'ചെന്ന് കയറിയ വീട്ടിൽ അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് കഴിച്ചിരുന്നു'; ഒന്ന് റിലാക്സ് ആകാൻ തുടങ്ങിയതാണ് ആ ശീലം; ആരോഗ്യം പോലും മോശമായി; തുറന്ന് പറഞ്ഞ് നടി ഉർവശി

Update: 2025-12-14 12:37 GMT

കൊച്ചി: വിവാഹജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങൾ പങ്കുവെച്ച് വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയ താരം ഉര്‍വശി. ആദ്യ ഭർത്താവിൻ്റെ വീട്ടിൽ വെച്ചാണ് താൻ മദ്യപാനം ആരംഭിച്ചതെന്നും, പിന്നീട് ഈ ശീലം നിയന്ത്രിക്കാനാകാത്ത അവസ്ഥയിലേക്ക് മാറിയെന്നും ഉർവശി പറഞ്ഞു. നടി രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചിൽ.

ആദ്യമായി ആ വീട്ടിലെത്തിയപ്പോൾ സ്വന്തം വീട്ടിലെ ചിട്ടകളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരന്തരീക്ഷമാണ് കണ്ടതെന്നും, അവിടെ അമ്മയും മക്കളും ഉൾപ്പെടെ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നതായും ഉർവശി പറഞ്ഞു. ഈ സാഹചര്യം തന്നെ അത്ഭുതപ്പെടുത്തിയെങ്കിലും, പിന്നീട് താൻ അതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് നടി വ്യക്തമാക്കി.

ജോലി കഴിഞ്ഞെത്തുമ്പോൾ മാനസികമായി ആശ്വാസം കണ്ടെത്താനായി തുടങ്ങിയ ഈ ശീലം ക്രമേണ ജീവിതത്തിൽ പിടിമുറുക്കി. താൻ മറ്റൊരു വ്യക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. വിവാഹബന്ധം വിജയിപ്പിക്കണമെന്ന് കുടുംബത്തെ കാണിക്കാൻ താൻ വാശിപിടിച്ചെന്നും, സഹോദരി കലാരഞ്ജിനി കാര്യങ്ങൾ മനസ്സിലാക്കി തന്നെ നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും താൻ ഏറെ മാറിയിരുന്നുവെന്നും ഉർവശി വെളിപ്പെടുത്തി. അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിച്ചപ്പോൾ മദ്യപാനം കൂടുകയും ആരോഗ്യം മോശമാവുകയും ചെയ്തതായും അവർ കൂട്ടിച്ചേർത്തു.

നടി ശ്രീദേവി ഷൂട്ടിങ് ഇടവേളകളിൽ ആശ്വാസത്തിനായി മദ്യം കഴിച്ചിരുന്നതിനെക്കുറിച്ച് നടിമാരായ രാധയും കുട്ടി പത്മിനിയും പറഞ്ഞിരുന്നതും ഉർവശി പറഞ്ഞു. എന്നാൽ പിന്നീട് താൻ ഒറ്റയ്ക്ക് കുടുംബഭാരം ചുമക്കേണ്ടിവരികയും ഇഷ്ടമല്ലാത്ത പല കാര്യങ്ങളും ചെയ്യേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ, മദ്യപാനം ഒരു വ്യക്തിഗത പ്രശ്നമായി മാറിയെന്ന് ഉർവശി പറയുന്നു. അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിച്ചതോടെ മദ്യപാനവും കൂടി, അത് തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിഎന്നും ഉർവശി കൂട്ടിച്ചേർത്തു.

Tags:    

Similar News