'തുടർച്ചയായി അമ്മ വേഷങ്ങൾ വന്നു, രാം ചരണിന്റെ ബിഗ് ബജറ്റ് സിനിമയിലേക്കുള്ള ഓഫർ നിരസിച്ചു'; വെളിപ്പെടുത്തലുമായി സ്വാസിക
കൊച്ചി: തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ അമ്മയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതായി നടി സ്വാസിക. ബുചി ബാബു സന സംവിധാനം ചെയ്യുന്ന 'പെഡ്ഡി' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലേക്കുള്ള ഓഫറാണ് താരം വേണ്ടെന്നുവെച്ചത്. കരിയറിന്റെ ഈ ഘട്ടത്തിൽ അത്തരമൊരു വേഷം ചെയ്യേണ്ട ആവശ്യമില്ലെന്ന് തോന്നിയതുകൊണ്ടാണ് തീരുമാനമെന്നും സ്വാസിക വ്യക്തമാക്കി.
അടുത്തിടെ തനിക്ക് തുടർച്ചയായി അമ്മ വേഷങ്ങൾ ലഭിക്കുന്നുണ്ടെന്നും അതിൽ ഏറ്റവും ഞെട്ടിച്ചത് ഈ ഓഫറാണെന്നും സ്വാസിക പറഞ്ഞു. 'തുടർച്ചയായി എനിക്ക് അമ്മ വേഷങ്ങൾ വരുന്നുണ്ട്. അതിൽ ഞെട്ടിപ്പോയത് രാം ചരണിന്റെ അമ്മയായിട്ടാണ്. വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. ഞാൻ നോ പറഞ്ഞു. ഇപ്പോൾ എനിക്ക് രാം ചരണിന്റെ അമ്മയാകേണ്ട ആവശ്യമില്ല,' സ്വാസികയുടെ വാക്കുകൾ.
അടുത്തിടെ തമിഴിൽ പുറത്തിറങ്ങിയ 'ലബ്ബർ പന്ത്' എന്ന ചിത്രത്തിൽ മുതിർന്ന പെൺകുട്ടിയുടെ അമ്മയായി സ്വാസിക അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തുന്നത്.
രാം ചരൺ നായകനാകുന്ന 'പെഡ്ഡി' ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുന്നത്. ജാൻവി കപൂറാണ് നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം. വൃദ്ധി സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.