'ഞാനും ഖുഷിയും ചേര്‍ന്ന് ജീവിതത്തിലെ ആദ്യത്തെ യെസ് പറഞ്ഞ ദിവസം'; സിബിന്‍ നടത്തിയ പ്രൊപ്പോസല്‍ വീഡിയോ പങ്കുവെച്ച് ആര്യ
നടിയും അവതാരകയുമായ ആര്യയും ഡിജെ സിബിന്‍ ബെഞ്ചമിനും വിവാഹിതരായ വിവരം പുറത്തുവന്നതിന് പിന്നാലെ, സിബിന്‍ നടത്തിയ പ്രൊപ്പോസല്‍ വീഡിയോ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കഴിഞ്ഞ ഓഗസ്റ്റ് 20നാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങില്‍ ഇരുവരുടെയും വിവാഹം നടന്നത്.
കഴിഞ്ഞ വര്‍ഷം ആര്യയുടെ പിറന്നാള്‍ ദിനത്തിലാണ് സിബിന്റെ ഹോളിവുഡ് സ്‌റ്റൈല്‍ പ്രൊപ്പോസല്‍. പിറന്നാള്‍ ആഘോഷത്തിനിടെ മോതിരം നീട്ടി സിബിന്‍ പ്രണയം വെളിപ്പെടുത്തുന്ന വീഡിയോയില്‍ പിന്നില്‍ നിന്ന മകള്‍ ഖുഷിയാണ് ആദ്യം ''യെസ്'' എന്നു വിളിച്ചുപറഞ്ഞത്. അല്‍പം റൊമാന്‍സും ഫാന്റസിയും കലര്‍ന്ന സര്‍പ്രൈസ് ആയിരുന്നു എന്ന് ആര്യ കുറിപ്പില്‍ വ്യക്തമാക്കി.
''2024 സെപ്റ്റംബര്‍ 17-ന് എന്റെ ഫ്ളാറ്റില്‍ കയറിയപ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അത് ഒരു സാധാരണ സര്‍പ്രൈസ് ബര്‍ത്ത്ഡേ പാര്‍ട്ടി മാത്രമാണെന്ന് കരുതിയിരുന്നു. പക്ഷേ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം കൂടി അന്ന് സംഭവിച്ചു. ഞാനും ഖുഷിയും ചേര്‍ന്ന് ജീവിതത്തിലെ ആദ്യത്തെ യെസ് പറഞ്ഞു,'' വീഡിയോ പങ്കുവച്ച കുറിപ്പില്‍ ആര്യ എഴുതി. ആര്യയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആരാധകര്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തി.