ഭൂതക്കോലത്തിന്റേത് വെറും നിലവിളിയല്ല, അതൊരു പ്രസ്താവനയാണ്; യാതൊരു സൗണ്ട് എഫക്ടും നല്‍കിയിട്ടില്ല; ഋഷഭ് ഷെട്ടി

ഭൂതക്കോലത്തിന്റേത് വെറും നിലവിളിയല്ല, അതൊരു പ്രസ്താവനയാണ്

Update: 2025-10-09 12:33 GMT

ബംഗലുരു: പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് കാന്താര ചാപ്റ്റര്‍ 1. 2022 ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായെത്തിയ കാന്താര 2 ഏഴാം ദിനവും വിജയക്കുതിപ്പ് തുടരുകയാണ്. 450 കോടിയാണ് ലോകമെമ്പാടുമായി ഇതുവരെ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഭൂതക്കോലത്തിലൂടെയാണ് കാന്താരയില്‍ ഋഷഭ് ഷെട്ടി പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്.

പല തരത്തിലുള്ള മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് താന്‍ ആ കഥാപാത്രം ചെയ്തതെന്ന് ഋഷഭ് തന്നെ പലപ്പോഴായി പറഞ്ഞിരുന്നു. ഇപ്പോഴിതാ കാന്താരയില്‍ ഭൂതകോലത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ഓഡിയോ എഫ്ക്ട് ചേര്‍ത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഋഷഭ്.

'യാതൊരു സൗണ്ട് എഫക്ടും നല്‍കിയിട്ടില്ല, അത് യഥാര്‍ഥ ശബ്ദമാണ്. ഭൂതക്കോലത്തെപ്പറ്റി നിരവധി വിഡിയോ ഞാന്‍ യൂട്യൂബിലും അല്ലാതെ നേരിട്ടും കണ്ടിട്ടുണ്ട്. അതില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് അത് വെറും നിലവിളി ശബ്ദമല്ല, മറിച്ച് അതൊരു പ്രസ്താവനയാണ്. ഒരുപാട് ഇമോഷന്‍സ് കൂടിച്ചേരുന്ന ഒന്ന്. അതാണ് ഞാന്‍ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.

ദൈവത്തോടുള്ള സംസാരം എന്ന നിലയിലാണ് അവസാന ഭാഗം ചിത്രീകരിച്ചത്. നിയമം, നീതി, ന്യായം എന്നിവയെല്ലാം വരുന്നതിന് മുന്‍പ് ദൈവമായിരുന്നു എല്ലാം. ദൈവത്തിനെ ഭയന്നും ആരാധിച്ചുമാണ് എല്ലാവരും കഴിഞ്ഞിരുന്നത്. ദൈവത്തെ എതിര്‍ക്കുന്നത് തെറ്റാണ് എന്നൊക്കെ മനുഷ്യര്‍ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ഒരു ചിന്ത വച്ചാണ് അവസാന രംഗങ്ങള്‍ ചിത്രീകരിച്ചത്.

മറ്റു ഡയലോഗുകള്‍ ഒന്നുമില്ലാതെ പ്രേക്ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നു'.- ഋഷഭ് ഷെട്ടി പറഞ്ഞു. 125 കോടിയാണ് കാന്താരയുടെ ബജറ്റ്. ജയറാം, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. അജനീഷ് ലോകനാഥ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.

Tags:    

Similar News