വിമാനാപകടത്തെക്കുറിച്ച് കേട്ടതും ഞാന്‍ വിളിച്ചത് അവനെയാണ്; പോയത് അവനൊപ്പമുള്ളവര്‍; അടുത്ത സുഹൃത്തിനെ കുറിച്ചുള്ള വേവലാതി പങ്കുവെച്ച് സീമ ജി. നായര്‍

വിമാനാപകടത്തെക്കുറിച്ച് കേട്ടതും ഞാന്‍ വിളിച്ചത് അവനെയാണ്

Update: 2025-06-14 11:32 GMT

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടം മലയാളികളെ അടക്കം നടുക്കിയ ദുരന്തമായിരുന്നു. ഉറ്റവരെ ഓര്‍ത്ത് നിരവധി പേരാണ് ആശങ്കപ്പെട്ടത്. ഇക്കൂട്ടത്തില്‍ നടി സീമ ജി. നായര്‍ പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധേയമായി. അപകടത്തെക്കുറിച്ച് കേട്ടതും താന്‍ ആദ്യം വിളിച്ചത് എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന തന്റെ അടുത്ത സുഹൃത്തായ വിഷ്ണുവിനെയായിരുന്നുവെന്ന് സീമ പറയുന്നു. വിഷ്ണു അപകടത്തില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ യാത്രകളില്‍ കൂടെ ഉണ്ടായിരുന്ന പൈലറ്റും ജീവനക്കാരുമാണ് മരണപ്പെട്ടതെന്നും സീമ വേദനയോടെ കുറിക്കുന്നു.

''നമസ്‌കാരം.. ഇന്നലെ ഉച്ച മുതല്‍ ആകെ വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു. വിമാന ദുരന്തത്തിന്റെ ആഘാതം വിട്ടൊഴിയുന്നില്ല. ഇന്നുവരെ കാണാത്ത, കേള്‍ക്കാത്ത നിരവധി ആളുകളുടെ ജീവിതം ഒരു സെക്കന്‍ഡില്‍ ഇല്ലാതാവുന്നു എന്നറിയുന്ന ആ നിമിഷം (അവര്‍ ആരുമല്ലെങ്കിലും നമ്മുടെ ആരൊക്കെയോ ആണെന്ന ചിന്ത ആയിരുന്നു മനസുനിറയെ).

ഇതെന്റെ കൂടപ്പിറപ്പിനെ പോലെ ഞാന്‍ സ്‌നേഹിക്കുന്ന വിഷ്ണു (പത്തനാപുരം സ്വദേശി)..അവന്‍ എയര്‍ ഇന്ത്യയില്‍ (ഇന്റര്‍നാഷ്‌നല്‍ ഫ്‌ലൈറ്റില്‍) സൂപ്പര്‍വൈസര്‍ ആണ്..ഇന്നലെ ഷൂട്ടിലായിരുന്നു ഞാന്‍ ,അപകടം അറിഞ്ഞയുടന്‍ നെഞ്ചില്‍ ഒരു ആളല്‍ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു, അങ്ങേ തലക്കല്‍ വിഷ്ണുവിന്റെ സ്വരം കേള്‍ക്കുന്നതുവരെ സമാധാനം ഉണ്ടായില്ല.

സ്വരം കേട്ടെങ്കിലും കരച്ചിലായിരുന്നു. അവന്റെ യാത്രകളില്‍ കൂടെ ഉണ്ടായിരുന്നവര്‍ ആണ് മരണപ്പെട്ട ജീവനക്കാരും, പൈലറ്റ്‌സും, അവന്റെ കല്യാണത്തിന് വന്നവരായിരുന്നു പലരും.. എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ലായിരുന്നു. ഇന്ന് രാവിലെ വീണ്ടും ലണ്ടനിലേക്കുള്ള ഫ്‌ലൈറ്റില്‍ അവനു ജോലിക്കു പോകണമായിരുന്നു, റീ ഷെഡ്യുള്‍ ചെയ്ത് ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പോകും.

ഈ മുറിവുണങ്ങാന്‍ എത്ര നാള്‍ എടുക്കും എന്നറിയില്ല, ഇപ്പോള്‍ വിളിക്കുമ്പോളും അവന്റെ സ്വരം വല്ലാണ്ടിടറി ഇരുന്നു. പ്രതീക്ഷകളും, സ്വപ്നങ്ങളും ബാക്കി വച്ച് ഒരു നിമിഷം കൊണ്ട് എല്ലാം പൊലിഞ്ഞു തീരുമ്പോള്‍,ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു.. ഇത്രയും ക്രൂരന്‍ ആവല്ലേ നീ.''സീമ ജി. നായരുടെ വാക്കുകള്‍.

Tags:    

Similar News