ഞാൻ തോറ്റു അടിയറവ് വെച്ചു; അവൻ ഒരു വല്യ വില്ലൻ ആണ്; എല്ലാം ട്രൈ ചെയ്ത് നോക്കിയിട്ടും രക്ഷയില്ല; വേദനയോടെ തുറന്നുപറഞ്ഞ് സൗഭാഗ്യ
തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കോണ്ടെന്റ് ക്രിയേറ്ററുമായ സൗഭാഗ്യ വെങ്കിടേഷ് തൻ്റെ വളർത്തുമൃഗങ്ങൾക്ക് അസുഖം വരുന്നതിലുള്ള വേദനയും നിസ്സഹായതയും പങ്കുവെച്ചു. വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി, അതിനെക്കുറിച്ചുള്ള സഹായം അഭ്യർത്ഥിച്ച് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നടി താര കല്യാണിൻ്റെ മകളും ഡബ്സ്മാഷ് വീഡിയോകളിലൂടെ പ്രശസ്തയായ സൗഭാഗ്യ, കുടുംബ വിശേഷങ്ങളും ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളും യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം പേജുകളിലൂടെയും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം തിരുവനന്തപുരത്താണ് സൗഭാഗ്യ താമസം. വീട്ടിൽ നായ്ക്കൾ, പശുക്കൾ തുടങ്ങി നിരവധി വളർത്തുമൃഗങ്ങളുണ്ട്.
അടുത്തിടെയായി താൻ താമസം മാറിയ വീട്ടിലെ ദൈനംദിന ജോലികളും വളർത്തുമൃഗങ്ങളെ പരിചരിക്കുന്നതുമായ വീഡിയോകൾ സൗഭാഗ്യ പങ്കുവെച്ചിരുന്നു. തൻ്റെ വളർത്തുമൃഗങ്ങൾക്ക് അസുഖം വരുന്നത് സഹിക്കാനാവില്ലെന്ന് താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വ്ളോഗിൽ, 'മാളു' എന്ന് വിളിച്ചിരുന്ന തൻ്റെ ആട് അസുഖം വന്ന് ചത്തതിലുള്ള ദുഃഖം സൗഭാഗ്യ പങ്കുവെച്ചിരുന്നു.
"പെറ്റ്സിനെ വളർത്തുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് നമുക്ക് തോന്നുക അവയ്ക്ക് അസുഖം വരുമ്പോഴാണ്. കൊതുക് ഒരു വലിയ വില്ലൻ ആണ്. ഞാൻ തോറ്റു അടിയറവ് വെച്ചു. വേപ്പെണ്ണ, കുന്തിരിക്കം, കരിയില കത്തിക്കൽ, പറമ്പ് വൃത്തിയാക്കൽ, അങ്ങനെ പലതും ചെയ്തു. ഇനി പുതിയ അറിവ് ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ," സൗഭാഗ്യ കുറിച്ചു.
സൗഭാഗ്യയുടെ വീട്ടിലെ ജോലികൾ ചെയ്യുന്ന വീഡിയോകൾക്ക് താഴെയായി, എന്തുകൊണ്ട് ഒരു ജോലിക്കാരെ വെക്കുന്നില്ലെന്നും, താരവും അമ്മയും അത്രയധികം സമ്പന്നരല്ലേ എന്നും ചില പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൗഭാഗ്യയുടെ സഹായം തേടിയുള്ള പോസ്റ്റ് കൂടുതൽ ശ്രദ്ധേയമാകുന്നത്.