സ്വന്തം വീട് സൗജന്യ സ്‌കൂളാക്കി മാറ്റി രാഘവ ലോറൻസ്; കുട്ടികൾക്ക് പഠനത്തിനായി അവസരം ഒരുക്കിയിരിക്കുന്നത് പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാൻസ് തുക ഉപയോഗിച്ച്
ചെന്നൈ: പുതിയ ചിത്രമായ 'കാഞ്ചന 4'ന് ലഭിച്ച അഡ്വാൻസ് തുക ഉപയോഗിച്ചു സ്വന്തം വീട് സൗജന്യ സ്‌കൂളാക്കി മാറ്റി നടനും നിർമാതാവുമായ രാഘവ ലോറൻസ്. സമൂഹമാദ്യമങ്ങളിലൂടെയാണ് താരം ഈക്കാര്യം അറിയിച്ചത്. ലോറൻസിന്റെ ആദ്യ വീടാണിത്. നിലവിൽ വാടക വീട്ടിലാണ് രാഘവ ലോറൻസും കുടുംബവും താമസിക്കുന്നത്. നേരത്തെ ഈ വീട്ടിൽ അദ്ദേഹം ഒരു അനാഥാലയം നടത്തിയിരുന്നു.
അവിടെ വളർന്നുവന്ന കുട്ടികൾ പഠനം പൂർത്തിയാക്കി, ഇപ്പോൾ ഈ പുതിയ വിദ്യാലയത്തിൽ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 'കാഞ്ചന 4' ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു, കാര്യങ്ങൾ നന്നായി പോകുന്നു. ഓരോ സിനിമയുടെയും അഡ്വാൻസായി ലഭിക്കുന്ന പണം ഞാൻ എപ്പോഴും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു സാമൂഹ്യ സംരംഭത്തിന് വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്. ഇത്തവണ, എൻ്റെ ആദ്യത്തെ വീട് കുട്ടികൾക്ക് വേണ്ടിയുള്ള സൗജന്യ വിദ്യാലയമാക്കി മാറ്റാൻ സാധിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്,' രാഘവ ലോറൻസ് കുറിച്ചു.
അടുത്തിടെ, ചെന്നൈയിലെ ലോക്കൽ ട്രെയിനിൽ സ്വീറ്റ് ബോളി വിൽക്കുന്ന 80 വയസ്സുള്ള ഒരു വയോധികന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച രാഘവ ലോറൻസ്, അദ്ദേഹത്തിന്റെ അധ്വാനത്തിനു പ്രതിഫലമായി ഒരു ലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.