'ചെറിയ കുട്ടികളെപ്പോലും വെറുതെ വിടാത്ത ഞരമ്പന്മാർ ഈ ലോകത്തുണ്ട്'; ഭർത്താവ് എന്നെ റേപ്പ് ചെയ്തത് ഗർഭിണിയായിരുന്നപ്പോൾ; ദീപക്കിന്റെ മരണം ചെറുതായി കാണുന്നില്ലെന്നും വൈബര്‍ ഗുഡ് ദേവു
കൊച്ചി: ബസിൽ ലൈംഗികാതിക്രമം നടന്നുവെന്ന് ആരോപിച്ച് ഷിംജിത എന്ന യുവതി വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി ബിഗ് ബോസ് താരം ശ്രീദേവി ഗോപിനാഥ് എന്ന വൈബർ ഗുഡ് ദേവു. ഷിംജിതയുടെ പ്രവൃത്തി ഒരു ന്യായീകരണവും അർഹിക്കുന്നില്ലെന്നും, എന്നാൽ ഈ സംഭവത്തിന്റെ പേരിൽ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഇതിനിടെ, താൻ അഞ്ച് മാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ദേവു വെളിപ്പെടുത്തി.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ദേവുവിന്റെ പ്രതികരണം. ഷിംജിതയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന പക്ഷക്കാരിയാണ് താനെന്നും അവർ പറഞ്ഞു. ഷിംജിതയുടെ പ്രവൃത്തി അങ്ങേയറ്റം തെറ്റാണെന്നും അതിനെ ന്യായീകരിക്കാനാവില്ലെന്നും ദേവു ആവർത്തിച്ചു പറഞ്ഞു. താൻ ഈ വിഷയത്തെക്കുറിച്ച് മുൻപും സംസാരിച്ചിട്ടുണ്ടെന്നും, ഷിംജിതയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അവർ വ്യക്തമാക്കി. ദീപക്കിന്റെ മരണത്തെ ചെറുതായി കാണുന്നില്ലെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കപ്പെടരുതെന്നും അവർ ഓർമ്മിപ്പിച്ചു.
എന്നാൽ ഈ വിഷയത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കണ്ടുവരുന്ന സ്ത്രീവിരുദ്ധ സംഭാഷണങ്ങളെയും, സ്ത്രീകളെ ഒറ്റയടിക്ക് കുറ്റപ്പെടുത്തുന്ന പ്രവണതകളെയും അവർ ശക്തമായി എതിർത്തു. "സ്ത്രീകൾക്ക് മാത്രമായി ഒരു ബസ്, പുരുഷന്മാർക്ക് മാത്രമായി ഒരു ബസ്, ആണുങ്ങൾ കമ്പിവേലി കെട്ടിയിട്ട് നടക്കുക" എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ശരിയല്ലെന്നും, എല്ലാ പുരുഷന്മാരും പ്രശ്നക്കാരല്ല എന്നതുപോലെ എല്ലാ സ്ത്രീകളും പ്രശ്നക്കാരല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
സ്വന്തം ജീവിതാനുഭവം പങ്കുവെച്ചുകൊണ്ട്, അച്ഛൻ, രണ്ടാനച്ഛൻ, ചെറിയച്ഛൻ, അമ്മാവൻ, സുഹൃത്തുക്കൾ, ട്യൂഷൻ പഠിപ്പിക്കുന്ന അധ്യാപകർ എന്നിവരിൽ നിന്നെല്ലാം പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുള്ള സ്ത്രീകളും കുട്ടികളും സമൂഹത്തിലുണ്ടെന്നും ദേവു ഓർമ്മിപ്പിച്ചു. "ചെറിയ കുട്ടികളെപ്പോലും വെറുതെ വിടാത്ത വൃത്തികെട്ട ഞരമ്പന്മാർ ഈ ലോകത്തുണ്ട്," അവർ പറഞ്ഞു. ഞാൻ എന്റെ മോളെ അഞ്ച് മാസം ഗർഭിണിയായിരുന്ന സമയത്താണ് എന്റെ ഭർത്താവ് എന്നെ റേപ്പ് ചെയ്തത്. സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോൾ ചിന്തിച്ച് മാത്രം സംസാരിക്കണമെന്നും, സ്ത്രീകളെ പൊതുവായി കുറ്റപ്പെടുത്തുന്നത് വിഷമമുണ്ടാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
