'രാഷ്ട്രീയക്കളി വിജയ്ക്ക് അത്ര പരിചയമില്ല, പാരയായത് ബസിനു മുകളിലെ 'ഷോ', ഫാൻസ് ശരിക്കും കഴുതകളാണ്'; താരങ്ങൾ കോടികൾ ഉണ്ടാക്കുന്നു ആരാധകർക്ക് എന്തുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്
കരൂർ: തമിഴ്‌നാട്ടിലെ കരൂരിൽ നടൻ വിജയ് നയിച്ച രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അതിരൂക്ഷ പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. ആരാധനയുടെ പേരിൽ സ്വന്തം ജീവൻ കളയാൻ തയ്യാറാകുന്ന ആരാധകർ കഴുതകളാണെന്ന് അദ്ദേഹം തുറന്നടിച്ചു.
സിനിമ താരങ്ങൾ അവരുടെ തൊഴിൽ ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും, എന്നാൽ ആരാധകർ സ്വന്തം സമയവും പണവും ആരോഗ്യവും കളഞ്ഞ് അവരെ കാണാൻ പോകുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തി. താരങ്ങൾ ഇതുവഴി കോടികൾ സമ്പാദിക്കുകയും പുതിയ വീടുകളും വാഹനങ്ങളും ബിസിനസുകളും തുടങ്ങുമ്പോൾ, പല ആരാധകർക്കും സ്വന്തമായി സൈക്കിൾ പോലും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം. നടീ നടന്മാരോടുള്ള ആരാധനമൂത്ത് അവര്‍ക്കായി മരിക്കുവാന്‍ പോകുന്ന ഫാന്‍സ് ശരിക്കും കഴുതകളാണ്.. സിനിമാക്കാര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. നിങള്‍ നിങ്ങളുടെ ജോലിയും, സമയവും , മൊബൈല്‍ ഡാറ്റയും, പണവും, ആരോഗ്യവും കളഞ്ഞു അവരുടെ ജോലി പോയി കാണുന്നു. അവര്‍ക്ക് ഇതിലൂടെ കോടികള്‍ ഉണ്ടാക്കുന്നു. എല്ലാ മാസവും പുതിയ ഫ്ളാറ്റ്, കാർ, ബിസിനസ് സ്ഥാപനങ്ങള്‍ ഇതിലൂടെ ഉണ്ടാക്കുന്നു.
ഇതെല്ലാം കാണുന്ന വിഡ്ഢികളില്‍ പലര്‍ക്കും സ്വന്തമായ വീടില്ല, കാര്‍ പോയിട്ട് സൈക്കിള്‍ പോലും ഇല്ല. ഒരു അസുഖം വന്നാല്‍ പോലും കൈയ്യില്‍ പൈസ ഇല്ലാതെ വിഷമിക്കുന്നു. അതിനാല്‍ ഇനിയെങ്കിലും സിനിമ, ക്രിക്കറ്റ്, ഫുട്‌ബോള്‍ , രാഷ്ട്രീയത്തിലെ നേതാക്കന്മാരെ ആരാധിക്കേണ്ടതുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കുക. സിനിമ, ക്രിക്കറ്റ്, ഫുട്‌ബോള്‍ etc ഒരു രസത്തിന് ടെെം പാസ് ആയി മാത്രം കണ്ട് ഒഴിവാക്കുക. ഇവിടെ കലാകാരന്‍മാര്‍ ഇല്ല, കലയെ വിറ്റ് ജീവിക്കുന്ന കുറെ ബിസിനസ്‌കാര്‍ മാത്രമേ ഉള്ളു.
തമിള്‍നാട്ടിലെ കരൂരില്‍ സൂപ്പര്‍ താരം വിജയ് ജിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുയോഗത്തിന് ഇടയില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര് കൊല്ലപ്പെടുകയും , പരിക്കേല്‍ക്കുകയും ചെയ്തല്ലോ. ഉച്ചയ്ക്ക് അദ്ദേഹം വരും എന്നാണ് ആദ്യം പറഞ്ഞത്. അത് വിശ്വസിച്ചു നേരത്തെ അവിടെ എത്തിയ ആരാധകര് 7 മണിക്കൂര്‍ വൈകി എത്തിയ അദ്ദേഹത്തെ കണ്ട് നിര്‍വൃതി അടഞ്ഞു. അതും ഇത്രയും വിശപ്പ് , ദാഹം സഹിച്ചു കണ്ട്. ഈ സമയം ദാഹിച്ച് വലഞ്ഞ് നില്‍ക്കുന്ന മൂന്നു ലക്ഷം വരുന്ന ജനകൂട്ടത്തിന് നേരെ 3 കുപ്പിവെള്ളം എറിഞ്ഞ് കൊടുത്തതാണ് ഇത്രയും വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്ന് പറയുന്നു.
ഒരു സ്റ്റേഡിയത്തില്‍ കസേര നിരത്തി നടത്തേണ്ട പരിപാടി ബസിനു മുകളില്‍ കയറി 'ഷോ' കാണിച്ചതാണ് പാരയായത്. ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും പൊതുസമ്മേളനം നടത്തുന്നത് നല്ല സുരക്ഷ ഒരുക്കിയാണ്. മൂന്ന് ലക്ഷം ആളുകളെ മാനേജ് ചെയ്യുക എന്നത് എളുപ്പമല്ല. ഇതിനായി മെയിന്‍ റോഡിന് പകരം ബീച്ച് ഏരിയാ, അല്ലെങ്കില്‍ പ്രതേകം കെട്ടി ഉണ്ടാക്കിയ വലിയ ഗ്രൗണ്ട് എക്സ്ട്രാ തെരഞ്ഞെടുക്കണം.
സിനിമയല്ല ജീവിതം. സിനിമയല്ല രാഷ്ട്രീയം . രാഷ്ട്രീയ കളി വിജയ് ജിക്കു അത്ര പരിചയമില്ല. രാഷ്ട്രീയ പക്വത അത് വേറെയാണ്. പതുക്കെ ശരിയാകും എന്ന് കരുതാം. ജനക്കൂട്ടം വോട്ടാകില്ല. കമല്‍ ഹാസന്‍ ജി അദ്ദേഹത്തെ ഈ സംഭവത്തിന്റെ പേരില്‍ വിമര്‍ശിച്ചു.
ഇത്തരം പൊതു പരിപാടിയില്‍ ആള്‍ കൂട്ടത്തിലേക്ക് 18 വയസ്സില്‍ താഴെ ഉള്ളവരേയും 65 വയസിനു മേലെ ഉള്ളവരേയും അനുവദിക്കരുത്, 500 പേര്‍ ഇടവിട്ട് ഒരു വേലി ഉണ്ടായിരിക്കണം, ആവശ്യത്തിനു കുടിവെള്ളവും ഉണ്ടായിരിക്കണം. ഇത് ലോകത്തെ ആദ്യത്തെ സംഭവം അല്ല. പല ക്ഷേത്രങ്ങളിലും, കായിക മൈതാനങ്ങളിലും ഇതുപോലെ അപകടം ഉണ്ടായിട്ടുണ്ട് , എത്രയോ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എങ്കിലും വിജയ് ജി എവിടെ പരിപാടി അവതരിപ്പിച്ചാലും ആള്‍കൂട്ടത്തെ നിയന്ത്രിക്കുന്നത് കൂടി ചിന്തിക്കുക. അല്ലെങ്കില്‍ പണിപാളും..
വാല്‍ കഷ്ണം: ഈ പ്രശ്‌നത്തിന്റെ പേരില്‍ വിജയ്‌ക്കെതിരെ കേസ് കൊടുക്കേണ്ട ആവശ്യമില്ല. ഇതിന്റെ പേരില്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയും വേണ്ട. സിനിമ ഉപേക്ഷിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ വരുവാനുള്ള തീരുമാനം എടുത്തത്. ആ തീരുമാനം ഒരിക്കലും മാറ്റരുത്. ആത്മാര്‍ഥതയുള്ള രാഷ്ട്രീയക്കാരന്റെ തീരുമാനം ആണത്. ഭാവിയില്‍ കുറച്ചു കൂടി ശ്രദ്ധിച്ചു രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോവുക. വിജയം നിങ്ങള്‍ക്ക് ഉണ്ടാകും.