'പുരുഷനായിരിക്കുന്നത് എനിക്കിഷ്ടമാണ്, ചിലർ ചെയ്യുന്ന കാര്യങ്ങളിൽ ലജ്ജ തോന്നാറുണ്ട്'; മേക്കപ്പും വസ്ത്രധാരണവും തന്റെ വ്യക്തി സ്വാതന്ത്രമാണെന്നും റിയാസ് സലീം

Update: 2025-10-03 10:48 GMT

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് റിയാസ് സലീം. എൽജിബിടിക്യു പ്ലസ് കമ്യൂണിറ്റിയുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തുന്ന റിയാസ്, പുരുഷനായിരിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും എന്നാൽ സാമൂഹിക സ്റ്റീരിയോടൈപ്പുകൾക്കനുസരിച്ച് ജീവിക്കാൻ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

"ഞാൻ എന്നെ ഒരു പുരുഷനായിട്ടാണ് തിരിച്ചറിയുന്നത്. നമ്മുടെ സമൂഹത്തിലെ ചില പുരുഷന്മാർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ലജ്ജ തോന്നാറുണ്ട്. പക്ഷെ പുരുഷനായിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ സ്റ്റീരിയോടൈപ്പുകൾ അനുസരിച്ച് ജീവിക്കാൻ ഞാൻ തയ്യാറല്ല. അത് എൻ്റെ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ്," ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റിയാസ് പറഞ്ഞു.

മേക്കപ്പ് ചെയ്യുന്നതിൻ്റെയും തുറന്നുപറയുന്ന നിലപാടുകളുടെയും പേരിൽ വിമർശനങ്ങൾ നേരിടുന്നതിനെക്കുറിച്ചും റിയാസ് സംസാരിച്ചു. "മേക്കപ്പും വസ്ത്രധാരണവും എനിക്കിഷ്ടമാണ്. പല നടന്മാരും മേക്കപ്പ് ഉപയോഗിക്കുന്നുണ്ട്, പക്ഷെ ഞാൻ ഉപയോഗിക്കുന്നത് പലർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല. അത് എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. നിങ്ങളുടെ അഭിപ്രായങ്ങളെ ഞാൻ മാനിക്കുന്നു, പക്ഷെ അത് എന്നെ ബാധിക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രാൻസ് വുമൺ സമൂഹത്തോടുള്ള സമീപനത്തിലെ ഇരട്ടത്താപ്പിനെയും റിയാസ് വിമർശിച്ചു. "റോഡരികിൽ നിൽക്കുന്ന ട്രാൻസ് വുമണെ മോശമായി കാണുന്നവർ, ആദിലയെയും നൂറയെയും സുന്ദരികളായി കാണുന്നു. ആദിലക്കും നൂറക്കും ഇപ്പോൾ ലഭിക്കുന്ന അംഗീകാരം സന്തോഷം നൽകുന്നുണ്ട്. എന്നാൽ അത് ആ ട്രാൻസ് കമ്യൂണിറ്റിക്കുള്ള അംഗീകാരമല്ല, ആ രണ്ടു വ്യക്തികൾക്ക് മാത്രം ലഭിക്കുന്നതാണ്. അവരെ അംഗീകരിക്കാൻ കഴിയുമെങ്കിൽ, മറ്റ് യാതൊരു വഴിയുമില്ലാതെ തെരുവുകളിൽ നിൽക്കേണ്ടി വരുന്ന ട്രാൻസ് വുമണുകളെയും നമ്മൾ അംഗീകരിക്കാൻ തയ്യാറാകണം," റിയാസ് വ്യക്തമാക്കി.

Tags:    

Similar News