാണ്. നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷും പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. നയന്‍താരയ്ക്ക് പിന്നാലെ വിഘ്നേഷും ധനുഷിനെതിരെ രംഗത്ത് എത്തിയിരുന്നു.
ധനുഷ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്ന് നയന്‍താര പറഞ്ഞു. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാനിരിക്കുന്ന നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ ട്രെയ്ലറില് 'നാനും റൗഡി താന്‍' സിനിമയുടെ ബിടിഎസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാട്ടി ധനുഷ് നയന്‍താരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടി രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ധനുഷിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് നയന്‍താര തന്റെ സോഷ്യല്‍ മീഡിയ പേജില്‍ മൂന്ന് പേജ് ദൈര്‍ഘ്യമുള്ള കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
നയന്‍താരയെ നായികയാക്കി വിഘ്നേശ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ സിനിമയെ കുറിച്ചും ഇതിലെ ഗാനത്തിന്റെ രംഗവും ട്രെയ്ലറില് പരാമര്‍ശിക്കുന്നുണ്ട്. ഗാനങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍, ഡോക്യുമെന്ററിയുടെ ട്രെയ്ലര് പുറത്തു വന്നപ്പോള്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ബിടിഎസ് ദൃശ്യങ്ങള്‍ ട്രെയ്ലറില് ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു.
വെറും മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ക്ക് 10 കോടി നഷ്ടപരിഹാരമാണ് ധനുഷ് ആവശ്യപ്പെട്ടത്. ധനുഷിന്റെ പകപോക്കലാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തില്‍ നടനുള്ളത് എന്നാണ് നയന്‍താര വെളിപ്പെടുത്തുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചിത്രം വന്‍വിജയമായെങ്കിലും ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതില്‍ ധനുഷിന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല എന്നാണ് നയന്‍താര പറയുന്നത്.