'ആ നടിയോട് അച്ഛന് കടുത്ത പ്രണയമായിരുന്നു, അവരോട് സംസാരിക്കാൻ വേണ്ടി മാത്രമാണ് ബംഗാളി പഠിച്ചത്'; 'ഹേ റാം' എന്ന ചിത്രത്തിൽ റാണി മുഖർജിയുടെ കഥാപാത്രത്തിന് നൽകിയത് ആ നടിയുടെ പേരായിരുന്നു; വെളിപ്പെടുത്തലുമായി ശ്രുതി ഹാസൻ

Update: 2025-08-27 10:38 GMT

ചെന്നൈ: നടിയും സംവിധായകയുമായ അപർണ്ണ സെന്നിനോടുള്ള ഇഷ്ടം കാരണമാണ് കമൽ ഹാസൻ ബംഗാളി ഭാഷ പഠിച്ചതെന്ന് മകൾ ശ്രുതി ഹാസന്റെ വെളിപ്പെടുത്തൽ. ഒരു അഭിമുഖത്തിലാണ് ശ്രുതിയുടെ തുറന്ന് പറച്ചിൽ. അപർണ്ണ സെന്നിനോട് കമലിന് കടുത്ത പ്രണയമുണ്ടായിരുന്നുവെന്നും, ആ പ്രണയത്തിന്റെ ഓർമ്മകൾക്ക് വേണ്ടിയാണ് 'ഹേ റാം' എന്ന ചിത്രത്തിൽ റാണി മുഖർജിയുടെ കഥാപാത്രത്തിന് അപർണ്ണ എന്ന് പേര് നൽകിയതെന്നും ശ്രുതി കൂട്ടിച്ചേർത്തു.

സംവിധാനത്തിലും അഭിനയത്തിലും ഒട്ടനവധി ദേശീയ പുരസ്കാരങ്ങൾ നേടിയ അപർണ്ണ സെൻ, ബംഗാളി സിനിമാ ലോകത്തെ ഒരു പ്രമുഖ വ്യക്തിത്വമാണ്. രാജ്യത്തിനകത്തും പുറത്തും അവർക്ക് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവരുടെ സിനിമാ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. അപർണ്ണ സെന്നുമായി സംസാരിക്കാൻ വേണ്ടി മാത്രമാണ് കമൽ ഹാസൻ ബംഗാളി പഠിച്ചതെന്ന ശ്രുതിയുടെ വെളിപ്പെടുത്തൽ ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്.

വിവിധ ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാനുള്ള കമൽ ഹാസന്റെ കഴിവ് എല്ലാവർക്കും അറിയാവുന്നതാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, ബംഗാളി, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യം ഉണ്ട്. കമൽ ഹാസന്റെ വ്യക്തി ജീവിതവും പ്രണയബന്ധങ്ങളും എപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്ന വിഷയങ്ങളാണ്. 1978-ൽ നർത്തകിയായിരുന്ന വാണി ഗണപതിയെ വിവാഹം കഴിച്ച കമൽ, പിന്നീട് നടി സരികയുമായി അടുപ്പത്തിലായി.

വാണിയുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം 1988-ൽ സരികയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലാണ് ശ്രുതിയും അക്ഷരയും ജനിച്ചത്. 2004-ൽ ഈ ബന്ധവും അവസാനിച്ചു. തുടർന്ന് നടി ഗൗതമിയുമായി 11 വർഷത്തോളം ലിവിംഗ് ടുഗെദർ ബന്ധത്തിലായിരുന്നെങ്കിലും 2016-ൽ ഇരുവരും പിരിയുകയായിരുന്നു.,നിലവിൽ കമൽ ഹാസൻ സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണ്. മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' ആണ് അദ്ദേഹത്തിൻ്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Tags:    

Similar News