നടി സമാന്ത പ്രഭുവും സംവിധായകന്‍ രാജ് നിദിമോരുവും തമ്മില്‍ വിവാഹിതരായി? വിവാഹ ചടങ്ങുകള്‍ നടന്നത് കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെന്ന് തെലുങ്ക് മാധ്യമങ്ങള്‍; 30ഓളം പേര്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍; ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലെന്ന് ഗോസിപ്പുകള്‍

നടി സമാന്ത പ്രഭുവും സംവിധായകന്‍ രാജ് നിദിമോരുവും തമ്മില്‍ വിവാഹിതരായി?

Update: 2025-12-01 08:20 GMT

ചെന്നൈ: തെന്നിന്ത്യന്‍ താരറാണി നടി സമാന്ത രൂത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായതായി റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിന് ഉള്ളിലുള്ള ലിങ് ഭൈരവി ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 30ഓളം പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഞായറാഴ്ച രാത്രി മുതല്‍ സമാന്തയും രാജും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. രാജിന്റെ മുന്‍ പങ്കാളി ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് ഈ പ്രചാരണം ബലപ്പെട്ടത്. 'നിരാശരായ ആളുകള്‍ നിരാശാജനകമായ കാര്യങ്ങള്‍ ചെയ്യുന്നു,' എന്നായിരുന്നു ശ്യാമിലിയുടെ സ്റ്റോറി.

2024 മുതല്‍ രാജും സമാന്തയും പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം രാജിനൊപ്പമുള്ള ഒരു ചിത്രം സമാന്ത പങ്കുവച്ചിരുന്നു. ''ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വര്‍ഷമായി, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാന്‍ എടുത്തത്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു, ഉള്‍പ്രേരണയെ വിശ്വസിക്കുന്നു, മുന്നോട്ട് പോകുമ്പോള്‍ പഠിക്കുകയും ചെയ്യുന്നു. ഇന്ന്, ഞാന്‍ ചെറിയ വിജയങ്ങള്‍ ആഘോഷിക്കുകയാണ്.

ഞാന്‍ കണ്ടുമുട്ടിയതില്‍ വച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളും ആത്മാര്‍ഥതയുള്ളവരുമായ ചില ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഒരുപാട് നന്ദിയുള്ളവളാണ്. വലിയ വിശ്വാസത്തോടെ, ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം.'' സമാന്തയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.

രാജ് ആന്‍ഡ് ഡികെ കോമ്പോ കോംബോയില്‍ ഇറങ്ങിയ ആമസോണ്‍ പ്രൈമിന്റെ സീരീസ് ആയ 'ഫാമിലി മാന്‍' രണ്ടാം സീസണിലാണ് സമാന്തയും രാജും ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. രാജ് സിരീസിന്റെ ഷോ റണ്ണര്‍മാരില്‍ ഒരാളായിരുന്നു. സമാന്ത സീരസിലെ നെഗറ്റീവ് കഥാപാത്രവും. ഈ കഥാപാത്രം താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. 'ഫാമിലി മാന്‍' സീരിസിന് ശേഷമാണ് രാജും സമാന്തയും തമ്മില്‍ അടുക്കുന്നത്.

സമാന്ത നേരത്തെ നടന്‍ നാഗ ചൈതന്യയെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍, നാല് വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് നാഗ ചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം കഴിച്ചു.

Tags:    

Similar News