'നായികമാർ വെല്ലുവിളിയായിട്ടില്ല, മണിച്ചിത്രത്താഴിൽ നാഗവല്ലിയേക്കാൾ ചെയ്യാൻ ആഗ്രഹിച്ചത് മോഹൻലാൽ ചെയ്ത വേഷം'; വിവാഹത്തോടെ വല്ലാതെ ഉൾവലിഞ്ഞുവെന്ന് വാണി വിശ്വനാഥ്
കൊച്ചി: മലയാള സിനിമയിൽ ബോൾഡ് ക്യാരക്ടറുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് വാണി വിശ്വനാഥ്. മുൻനിര നടൻമാരോടൊപ്പം പ്രവർത്തിച്ച വാണി, സിനിമയിലെ തന്റെ യാത്രയെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്. നടൻ ബാബുരാജ് ആണ് വാണി വിശ്വനാഥിന്റെ ഭർത്താവ്. വിവാഹശേഷം സിനിമയിൽനിന്നും ഇടവേളയെടുത്ത താരം നിലവിൽ അഭിനയരംഗത്ത് വീണ്ടും സജീവമായിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വാണി തന്റെ കുടുംബജീവിതത്തെക്കുറിച്ചും വിവാഹശേഷം തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയത്.
"സിനിമയിലെ വാണി വിശ്വനാഥും ജീവിതത്തിലെ വാണി വിശ്വനാഥും തമ്മിൽ യാതൊരു ബന്ധവുമില്ല. ഞാൻ ജീവിതത്തിൽ വളരെ ബോൾഡായ വ്യക്തിയാണ്," വാണി പറഞ്ഞു. ചെറുപ്പകാലത്ത് എം.ജി.ആർ, രജനീകാന്ത് തുടങ്ങിയവരുടെ ചിത്രങ്ങൾ കണ്ടാണ് ഒരു ഹീറോ ആകണമെന്ന് താൻ ആഗ്രഹിച്ചതെന്നും 'മണിച്ചിത്രത്താഴ്' സിനിമയിൽ ശോഭന ചെയ്ത കഥാപാത്രത്തേക്കാൾ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമാണ് താൻ ചെയ്യാൻ ആഗ്രഹിച്ചതെന്നും അവർ കൂട്ടിചേർത്തു.
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കുമ്പോഴാണ് കൂടുതൽ പേടി തോന്നിയതെന്നും, അതിനാൽ മറ്റ് നടിമാർ ഒരു വെല്ലുവിളിയായി തോന്നിയിട്ടില്ലെന്നും വാണി വ്യക്തമാക്കി. "നായകന്മാരാണ് എനിക്ക് വെല്ലുവിളിയായി വന്നിട്ടുള്ളത്. അവരുടെ അഭിനയം ശ്രദ്ധിക്കുമായിരുന്നു," അവർ കൂട്ടിച്ചേർത്തു.
സിനിമയിൽ അഭിനയിക്കുന്ന കാലത്തും പുറംലോകവുമായി അധികം ബന്ധം പുലർത്തിയിരുന്നില്ലെന്നും, വിവാഹശേഷം ഈ അവസ്ഥ കൂടുതൽ വഷളായെന്നും വാണി പറഞ്ഞു. "വിവാഹത്തോടെ ഞാൻ വല്ലാതെ ഉൾവലിഞ്ഞു. ഇൻസ്റ്റഗ്രാമോ ഫേസ്ബുക്കോ ഉപയോഗിക്കാത്ത ആദ്യത്തെ നടിയായിരിക്കും ഞാൻ. പുറംലോകം അധികം കാണാറില്ല," അവർ കൂട്ടിച്ചേർത്തു.