ആര്‍ എസ് പിയില്‍ അസീസും പ്രേമചന്ദ്രന്റെ മകനും നേര്‍ക്കു നേര്‍; യു.ഡി.എഫില്‍ സീറ്റ് തര്‍ക്കം മുറുകുന്നു; ജോസഫ് വിഭാഗത്തിന് അതൃപ്തി; വിട്ടുവീഴ്ചയ്ക്കില്ലാതെ ലീഗും സിഎംപി.യും; എല്ലാ പ്രതീക്ഷയും രാഹുല്‍ ഗാന്ധിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നീളുന്നു; 'പുതുയുഗ' യാത്രയ്ക്ക് ശേഷം മാത്രം സ്ഥാനാര്‍ത്ഥി പട്ടിക?
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ യു.ഡി.എഫ്. നേരത്തെ തുടങ്ങിയെങ്കിലും സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, മുസ്ലിം ലീഗ്, സി.എം.പി. എന്നീ കക്ഷികള്‍ക്കിടയിലെ അതൃപ്തി പരിഹരിക്കാനാകാത്തതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളാന്‍ കാരണമാകുന്നത്. ആദ്യഘട്ട പട്ടിക ഈയാഴ്ച പുറത്തിറങ്ങുമെന്ന് കരുതിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് ആദ്യവാരത്തിലേക്ക് നീളാനാണ് സാധ്യത.
സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കടുത്ത അതൃപ്തിയിലാണ്. തങ്ങള്‍ അര്‍ഹിക്കുന്ന സീറ്റുകള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് കാണിക്കുന്ന മെല്ലെപ്പോക്ക് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. സീറ്റുകളുടെ കാര്യത്തില്‍ അന്തിമ ധാരണയാകാത്തത് താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന മുന്നറിയിപ്പും ജോസഫ് വിഭാഗം നല്‍കിയിട്ടുണ്ട്.
മുസ്ലിം ലീഗിന് മലപ്പുറം ജില്ലയിലെ സീറ്റുകളുടെ കാര്യത്തില്‍ വ്യക്തതയുണ്ടെങ്കിലും കോണ്‍ഗ്രസുമായി വെച്ചുമാറേണ്ട സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്. വിട്ടുകൊടുക്കുന്ന സീറ്റുകള്‍ക്ക് പകരമായി ലഭിക്കേണ്ട മണ്ഡലങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. സി.പി. ജോണിന്റെ നേതൃത്വത്തിലുള്ള സി.എം.പി.യിലും സീറ്റ് കാര്യത്തില്‍ വലിയ അവ്യക്തത തുടരുകയാണ്. എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ ഇതുവരെ മുന്നണിയില്‍ നിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാത്തതില്‍ സി.എം.പി. നേതൃത്വവും അസംതൃപ്തരാണ്.
സഖ്യകക്ഷിയായ ആര്‍.എസ്.പിയിലാകട്ടെ വിഭാഗീയത രൂക്ഷമായി തുടരുന്നു. എ.എ. അസീസ് സംസ്ഥാന സെക്രട്ടറിയായതോടെ പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യുടെ മകന്റെ സ്ഥാനാര്‍ത്ഥിത്വം, ഇരവിപുരം - ചടയമംഗലം സീറ്റുകള്‍ വെച്ചുമാറല്‍ എന്നീ വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ ഏകാഭിപ്രായമില്ല. ഇത് പരിഹരിക്കുക എന്നത് യു.ഡി.എഫ്. നേതൃത്വത്തിന് വലിയ തലവേദനയാകുന്നുണ്ട്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധിയിലും പ്രിയങ്ക ഗാന്ധിയിലുമാണ് ഇനി മുന്നണിയുടെ പ്രതീക്ഷ. ഔദ്യോഗിക ചടങ്ങുകള്‍ക്കായി എത്തുന്നതാണെങ്കിലും യു.ഡി.എഫ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവര്‍ സമയം കണ്ടെത്തും. ഈ ചര്‍ച്ചകളോടെ സീറ്റ് വിഭജനത്തിലെ കടുപ്പമേറിയ തര്‍ക്കങ്ങള്‍ പരിഹരിക്കാമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നത്.
വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര' മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് സമാപിക്കുന്നതോടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനമുണ്ടാകും. മറ്റ് മുന്നണികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സാവകാശം കാണിക്കുന്നത് കോണ്‍ഗ്രസിന് ആശ്വാസം പകരുന്നുണ്ടെങ്കിലും, ഘടകകക്ഷികളിലെ അതൃപ്തി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
