ഇടം നേടാനാകാതെ അക്ഷയ് കുമാറും രജനികാന്തും; ഓർമാക്സ് മീഡിയയുടെ പട്ടികയിൽ മോളിവുഡ് താരങ്ങളില്ല; ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള 10 നായകന്മാർ ഇവർ
കൊച്ചി: നിലവിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള 10 നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓർമാക്സ് മീഡിയ. എല്ലാ ഭാഷകളിലെയും സിനിമകൾ പരിഗണിച്ചുള്ള ഈ പട്ടികയിൽ പ്രമുഖ താരങ്ങളായ രജനികാന്തിനും അക്ഷയ് കുമാറിനും ഇടം നേടാനായില്ല. തെലുങ്ക് സൂപ്പർതാരം പ്രഭാസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. തമിഴ് സൂപ്പർതാരം വിജയ് രണ്ടാമതും പട്ടികയിൽ സ്ഥാനം നേടി.
ഓരോ മാസവും പുറത്തിറങ്ങുന്ന ഈ പട്ടികയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പട്ടികയിൽ ഇടം നേടിയ രജനികാന്ത്, അക്ഷയ് കുമാർ എന്നിവർക്ക് ഇത്തവണ ഇടം നേടാനായില്ല. പകരം തെലുങ്ക് താരങ്ങളായ പവൻ കല്യാണും രാം ചരണും പട്ടികയിൽ പുതിയതായി ഇടംപിടിച്ചിട്ടുണ്ട്. ഓർമാക്സ് മീഡിയ പുറത്തുവിട്ട പുതിയ പട്ടിക അനുസരിച്ച്, ഒന്നാം സ്ഥാനത്ത് പ്രഭാസും രണ്ടാം സ്ഥാനത്ത് വിജയും തുടരുന്നു.
കഴിഞ്ഞ മാസം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തമിഴ് നടൻ അജിത്ത് കുമാർ ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പകരം, അല്ലു അർജുൻ ആണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. നാലാം സ്ഥാനം ഷാരൂഖ് ഖാൻ നിലനിർത്തി. പ്രമുഖ താരങ്ങളായ മഹേഷ് ബാബു ആറാം സ്ഥാനത്തും, ജൂനിയർ എൻ.ടി.ആർ ഏഴാം സ്ഥാനത്തും എത്തിയിരിക്കുന്നു. കഴിഞ്ഞ മാസത്തെ പട്ടികയിൽ ഇടം നേടിയിരുന്നില്ലെങ്കിലും ഇത്തവണ എട്ടാം സ്ഥാനത്ത് രാം ചരൺ ഇടംപിടിച്ചിട്ടുണ്ട്. ഒൻപതാം സ്ഥാനത്ത് പവൻ കല്യാണും, പത്താം സ്ഥാനത്ത് സൽമാൻ ഖാനും പട്ടികയിൽ ഇടം നേടിയിരിക്കുന്നു.