ആ ഡയലോഗ് കേൾക്കുമ്പോൾ ആരായാലും ഒരെണ്ണം കൊടുത്തുപോകും; അത്..മാത്രമേ ഞാനും ചെയ്തിട്ടുള്ളു; സ്വിച്ചിട്ടതുപോലെയല്ലേ ആള് മാറിയത്; തുറന്നടിച്ച് ബിൻസി
ബിഗ് ബോസ് മലയാളം സീസൺ 7-ൽ നിന്ന് പുറത്തായ റിയാലിറ്റി ഷോ താരം ആർജെ ബിൻസി, സഹമത്സരാർത്ഥിയായിരുന്ന മസ്താനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ഷോയിലെ തർക്കങ്ങളെക്കുറിച്ചും മസ്താനിയുടെ പെരുമാറ്റത്തെക്കുറിച്ചും ബിൻസി വിശദീകരിച്ചു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ബിൻസി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഷോയിൽ നിന്ന് പുറത്തായതിന് ശേഷം റീ-എൻട്രിയിലൂടെ തിരിച്ചെത്തിയപ്പോഴാണ് മസ്താനിയുമായുള്ള പ്രശ്നങ്ങളുടെ തുടക്കമെന്ന് ബിൻസി പറഞ്ഞു. ഹൗസിലേക്ക് കരഞ്ഞുകൊണ്ടാണ് മസ്താനി എത്തിയതെന്നും, എന്നാൽ പിന്നീട് തന്നോട് സംസാരിക്കാൻ വന്നപ്പോൾ പെട്ടെന്ന് പ്രകോപിക്കുന്ന രീതിയിൽ പെരുമാറിയെന്നും ബിൻസി ആരോപിച്ചു. "സ്വിച്ച് ഇട്ടതുപോലെയാണ് അവരുടെ സ്വഭാവം മാറിയത്. എന്നെ ട്രിഗർ ചെയ്യുകയായിരുന്നു. അപ്പോഴാണ് ഞാൻ പൊട്ടിത്തെറിച്ചത്," ബിൻസി പറഞ്ഞു.
"അച്ഛന്റെ ഓട്ടോയിലല്ലേ പോയതെന്ന" മസ്താനിയുടെ പരാമർശമാണ് പ്രശ്നങ്ങളുടെ പ്രധാന കാരണമെന്ന് ബിൻസി വ്യക്തമാക്കി. തന്റെ അച്ഛൻ 29 വർഷമായി ഓട്ടോ ഓടിച്ച് കുടുംബത്തെ നല്ല നിലയിൽ നോക്കുന്ന വ്യക്തിയാണെന്നും, അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് സഹിക്കാനാകില്ലെന്നും ബിൻസി പറഞ്ഞു. മുമ്പ് റെനൂപിനോടും റെനയോടുമെല്ലാം സമാനമായ രീതിയിൽ കുടുംബത്തെക്കുറിച്ച് മോശം പറഞ്ഞിട്ടുണ്ടെന്നും ബിൻസി ആരോപിച്ചു.
മസ്താനിയുടെ പരാമർശങ്ങൾക്ക് മറുപടി നൽകിയപ്പോൾ അവരെ ഉത്തരംമുട്ടിയിരുന്നുവെന്നും, എന്നാൽ പുറത്തുവന്ന വീഡിയോയിൽ അനുകൂലമായ പശ്ചാത്തല സംഗീതത്തോടെ മസ്താനിയെ പിന്തുണയ്ക്കുന്ന രീതിയിലുള്ള എഡിറ്റിംഗ് നടത്തിയെന്നും ബിൻസി കൂട്ടിച്ചേർത്തു.