'14 വര്‍ഷങ്ങള്‍! വിവാഹവാര്‍ഷികാശംസകള്‍, പങ്കാളീ!''; സുപ്രിയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് പൃഥ്വിരാജ്
ചലച്ചിത്രവും കുടുംബവും ഒരുപോലെ നിറച്ചൊരു ജീവിതം അതാണ് പൃഥ്വിരാജ് സുകുമാരന്റേയും സുപ്രിയ മേനോന്റേയും യാത്ര. ലാലിസം തുടരുന്നതിനിടയില്‍, വലിയ വിജയമെന്നോളം മാറിയ എല്‍2: എമ്പുരാന് ന്റെ ആഘോഷങ്ങളിലും രാജമൗലിയുടെ ചിത്രത്തിനുള്ള പ്രതീക്ഷകളിലും മുങ്ങിയ നിമിഷങ്ങളിലാണ് ദമ്പതികള്‍ 14-ാം വിവാഹ വാര്‍ഷികത്തില്‍ എത്തിയത്.
2011 ഏപ്രില്‍ 25-ന് പ്രണയത്തിന്റെ ഉറപ്പോടെ കൈകോര്‍ത്ത രണ്ടു മനസ്സുകളാണ് ഇന്ന് കലയുടെ വേറിട്ട വഴികളിലൂടെയെങ്കിലും ജീവിതത്തിന്റെ പാതയില്‍ കൈവിടാതെ മുന്നേറുന്നത്. മുന്‍ മാധ്യമപ്രവര്‍ത്തകയും ഇപ്പോള്‍ ചലച്ചിത്ര നിര്‍മ്മാതാവുമായ സുപ്രിയയും പൃഥ്വിരാജും ഇന്നലെ അവരുടെ 14-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചു.
ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് പൃഥ്വിരാജ് തന്റെ ഭാര്യക്ക് ആശംസ നേര്‍ന്നത് '14 വര്‍ഷങ്ങള്‍! വിവാഹവാര്‍ഷികാശംസകള്‍, പങ്കാളീ!'' എന്നായിരുന്നു സന്ദേശം, ചുവന്ന ഹൃദയ ഇമോജികള്‍ക്കൊപ്പം.
പതിവ് പോലെ പ്രണയഭാവം നിറഞ്ഞ ഒരുചിത്രവും പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്. ആല്‍പ് പര്‍വ്വതനിരകളില്‍ സ്ഥിതി ചെയ്യുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിലെ സെര്‍മാറ്റ് ഗ്രാമത്തിലെ മാറ്റര്‍ഹോണ്‍ പര്‍വതത്തിനു മുന്നിലാണ് ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ച. ചിത്രം കണ്ട അനുയായികളും സുഹൃത്തുക്കളും ആശംസകളുമായി കമന്റുകളുമായി പോസ്റ്റ് നിറച്ചു.