അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയുടെ സംഗീതം; ആലാപനം ഷഹബാസ് അമൻ; സർക്കീട്ടിലെ മൂന്നാമത്തെ ഗാനം പുറത്ത്

Update: 2025-05-04 17:25 GMT

കൊച്ചി: ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സർക്കീട്ട്. തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. താമർ ആണ് ചിത്രത്തിന്റെ സംവിധായകൻ. ‘ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് താമർ. സർക്കീട്ടിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. 'താരകം..' എന്ന ഗാനത്തിൽ അൻവർ അലിയുടെ വരികൾക്ക് ഷഹബാസ് അമൻ ആണ് ശബ്ദം നൽകിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ഇതിന് മുൻപായി ഇറങ്ങിയിരിക്കുന്ന ചിത്രത്തിലെ ‘ഹോപ്പ് സോങ്’, ‘ ജെപ്പ് സോങ്‘ എന്നിവക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മെയ് 8നാണ് സർക്കീട്ട് തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നത്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി സർക്കീട്ടിനുണ്ട്.

കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് ശേഷം ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് ആസിഫ് അലി സർക്കീട്ടിലൂടെയെത്തുന്നത്. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ബാലതാരം ഓർഹാൻ, ദീപക് പറമ്പോൽ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അയാസ് ഹസൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംഗീത് പ്രതാപാണ്. പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത് കരുണാകരൻ, കലാസംവിധാനം വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി, ലൈൻ പ്രൊഡക്ഷൻ റഹിം പിഎംകെ, സിങ്ക് സൗണ്ട് വൈശാഖ്, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ് എസ്‌ബികെ ഷുഹൈബ്.

Tags:    

Similar News