'ഒറ്റയ്ക്ക് ജീവിച്ച് മടുത്തു.. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുവാ..'; മനസ്സുതുറന്ന് രേണു സുധി; മക്കളെയും തന്നെയും സ്നേഹിക്കുന്ന പങ്കാളിയെ വേണമെന്ന് തോന്നി തുടങ്ങിയതായും താരം
കൊച്ചി: ഒറ്റയ്ക്ക് ജീവിച്ച് മടുത്തുവെന്നും, തന്നെയും തന്റെ മക്കളെയും സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ വേണമെന്നും രേണു സുധി. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് രേണു സുധി.
"ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന എന്നെ നോക്കുന്ന എന്‍റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണം എന്ന് തോന്നി തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുവാ..", എന്നാണ് രേണു സുധി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഈ വാക്കുകൾ അടങ്ങിയ സ്ക്രീൻഷോട്ട് നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിനുശേഷം അഭിനയരംഗത്തേക്ക് കടന്നുവന്ന അവർക്ക് തുടക്കത്തിൽ കടുത്ത വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ, ആദ്യകാലങ്ങളിൽ ഇത്തരം പ്രതികരണങ്ങളിൽ വിഷമിച്ചിരുന്ന രേണു ഇപ്പോൾ വിമർശകർക്ക് ശക്തമായ മറുപടികൾ നൽകിയാണ് ശ്രദ്ധേയയാകുന്നത്. നേരത്തെ ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെ, തന്നെ മനസ്സിലാക്കുന്ന ഒരാൾ ജീവിതത്തിലേക്ക് കടന്നുവന്നാൽ വിവാഹം കഴിക്കാൻ തയ്യാറാണെന്നും അവർ സൂചിപ്പിച്ചിരുന്നു.
മലയാളം ടെലിവിഷൻ, സ്റ്റേജ്, ചലച്ചിത്ര രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഹാസ്യനടനും മിമിക്രി താരവുമായ കൊല്ലം സുധി. റിയാലിറ്റി ഷോകളിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. 2023 ജൂൺ 5-ന് തൃശൂരിലെ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തെ തുടർന്നാണ് സുധി അന്തരിച്ചത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സുധിയും സഹയാത്രികരും സഞ്ചരിച്ചിരുന്ന കാർ ഒരു പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
