'കേരളത്തെ കാണിച്ചിരിക്കുന്നത് മൊബൈൽ ഡേറ്റയോ ഇന്റർനെറ്റോ ഇല്ലാത്ത ഒരു സ്ഥലമായി'; കാലത്തിനനുസരിച്ച് സിനിമകളും മാറണം; 'പരം സുന്ദരി'യ്‌ക്കെതിരെ വിമർശനവുമായി രഞ്ജിത്ത് ശങ്കർ
കൊച്ചി: ബോളിവുഡ് ചിത്രം 'പരം സുന്ദരി' കേരളത്തെയും മലയാളികളെയും വളരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. തുഷാർ ജലോട്ട സംവിധാനം ചെയ്ത ചിത്രത്തിൽ ജാൻവി കപൂർ നായികയായെത്തുന്നു. കേരളത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ അവതരണമാണ് സിനിമയുടെ പ്രധാന പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'മൊബൈൽ ഡേറ്റയോ, ഇന്റർനെറ്റോ, പരിണാമമോ ഇല്ലാത്ത ഒരു സ്ഥലമായാണ് സിനിമയിൽ കേരളത്തെ കാണിക്കുന്നത്. എന്നാൽ യാഥാർത്ഥ കേരളം ഇതിനേക്കാൾ വളരെ മുന്നോട്ട് പോയിരിക്കുന്നു. കാലത്തിനനുസരിച്ച് സിനിമകളും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,' രഞ്ജിത്ത് ശങ്കർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള ഈ ചിത്രത്തിൽ ജാൻവി കപൂർ ഒരു മലയാളി പെൺകുട്ടിയുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറുകളും ഗാനങ്ങളും പുറത്തിറങ്ങിയപ്പോൾ മുതലേ ജാൻവിയുടെ മലയാളം ഡയലോഗുകളും ബോളിവുഡിന്റെ മലയാളി സങ്കൽപ്പവും വ്യാപകമായ ട്രോളുകൾക്ക് ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകന്റെ രൂക്ഷ വിമർശനം.
നേരത്തെ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ രൺജി പണിക്കർ ഈ വിമർശനങ്ങളെ പ്രതിരോധിച്ചിരുന്നു. സിനിമ മലയാളികളെ അപമാനിക്കാനോ മോശമായി ചിത്രീകരിക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 'ഇതൊരു വിനോദ ചിത്രമാണ്. മറ്റു ഭാഷകൾ പറയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെപ്പോലെയാണ് മലയാളം പറഞ്ഞപ്പോഴും ഉണ്ടായിട്ടുള്ളത്. ഇതിന്റെ ലക്ഷ്യം മലയാളികളല്ല, അതിനാൽ ഇതിന് വംശീയപരമായ യാതൊരു ഉദ്ദേശ്യവുമില്ല,' രൺജി പണിക്കർ വ്യക്തമാക്കിയിരുന്നു.