'സുധി' എന്ന പേര് ഞാൻ സിമ്പതിക്ക് വേണ്ടി ഇട്ടതല്ല; എന്റെ ഭർത്താവായതുകൊണ്ടാണ് ഇപ്പോഴും ആ പേര് ഉപയോഗിക്കുന്നത്; അത് കാണുന്നവരുടെ കണ്ണിലെ കുഴപ്പം; തുറന്നടിച്ച് രേണു സുധി
പ്രശസ്ത ഹാസ്യകലാകാരൻ അന്തരിച്ച സുധിയുടെ ഭാര്യ രേണു സുധി, ഭർത്താവിൻ്റെ പേര് തൻ്റെ പേരിനൊപ്പം ഉപയോഗിക്കുന്നതിനെയും അടുത്തിടെ പുറത്തിറങ്ങിയ മ്യൂസിക് ആൽബത്തിലെ രംഗങ്ങളെയും ചൊല്ലിയുണ്ടായ വിമർശങ്ങൾക്ക് മറുപടി നൽകി. സിമ്പതിക്ക് വേണ്ടിയല്ല ഭർത്താവിൻ്റെ പേര് ഉപയോഗിക്കുന്നതെന്നും താനൊരു കലാകാരിയാണെന്നും രേണു വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ രേണു സുധി 'സുധി' എന്ന പേര് ഒരു ബ്രാൻഡായി ഉപയോഗപ്പെടുത്തുന്നു എന്ന വിമർശനം വ്യാപകമായിരുന്നു. ഇതിനോട് പ്രതികരിച്ച രേണു, സുധി തൻ്റെ ഭർത്താവായതുകൊണ്ടാണ് ആ പേര് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് പറഞ്ഞു. "സുധി എന്ന പേര് സിമ്പതിക്ക് വേണ്ടി ഇട്ടതല്ല. സുധി എന്ന പേര് ഞാൻ ഇന്നും ഉപയോഗിക്കുന്നത് എൻ്റെ ഭർത്താവ് ആയതുകൊണ്ടാണ്. എൻ്റെ കൂടെ സുധി എന്നുള്ള പേരുണ്ട് കാരണം, സുധിയുടെ ഭാര്യയാണ് ഞാൻ. അതുകൊണ്ട് ആ പേര് പറയാനല്ലേ പറ്റൂ," രേണു പറഞ്ഞു.
വിമർശിക്കുന്നവരുടെ അച്ഛൻ്റെയോ ഭർത്താവിൻ്റെയോ പേരല്ല താൻ ഉപയോഗിക്കുന്നതെന്നും, ഇത് കാണുന്നവരുടെ കണ്ണിലെ കുരുവാണെന്നും, "കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം" എന്നും അവർ കൂട്ടിച്ചേർത്തു.
അടുത്തിടെ പുറത്തിറങ്ങിയ തൻ്റെ മ്യൂസിക് ആൽബത്തിലെ 'ഇൻ്റിമേറ്റ്' രംഗങ്ങളെച്ചൊല്ലിയും രേണുവിന് നേരെ അധിക്ഷേപം ഉയർന്നിരുന്നു. ഇതിനും രേണു മറുപടി നൽകി. താനൊരു കലാകാരിയാണെന്നും, അത്തരം രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നാൽ ഇനിയും ചെയ്യുമെന്നും അവർ വ്യക്തമാക്കി. വയറിൽ പിടിക്കുന്നതെല്ലാം അഭിനയത്തിൻ്റെ ഭാഗമാണെന്നും, അതെല്ലാം ക്യാമറയുടെ മുൻപിലാണ് ചെയ്യുന്നതെന്നും രേണു പറഞ്ഞു. മക്കളെ നോക്കാൻ വേണ്ടിയാണ് റീലുകൾ ചെയ്യുന്നതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.