'ലാലിന്റെ മാത്രമല്ല ഞങ്ങളുടെയെല്ലാം അമ്മയായിരുന്നു ആ പുണ്യം'; കൂട്ടുകാർക്ക് ഭക്ഷണവും വാത്സല്യവും വിളമ്പി; അറ്റുപോയത് ഒരു തലമുറയുടെ സൗഹൃദത്തിന്റെ വേരുകളെന്നും സുരേഷ്‌ കുമാർ

Update: 2025-12-30 15:33 GMT

തിരുവനന്തപുരം: മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ പ്രതികരിച്ച് നിർമാതാവ് സുരേഷ് കുമാർ. ലാലിന്റെ മാത്രമല്ല, തങ്ങളടക്കമുള്ള സുഹൃത്തുക്കളുടെയെല്ലാം അമ്മയായിരുന്നു ആ പുണ്യമെന്നാണ് സുരേഷ് കുമാർ പറഞ്ഞത്. മോഹൻലാലിന്റെ അച്ഛന്റെയും ജ്യേഷ്ഠന്റെയും ചിതയ്ക്കരികിൽ തിരുവനന്തപുരത്തെ വീട്ടുവളപ്പിൽ തന്നെ അമ്മയ്ക്കും ചിതയൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ലാലിന്റെ അമ്മയും അമ്മൂമ്മയും അമ്മാവന്മാരും ഒക്കെ ഭയങ്കര ഹാസ്യപ്രിയരാണെന്നും അതാണ് ലാലിന് കിട്ടിയിരിക്കുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു. അമ്മയുടെ മരണം വലിയൊരു വേദനയാണ്, ഒരുപാട് ഓർമകളാണ് മനസ്സിലൂടെ കടന്നുപോകുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു.

വിയോഗവാർത്തയറിഞ്ഞ് വിറയ്ക്കുന്ന സ്വരത്തോടെയാണ് സുരേഷ് കുമാർ ഓർമ്മകൾ പങ്കുവെച്ചത്. 'ആ സ്നേഹത്തണൽ ഇനി ഓർമകളിൽ മാത്രം... ലാലിന്റെ അമ്മയല്ല, ഞങ്ങളുടെയെല്ലാം അമ്മയായിരുന്നു ആ പുണ്യം' സുരേഷ് കുമാർ പറഞ്ഞു. മുടവൻമുകളിലെ പഴയ വീട്ടുമുറ്റത്ത് ഒത്തുകൂടിയ കൂട്ടുകാർക്ക് ഭക്ഷണവും വാത്സല്യവും വിളമ്പി, അവരുടെ കുസൃതികൾക്ക് കൂട്ടുനിന്ന ആ വലിയ മനസ്സ് വിടവാങ്ങുമ്പോൾ ഒരു തലമുറയുടെ സൗഹൃദത്തിന്റെ വേരുകളാണ് അറ്റുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെ വെളുപ്പിനെ ശാന്തകുമാരിയുടെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിക്കും. മുടവൻമുകളിലുള്ള വീട്ടിലെ പറമ്പിൽ മോഹൻലാലിന്റെ അച്ഛനായ വിശ്വനാഥൻ നായരുടെയും ജ്യേഷ്ഠൻ പ്യാരിലാലിന്റെയും ചിതകൾക്കരികിൽ തന്നെ ശാന്തകുമാരിക്കും ചിതയൊരുക്കാനാണ് തീരുമാനം. ഉച്ചയ്ക്ക് മുൻപ് ആന്റണി വിളിച്ചറിയിച്ചതിനെ തുടർന്ന് അമ്മയുടെ നില ഗുരുതരമാണെന്ന് അറിഞ്ഞിരുന്നതായും, അരമണിക്കൂറിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും സുരേഷ് കുമാർ വെളിപ്പെടുത്തി.

അഞ്ചാം ക്ലാസ്സ് മുതൽ മോഹൻലാലിന്റെ ഒപ്പം പഠിച്ച സുരേഷ് കുമാറിന് ശാന്തകുമാരിയെക്കുറിച്ച് അനേകം ഓർമകളാണുള്ളത്. 1969 മുതലുള്ള ആത്മബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും പ്രിയനും ശ്രീക്കുട്ടനുമെല്ലാം തങ്ങളേക്കാൾ സീനിയറാണെന്നും അദ്ദേഹം ഓർത്തു. കോളേജിൽ പഠിക്കുമ്പോൾ ലാലിന്റെ വീട്ടിൽ 'കംപെയ്ൻ സ്റ്റഡി'യുടെ പേരിൽ തങ്ങളെല്ലാം ഒത്തുചേർന്നിരുന്നതും, അവിടെ പഠനമല്ല ഉഴപ്പായിരുന്നതും, ഇടയ്ക്ക് വന്ന് 'എല്ലാവരും കൂടി ഇരുന്ന് പഠിത്തം ആയിരിക്കണം നടക്കുന്നത് കേട്ടോ' എന്ന് അമ്മ പറഞ്ഞിരുന്നതുമെല്ലാം സുരേഷ് കുമാർ അനുസ്മരിച്ചു. തങ്ങളെല്ലാം അമ്മയ്ക്ക് വലിയ കാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിലപ്പോഴൊക്കെ എന്റെ വീട്ടിൽ അല്ലെങ്കിൽ ലാലിന്റെ വീട്ടിൽ ഞങ്ങൾ ഒത്തുകൂടും. കുസൃതി കുറച്ചു കൂടിയ പിള്ളേര് ആയിരുന്നു ഞങ്ങൾ. ഞങ്ങൾ പഠിക്കുമ്പോൾ ഇടയ്ക്കിടെ അമ്മ ചായ ഇട്ടുകൊണ്ടുവന്നു തരുമായിരുന്നു. എപ്പോൾ ചെന്നാലും ഭക്ഷണം റെഡി ആണ്, കഴിക്കാതെ പോകാൻ പറ്റില്ല, ഉച്ചയ്ക്ക് ആയാലും രാത്രിയിൽ ആയാലും കഴിച്ചിട്ടേ അമ്മ അവിടെ നിന്ന് വിടൂ. ഞങ്ങളെപ്പോലെ കുറേ കൂട്ടുകാർ എപ്പോഴും അവിടെ ഉണ്ടാകും. അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. അതൊക്കെ മനസ്സിൽ മരിക്കാതെ കിടക്കുന്ന ഓർമകളാണെന്നും അദ്ദേഹം പ്രതികരിച്ചു.

ലാലിന്റെ ആദ്യത്തെ പടമായ ‘തിരനോട്ടം’ ലാലിന്റെ വീട്ടിൽ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിലെ കുറെകാര്യങ്ങൾ ഒക്കെ അവിടെയാണ് എടുത്തത്. അന്നൊക്കെ എല്ലാവരുടെയും ഊണും കിടപ്പും ഒക്കെ അവിടെ തന്നെ. അമ്മ ഒരിക്കൽ പോലും ഞങ്ങളോട് മുഖം കറുത്ത് സംസാരിച്ചിട്ടില്ല. ഞങ്ങൾ ഓരോന്ന് കൊണ്ട് അവിടെയും ഇവിടെയും തട്ടുകയും മുട്ടുകയും ചെയ്യുമ്പോൾ ഇടയ്ക്കിടെ പറയും "എല്ലാം കൂടെ എടുത്തോണ്ട് പോകേണ്ടി വരുമെ" എന്നൊക്കെ. അമ്മയ്ക്ക് സുഖമില്ലാതെ ആയതിനു ശേഷം ഞാൻ കണ്ടിരുന്നു. ഞാൻ കാണുമ്പോൾ അമ്മയ്ക്ക് ഓർമ്മയുണ്ട്, എന്നെ തിരിച്ചറിഞ്ഞു സംസാരിച്ചു. പിന്നെ കുറേനാൾ കഴിഞ്ഞപ്പോൾ ഓർമ ഒക്കെ പോയി. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News