'മക്കൾക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ പണം ആരോടെങ്കിലും ചോദിക്കണമായിരുന്നു'; ലക്ഷങ്ങളോ കോടികളോ കൈവശമില്ല; 500 രൂപയ്ക്കുവേണ്ടി യാചിക്കേണ്ട അവസ്ഥ മാറി; തുറന്ന് പറഞ്ഞ് രേണു സുധി
തിരുവനന്തപുരം: സുധിയുടെ മരണ ശേഷം സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിച്ച കാലഘട്ടമുണ്ടായിരുന്നതായും, എന്നാൽ ഇപ്പോൾ ആരെയും ആശ്രയിക്കാതെ സന്തോഷകരമായ ജീവിതം നയിക്കുന്നതായും രേണു സുധി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു ഈക്കാര്യം വ്യക്തമാക്കിയത്. ആറുമാസം മുൻപ് വരെ മക്കൾക്ക് എന്തെങ്കിലും വാങ്ങി നൽകാൻ 500 രൂപ കണ്ടെത്താൻ പോലും ബുദ്ധിമുട്ടിയിരുന്നതായും, പലരോടായി പണം ചോദിക്കേണ്ട അവസ്ഥയുണ്ടായിരുന്നതായും അവർ പറഞ്ഞു.
'ചിലർ അഞ്ഞൂറ് ചോദിച്ചപ്പോൾ ആയിരം രൂപ തന്നു, മറ്റുചിലർ ഒന്നും തരാനില്ലെന്ന് പറയുകയും ചെയ്തു,' രേണു സുധി ഓർത്തെടുത്തു. ഇന്ന് ലക്ഷങ്ങളോ കോടികളോ കൈവശമില്ലെങ്കിലും, 500 രൂപയ്ക്കുവേണ്ടി യാചിക്കേണ്ട അവസ്ഥ മാറിയെന്നും, കുടുംബത്തിന്റെ കാര്യങ്ങൾ നടത്താനുള്ള വരുമാനം തനിക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുൻപ് അക്കൗണ്ടിൽ പൂജ്യം ബാലൻസായിരുന്നെങ്കിൽ, ഇപ്പോൾ ധാരാളം വർക്കുകൾ ലഭിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
റിയാലിറ്റി ഷോകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലെ റീലുകളിലൂടെയുമാണ് രേണു സുധി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. എന്നാൽ, ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ സൈബർ ആക്രമണങ്ങൾക്കും അവർ ഇരയായിട്ടുണ്ട്. 'ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്' എന്ന റീൽ പുറത്തിറങ്ങിയപ്പോഴാണ് ആദ്യമായി വിമർശനങ്ങൾ നേരിടേണ്ടി വന്നത്. വിദേശയാത്രകളുടെ പേരിലും രൂക്ഷമായ ആക്രമണങ്ങൾ നേരിട്ടു.
ഇന്ന് ഷോർട്ട് ഫിലിമുകൾ, ഉദ്ഘാടനങ്ങൾ, പ്രൊമോഷൻ പരിപാടികൾ എന്നിവയിലൂടെ രേണു സുധി തിരക്കിട്ട ജീവിതം നയിക്കുന്നു. വിദേശത്തുനിന്നും വരെ ഉദ്ഘാടന ക്ഷണങ്ങൾ തേടിയെത്തുന്നുണ്ട്. അടുത്തിടെ 15 ദിവസത്തോളം ദുബായിൽ വിവിധ പരിപാടികളുമായി അവർ തിരക്കിലായിരുന്നു. ഹോട്ടൽ ഉദ്ഘാടനത്തിനായി ബഹ്‌റൈനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് കൊല്ലം സുധിയുടെ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിക്കുന്ന രേണു സുധിയുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.