'ആരാധിക തന്റെ പേരിൽ 72 കോടിയുടെ സ്വത്ത് എഴുതിവെച്ചു..'; സ്വത്തുക്കൾ കുടുംബത്തിന് തിരികെ നൽകിയെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്

Update: 2025-07-28 10:10 GMT

മുംബൈ: ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്തിന്റെ പേരിൽ ആരാധിക 72 കോടിയുടെ സ്വത്ത് എഴുതിവെച്ച വാർത്ത അമ്പരപ്പോടെയാണ് സിനിമാലോകം കേട്ടത്. മുംബൈ സ്വദേശിയായ 62കാരി നിഷാപാട്ടീലാണ് തന്റെ സ്വത്ത് മുഴുവൻ താരത്തിന്റെ പേരിൽ എഴുതിവെച്ചിരുന്നത്. ഇത് വ്യാജ വാർത്തയാണെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വാര്‍ത്തകള്‍ സത്യമാണെന്ന് സ്ഥിരീകരിക്കുകയാണ് നടൻ.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പക്ഷെ അത് സ്വീകരിക്കാതെ കുടുംബത്തിന് താന്‍ തിരികെ നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2018-ലാണ് മുംബൈക്കാരിയായ നിഷ പാട്ടീൽ മരണശേഷം തന്റെ 72 കോടി വിലമതിയ്ക്കുന്ന സ്വത്തുകള്‍ സഞ്ജയ് ദത്തിന്റെ പേരിലേയ്ക്ക് വില്‍പ്പത്രം തയ്യാറാക്കിവെച്ചത്. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അവര്‍ സഞ്ജയ് ദത്തിനെ നേരിട്ട് കണ്ടിട്ടുണ്ടായില്ല.

തന്റെ ആരാധികയുടെ ഇത്തരം പ്രവൃത്തിയില്‍ ഞെട്ടലാണ് സഞ്ജയ് ദത്തിനുണ്ടായത്. നിഷയുടെ മരണശേഷം വില്‍പ്പത്രത്തെക്കുറിച്ച് പോലീസാണ് താരത്തെ അറിയിച്ചത്. നിഷ അവസാനകാലത്ത് മാരകമായ രോഗത്തോട് പോരാടിയാണ് ലോകത്തോട് വിട പറഞ്ഞത്. തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നു. എന്നാൽ സ്വത്തിന്റെ അവകാശം സ്വീകരിക്കില്ലെന്ന് സഞ്ജയ് ദത്ത് മുൻപ് തന്നെ വ്യക്തമാക്കിയിരിന്നു.

Tags:    

Similar News