പണത്തിന് പിന്നാലെ പോകുന്നവനല്ല, പഴയ കാലം പരിശോധിച്ചാല്‍ മനസ്സിലാകും; അഭിമുഖം നടത്തിയിട്ടാണ് തന്നെ നിയമിച്ചത്; സിവില്‍ സര്‍വീസ് പശ്ചാത്തലം ഉള്ളതു കൊണ്ടാകാം തനിക്ക് പുതിയ ചുമതല നല്‍കിയത്; വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതല ഏറ്റെടുക്കുമെന്ന് ഡോ. പി.സരിന്‍

വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതല ഏറ്റെടുക്കുമെന്ന് ഡോ. പി.സരിന്‍

Update: 2025-05-08 08:23 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് കെ ഡിസ്‌കില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിജ്ഞാന കേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡൈ്വസറായാണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. നിയമനം വിവാദമായപ്പോള്‍ പ്രതികരിച്ച് സരിന്‍ രംഗത്തുവന്നു.

വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതല ഏറ്റെടുക്കുമെന്ന് ഡോ പി .സരിന്‍ വ്യക്തമാക്കി. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നില്ല. സിവില്‍ സര്‍വീസ് പശ്ചാത്തലം ഉള്ളതുകൊണ്ടാകാം തനിക്ക് പുതിയ ചുമതല നല്‍കിയതെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. പണത്തിനു പിന്നാലെ പോകുന്നവനല്ല താനെന്ന് പഴയ കാലം പരിശോധിച്ചാല്‍ മനസ്സിലാകും. അഭിമുഖം നടത്തിയിട്ടാണ് തന്നെ നിയമിച്ചതെന്നും പി സരിന്‍ പറഞ്ഞു.

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു സരിന്‍. കെപിസിസി സോഷ്യല്‍മീഡിയ കണ്‍വീനര്‍ പദവി രാജിവെച്ചാണ് സരിന്‍ ഇടതുപക്ഷത്തെത്തിയത്. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ ചുമതയുണ്ടായിരുന്ന സരിന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തുന്നത്. തുടര്‍ന്ന് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മത്സരിക്കുകയും ചെയ്തിരുന്നു.

പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നു സരിന്‍. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്. സരിന് നിര്‍ണായകമായ ഒരു പദവി സര്‍ക്കാര്‍ നല്‍കും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. ഒറ്റപ്പാലം തിരുവില്വാമല പകവത്ത് കുടുംബാംഗമായ ഡോ. പി സരിന്‍ സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലെത്തിയത്. 2007ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സരിന്‍ 2008 ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്.

അന്ന് 555ാം റാങ്ക് നേടിയ സരിന് ഇന്ത്യന്‍ അക്കൗണ്ടസ് ആന്‍ഡ് ഓഡിറ്റ് സര്‍വീസിലേക്ക് വഴിതുറന്നുകിട്ടി. തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിങ്ങ്. പിന്നീട് നാലു വര്‍ഷം കര്‍ണ്ണാടകയിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സേവനമനുഷ്ഠിച്ചു.

Tags:    

Similar News