ആ ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടത്..ചിലർക്കെങ്കിലും അത് വലിയൊരു തെറ്റായി തോന്നിയിട്ടുണ്ട്; ചില കണ്ണീരിനും വിയർപ്പിനും ഒറിജിനൽ ടച്ചാണ്; തുറന്നുപറഞ്ഞ് നടി സരിത
ആറ്റുകാൽ പൊങ്കാലയിൽ സിനിമാ-സീരിയൽ നടിമാർ പങ്കെടുക്കുന്നതിനെതിരെയുള്ള വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി നടി സരിത ബാലകൃഷ്ണൻ രംഗത്ത്. ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന ഈ ഭക്തിസംഗമം ഒരു സാധാരണ ഭക്തയായി അനുഭവിക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി ഏതൊരു മെഗാഹിറ്റ് സീരിയലിനേക്കാളും വലുതാണെന്ന് സരിത ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അഭിനയമില്ലാത്ത ആത്മാർത്ഥമായ നിമിഷങ്ങളാണിവയെന്നും അവർ ചൂണ്ടിക്കാട്ടി.
പൊങ്കാല ഒരു 'നടിമാരുടെ പരിപാടി'യായി മാറിയെന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സരിത പറഞ്ഞു. ആറ്റുകാൽ അമ്മയുടെ മണ്ണിൽ പാതയോരത്ത് ലക്ഷക്കണക്കിന് സ്ത്രീകളോടൊപ്പം അടുപ്പുകൂട്ടി പൊങ്കാലയിടുമ്പോൾ താൻ ആ ഭക്തിസമുദ്രത്തിലെ ഒരു ചെറിയ തുള്ളി മാത്രമാണ്. ഒരു നടിയായതുകൊണ്ട് തന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത് ചിലർക്ക് തെറ്റായി തോന്നിയേക്കാമെന്നും അവർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഭക്തിസംഗമങ്ങളിലൊന്നായ ഇവിടെ ഒരു സാധാരണ സ്ത്രീയായി, ഭക്തയായി പങ്കെടുക്കുന്നത് പുണ്യമായാണ് താൻ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സീരിയലിലെ കരച്ചിലിന് ഗ്ലിസറിൻ ആവശ്യമാണെങ്കിൽ, പൊങ്കാലവെയിലിന്റെ ചൂടിൽ അടുപ്പിന് മുന്നിലിരുന്ന് കണ്ണുനീരും വിയർപ്പും ഒഴുക്കുന്നത് തികച്ചും യാഥാർത്ഥ്യമാണെന്ന് സരിത ബാലകൃഷ്ണൻ ഓർമ്മിപ്പിച്ചു. അവിടെ നായികയും വില്ലത്തിയുമില്ല, അമ്മയുടെ ഭക്തർ മാത്രമാണ്. ക്യാമറക്ക് മുന്നിൽ തങ്ങൾ നായികയോ വില്ലത്തിയോ ഒക്കെയാകാം. എന്നാൽ ചുട്ടുപൊള്ളുന്ന വെയിലിൽ പുകയേറ്റ് കണ്ണു നിറയുമ്പോൾ അത് ഗ്ലിസറിൻ അല്ല. അവിടെ റീടേക്കുകളോ പ്രോംപ്റ്റിംഗോ ഇല്ല; കേവലം ഭക്തി മാത്രം. ക്യാമറക്കണ്ണുകൾ തങ്ങളെ തിരഞ്ഞുപിടിക്കുന്നുണ്ടാവാം, പക്ഷേ തങ്ങളുടെ കണ്ണുകൾ തേടുന്നത് ആ ചൈതന്യത്തെ മാത്രമാണെന്നും അവർ വ്യക്തമാക്കി.
ലക്ഷക്കണക്കിന് സ്ത്രീകളുടെ ഇടയിൽ ഒരു നടിയായല്ല, വെറും ഒരു ഭക്തയായാണ് താനിരിക്കുന്നതെന്നും, ഈ 'ഷോ'യിൽ ലഭിക്കുന്ന പ്രതിഫലം റേറ്റിംഗല്ല, അമ്മയുടെ അനുഗ്രഹമാണെന്നും സരിത അടിവരയിട്ടു. അഭിനയമല്ലാത്ത ഒരേയൊരു നിമിഷമാണിതെന്നും, അതുകൊണ്ട് ഈ 'സീരിയൽ നടിമാരുടെ പരിപാടി' കണ്ട് ആരും ആധി പിടിക്കേണ്ടതില്ലെന്നും അവർ തന്റെ കുറിപ്പ് അവസാനിപ്പിച്ചു.
