നടന്‍ രജനികാന്തിനെ വെച്ച് മാത്രമല്ല, ഷാറൂഖ് ഖാന്‍ നായകനാകുന്ന ഹിന്ദി ചിത്രം ചെയ്യാനും തന്നെ സമീപിച്ചിരുന്നു; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

ഹിന്ദി ചിത്രം ചെയ്യാനും തന്നെ സമീപിച്ചിരുന്നു; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

Update: 2025-02-01 12:39 GMT

മുംബൈ: മോഹന്‍ലാല്‍ നായകനായ സിനിമ ലൂസിഫറിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നടന്‍ പൃഥ്വിരാജാണ്. ഇപ്പോഴിതാ വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കയാണ് പൃഥ്വിരാജ്. നടന്‍ രജനികാന്തിനെ വെച്ച് മാത്രമല്ല ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാനെ നായകനാക്കി ഒരു ഹിന്ദി ചിത്രം ചെയ്യാന്‍ തന്നെ സമീപിച്ചിരുന്നുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. ഗലാട്ട ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സമയക്കുറവ് കാരണമാണ് രജനി ചിത്രം നടക്കാതെ പോയതെന്നും പൃഥ്വിരാജ് പറഞ്ഞു. 'രജനി സാറിന് വേണ്ടി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ലൈക്ക പ്രൊഡക്ഷന്‍സ് എന്നെ സമീപിച്ചത്. എനിക്ക് അങ്ങനെയൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിശ്ചിതസമയത്തിനുള്ളില്‍ ചെയ്യണമായിരുന്നു, മാത്രമല്ല ഞാനൊരു മുഴുവന്‍ സമയ സംവിധായകനുമല്ല. അതുകൊണ്ട് സംഭവിച്ചില്ല. പിന്നീട് ലണ്ടനില്‍ വച്ച് സുഭാസ്‌കരന്‍ സാറിനെ കണ്ടു. ആ സമയത്ത് രജിനി സാറിനെ വച്ച് ചെയ്യാന്‍ ആഗ്രഹമുള്ള സിനിമയുടെ ഒരു ഐഡിയ പറഞ്ഞു. മുമ്പ് ഹിന്ദി സിനിമ ചെയ്യാനായി മറ്റൊരാള്‍ എന്നെ സമീപിച്ചപ്പോള്‍ ഷാറൂഖ് ഖാനെ നായകനാക്കി ചെയ്യാമെന്ന് വിചാരിച്ച ഐഡിയയുടെ ഒരു അഡാപ്‌റ്റേഷനായിരുന്നു അത്. ചിലപ്പോള്‍ നടക്കുമായിരിക്കും'.

രാജമൗലിക്കൊപ്പം മഹേഷ് ബാബു ഒന്നിക്കുന്ന ചിത്രത്തില്‍ വില്ലനായി എത്തിയേക്കുമെന്ന വാര്‍ത്തകളെക്കുറിച്ചും പൃഥ്വിരാജ് പ്രതികരിച്ചു. 'ഞാന്‍ രാജമൗലി സാറിന്റെ വലിയ ആരാധകനാണ്. ഒരു സംവിധായകനെന്ന നിലയില്‍ എപ്പോഴും അദ്ദേഹത്തെ നോക്കി കാണാറുണ്ട്. എല്ലാ ശരിയായി വന്നാല്‍ അത് നടക്കട്ടെ' പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം എമ്പുരാന്‍ മാര്‍ച്ച് 27 ന് തിയറ്ററുകളിലെത്തും. 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാഭാഗമാണ് ചിത്രം. മോഹന്‍ലാലിനൊപ്പം ലൂസിഫറിലെ താരങ്ങളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജുവും രണ്ടാംഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Tags:    

Similar News