കൂര്‍ഗില്‍ നിന്നുള്ള ആദ്യ അഭിനേതാവ് താനെന്ന് രശ്മിക; പ്രേമയും ഗുല്‍ഷന്‍ ദേവയ്യയും പിന്നെ ആരെന്ന് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം

കൂര്‍ഗില്‍ നിന്നുള്ള ആദ്യ അഭിനേതാവ് താനെന്ന് രശ്മിക

Update: 2025-07-09 12:40 GMT

ബെംഗളൂരു: കര്‍ണാടകയിലെ കൊടവ സമുദായത്തില്‍ നിന്നും വെള്ളിത്തിരയിലെത്തിയ ആദ്യത്തെ നടി താനാണെന്ന രശ്മിക മന്ദാനയുടെ അവകാശ വാദത്തിന് പിന്നാലെ വിമര്‍ശനം. അങ്ങനെയാണെങ്കില്‍ നെരവന്ദ പ്രേമയും ഗുല്‍ഷന്‍ ദേവയ്യയും ആരാണെന്ന് സോഷ്യല്‍മീഡിയ ചോദിച്ചു.

കഴിഞ്ഞ ആഴ്ച മോജോ സ്റ്റോറിയില്‍ ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മികയുടെ ഇങ്ങനെ പറഞ്ഞത്. 'എനിക്ക് ആദ്യത്തെ ശമ്പളം കിട്ടിയപ്പോള്‍ വീട്ടിലെ സാഹചര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. കാരണം, കൂര്‍ഗ് സമൂഹത്തില്‍ ആരും ഇതുവരെ സിനിമാ മേഖലയിലേക്ക് പ്രവേശിച്ചിട്ടില്ല. ഞങ്ങളുടെ സമൂഹത്തില്‍ നിന്ന് ആദ്യമായി ഈ മേഖലയിലേക്ക് പ്രവേശിച്ചത് ഞാനാണെന്ന് ഞാന്‍ കരുതുന്നു.

ആളുകള്‍ അങ്ങേയറ്റം വിവേചനബുദ്ധിയുള്ളവരായിരുന്നു.' എന്നാണ് രശ്മിക പറഞ്ഞത്. 1990 കളിലും 2000 കളുടെ തുടക്കത്തിലും തിളങ്ങിയിരുന്ന പ്രശസ്ത കന്നഡ നടി നെരവന്ദ പ്രേമ, രശ്മികയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി എത്തി. 'എനിക്ക് എന്താണ് പറയാനുള്ളത്? കൊടവ സമൂഹത്തിന് സത്യം അറിയാം. ഇതിനെക്കുറിച്ച് നിങ്ങള്‍ അവരോട് (രശ്മികയോട്) ചോദിക്കണം. ഇതിനെക്കുറിച്ച് എനിക്ക് എന്ത് പറയാന്‍ കഴിയും?'.

എന്നിരുന്നാലും താന്‍ സിനിമയിലേക്ക് പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ മറ്റുള്ളവര്‍ തനിക്ക് വഴിയൊരുക്കിയിരുന്നുവെന്നും രശ്മിക ചൂണ്ടിക്കാട്ടി. 'എനിക്ക് മുമ്പ്, കൂര്‍ഗില്‍ നിന്നുള്ള ശശികല എന്നൊരു നടി സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പിന്നീട് ഞാന്‍ സിനിമാ മേഖലയിലേക്ക് പ്രവേശിച്ചു, പിന്നീട് നിരവധി കൊടവക്കാര്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്,

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രേമ പറഞ്ഞു. കര്‍ണാടക സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഫിലിംഫെയര്‍ മികച്ച നടിക്കുള്ള അവാര്‍ഡുകളും നേടിയ നടിയാണ് പ്രേമ. രശ്മികയുടെ പ്രസ്താവനക്ക് പിന്നാലെ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ നടിക്കെതിരെ രംഗത്തെത്തിയത്. ഉദാഹരണമായി അഭിനേതാക്കളുടെ നീണ്ട ലിസ്റ്റ് തന്നെ അവര്‍ പങ്കുവച്ചു.

Tags:    

Similar News