തലയ്ക്ക് മുകളില്‍ വളരുമോയെന്ന ഭയത്തില്‍ കണ്ണൂരിലെ നേതാക്കള്‍; കെ കെ ശൈലജയെ ഒതുക്കാന്‍ വഴികള്‍ തേടുന്നു; മട്ടന്നൂര്‍ സീറ്റില്ലെങ്കില്‍ മത്സരിക്കാനില്ലൈന്ന നിലപാടില്‍ ശൈലജ; ഇനി മത്സരിക്കില്ലെന്ന് പറഞ്ഞ സുരേഷ് കുറുപ്പ് കോട്ടയത്തെ സാധ്യതാപട്ടികയിലും; ജനകീയ മുഖങ്ങളെ ഒഴിവാക്കുന്നതില്‍ സിപിഎം അണികള്‍ക്ക് ആശങ്ക
തലയ്ക്ക് മുകളില്‍ വളരുമോയെന്ന ഭയത്തില്‍ കണ്ണൂരിലെ നേതാക്കള്‍; കെ കെ ശൈലജയെ ഒതുക്കാന്‍ വഴികള്‍ തേടുന്നു
കണ്ണൂര്‍: മൂന്നാം തവണയും അധികാരം നിലനിര്‍ത്താന്‍ വേണ്ടിയുള്ള കടുത്ത പരിശ്രമത്തിലാണ് സിപിഎം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്‍കാലങ്ങളിലുള്ള മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇക്കുറി ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍, ഈ ചര്‍ച്ചകള്‍ക്കൊപ്പം ഒതുക്കേണ്ടവരെ ഒതുക്കനുള്ള ശ്രമവും ശക്തമാണ്. സോഷ്യല്‍മീഡിയയിലും ചാനലുകളുടെ സര്‍വേകളിലും അടക്കം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തില്‍ സിപിഎമ്മില്‍ പലപ്പോഴും രണ്ടാം സ്ഥാനത്ത് എത്തിയിരുന്നത് കെ കെ ശൈലജയാണ്. വടകരയില്‍ തോറ്റെങ്കിലു ശൈലജയുടെ ജനപ്രീതി കുറിഞ്ഞിട്ടില്ലെന്ന സൂചനയായി ഇതിനെ വിലയിരുത്തുന്നുണ്ട്. എന്നാല്‍ ശൈലജയുടെ ഈ ജനപ്രീതി പാര്‍ട്ടിയിലെ ചില നേതാക്കളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് താനും.
കണ്ണൂരിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ആദ്യ ഘട്ടത്തില്‍ ശൈലജയുടെ പേര് പരിഗണിക്കാതെ പോയതും ഈ നേതാക്കളുടെ അതൃപ്തി കാരണമാണെന്ന സൂചനയുണ്ട്. പിണറായിക്ക് പകരമാര് എന്ന ചോദ്യത്തിന് പാര്‍ട്ടി ഉത്തരം നല്‍കേണ്ടതുണ്ട്. ഈ സ്ഥാനത്തേക്കുള്ള നേതാക്കളുടെ മത്സരമാണ് ഒതുക്കല്‍ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചനകള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി സാധ്യത ലിസ്റ്റില്‍ കെകെ ശൈലജക്ക് അതൃപ്തിയെന്ന് പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍.
കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതേസമയം, ശൈലജയെ വെട്ടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. 5 വട്ടം മത്സരിച്ചതിനാല്‍ ശൈലജ മത്സരിക്കേണ്ടെന്ന നിലപാടിലാണ് നേതാക്കള്‍. മട്ടന്നൂരല്ലെങ്കില്‍ ശൈലജയെ പേരാവൂരില്‍ പരിഗണിക്കാനായിരുന്നു സാധ്യത. എന്നാല്‍ വടകരയില്‍ അടക്കം പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ച സ്ഥിതിക്ക് മട്ടന്നൂരില്‍ മത്സരിക്കാനാണ് ടീച്ചര്‍ക്ക് താല്‍പ്പര്യം.
അതേസമയം, തളിപ്പറമ്പില്‍ സുകന്യയുടെ പേരിനോടും പാര്‍ട്ടിയില്‍ വിയോജിപ്പ് ഉയര്‍ന്നിട്ടുണ്ട്. സുകന്യയെ വെട്ടാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറമ്പില്‍ എംവി ഗോവിന്ദന് താല്‍പര്യം എംവി നികേഷ് കുമാറിനെയാണെന്നാണ് റിപ്പോര്‍ട്ട്. നികേഷിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദന്‍. സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റിനെ ചൊല്ലി കണ്ണൂരില്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. കാരായി രാജന്‍ നിന്നാല്‍ മറ്റിടങ്ങളില്‍ തിരിച്ചടി ആകുമോ എന്നും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
അതിനിടെ കെ. സുരേഷ് കുറുപ്പിന്റെ പേര് ഉള്‍പ്പെട്ടതിലൂടെ ചര്‍ച്ചയായി കോട്ടയം ജില്ലയിലെ സി.പി.എം. സാധ്യതാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെട്ടതും ശ്രദ്ധേയമായി. കോട്ടയം മണ്ഡലത്തിലാണ് സുരേഷ് കുറുപ്പിനെയും ഉള്‍പ്പെടുത്തിയത്. ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അപ്രതീക്ഷിത നടപടി ചര്‍ച്ചയായി. ഏറ്റുമാനൂരിന്റെ ജനപ്രതിനിധിയായിരുന്ന അദ്ദേഹം കോട്ടയത്തെ എം.പി.സ്ഥാനവും വഹിച്ചിട്ടുണ്ട്.
കോട്ടയം മണ്ഡലത്തിലേക്ക് സി.പി.എം. സംസ്ഥാന സമിതിയംഗം കെ. അനില്‍കുമാര്‍, ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഹരികുമാര്‍ എന്നിവരുമുണ്ട്. അനില്‍കുമാറാണ് കഴിഞ്ഞതവണ മത്സരിച്ചത്. ഏറ്റുമാനൂരില്‍ മന്ത്രി വി.എന്‍. വാസവന്റെ പേര് മാത്രമേയുള്ളൂ. പുതുപ്പള്ളിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റെജി സക്കറിയ, കെ.എം. രാധാകൃഷ്ണന്‍, പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി. വര്‍ഗീസ് എന്നിവരുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്.
അമിത ആത്മവിശ്വാസം വേണ്ടെന്നും ഏകപക്ഷീയ വിജയം പ്രതീക്ഷിക്കേണ്ടെന്നും വിലയിരുത്തിയ സി.പി.എം, നിയമസഭ തെരഞ്ഞെടുപ്പില്‍ സുപരിചിത മുഖങ്ങളെയാകെ രംഗത്തിറക്കി വിജയം നേടുകയെന്ന ലക്ഷ്യത്തിലേക്ക്. എല്‍.ഡി.എഫ് ജയിച്ച പകുതിയിലേറെ സീറ്റുകളില്‍ 'ടൈറ്റ് ഫൈറ്റാ'ണ് വരാന്‍ പോകുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതിനാല്‍ വിജയം മാത്രം മുന്‍നിര്‍ത്തിയാവും സ്ഥാനാര്‍ഥി നിര്‍ണയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ കനത്ത തോല്‍വിയേറ്റുവാങ്ങുന്ന യു.ഡി.എഫിന്റെയും എന്‍.ഡി.എയുടെയും പ്രധാന നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളിലടക്കം ഇക്കുറി കരുത്തരെ രംഗത്തിറക്കി മത്സരം കടുപ്പിക്കും. മറ്റിടങ്ങളിലെ പ്രചാരണത്തില്‍നിന്ന് പരമാവധി മാറ്റി യു.ഡി.എഫ് നേതാക്കളെ പ്രചാരണകാലത്ത് സ്വന്തം മണ്ഡലത്തില്‍ തളച്ചിടുകകൂടിയാണ് ലക്ഷ്യം. അതിനായി അത്തരം സീറ്റുകള്‍ ഏറ്റെടുക്കുന്നതും പാര്‍ട്ടിയുടെ ആലോചനയിലാണ്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രണ്ടു ടേം വ്യവസ്ഥ, പ്രായം, പാര്‍ട്ടിഘടകം എന്നിവയടക്കമുള്ള മാനദണ്ഡങ്ങളില്‍ ഇക്കുറി കടുംപിടിത്തമുണ്ടാവില്ല. സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ചയോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സി.പി.എം കടക്കും. കേരള കോണ്‍ഗ്രസ് (എം), ആര്‍.ജെ.ഡി എന്നിവ മാത്രമാണ് അധിക സീറ്റാവശ്യപ്പെട്ടത്. പൊതുവില്‍ കഴിഞ്ഞതവണത്തെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തിയ വിവിധ ജില്ല സെക്രട്ടേറിയറ്റുകള്‍, ഓരോ മണ്ഡലത്തിലെയും ജയസാധ്യതയുള്ള നേതാക്കളുടെ പേരുകളടങ്ങുന്ന റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് നല്‍കിവരികയാണ്. മന്ത്രിമാരടക്കം സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും മത്സരിക്കണമെന്നാണ് പൊതുവികാരം. ചുരുക്കംപേരെ മാറ്റിനിര്‍ത്താനും ആവശ്യമുയര്‍ന്നിട്ടുണ്ട്.
കടുത്ത ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തൃശൂര്‍, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് അടക്കം 10 സീറ്റുകളിലെ സ്ഥാനാര്‍ഥിനിര്‍ണയം വിവിധ ഘടകങ്ങളിലെ ചര്‍ച്ചക്കൊടുവിലാവും. വോട്ടുചോര്‍ച്ച തടയാന്‍ ഇവിടങ്ങളിലെല്ലാം പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാവും പോരിനിറങ്ങുക. കഴിഞ്ഞതവണ 11 സ്വതന്ത്രരും 75 പാര്‍ട്ടിസ്ഥാനാര്‍ഥികളുമടക്കം 86 പേരെ കളത്തിലിറക്കിയ സി.പി.എമ്മിന് അഞ്ച് സ്വതന്ത്രരടക്കം 67 പേരെയാണ് വിജയിപ്പിക്കാനായത്.
ജില്ല കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.18 അംഗ പോളിറ്റ് ബ്യൂറോയില്‍ കേരളത്തിന്റെ പ്രതിനിധികളായ നാലുപേരില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എ. വിജയരാഘവനും ഇക്കുറി കളത്തിലിറങ്ങിയേക്കും. ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉണ്ടാവില്ല.
ഇവരില്‍ മന്ത്രിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, എന്നിവര്‍ക്കൊപ്പം മുന്‍മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എസ്. സലീഖ, സെക്രട്ടറി സി.എസ്. സുജാത എന്നിവര്‍ മത്സരത്തിനുണ്ടാകും. സി.പി.എം അണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞതവണ മത്സരിക്കാന്‍ കഴിയാതിരുന്ന കുറ്റ്യാടി സീറ്റിന് പകരം പേരാമ്പ്ര കേരള കോണ്‍ഗ്രസ് (എം) ന് നല്‍കുന്നപക്ഷം എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ മത്സരത്തിനുണ്ടാവില്ല.
സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം, കെ. രാധാകൃഷ്ണന്‍ എം.പി, വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രസിഡന്റ് പി.കെ. ശ്രീമതി, സംസ്ഥാന നേതൃത്വവുമായി അകന്നുനില്‍ക്കുന്ന ഇ.പി. ജയരാജന്‍ എന്നിവര്‍ ഗോദയിലേക്കില്ലെന്നാണ് വിവരം.
പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലുമുള്‍പ്പെട്ട ഒമ്പതുപേരെ മാറ്റിനിര്‍ത്തിയാല്‍ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവശേഷിക്കുന്നത് എട്ടുപേരാണ്. ഇതില്‍ മന്ത്രിമാരായ വി.എന്‍. വാസവന്‍, സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ്, മുന്‍ എം.പി പി.കെ. ബിജു, മുന്‍ എം.എല്‍.എ എം. സ്വരാജ് എന്നിവര്‍ മത്സരിക്കും. എം.വി. ജയരാജന്‍, കെ.കെ. ജയചന്ദ്രന്‍, സി.എന്‍. മോഹനന്‍ എന്നിവര്‍ കളത്തിലുണ്ടാവാനിടയില്ല.
സംസ്ഥാന കമ്മിറ്റിയില്‍ 90 അംഗ സംസ്ഥാന കമ്മിറ്റിയിലെ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയിലുള്‍പ്പെട്ട 14 പേരെയും എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം എന്നിവരെയും മാറ്റിനിര്‍ത്തിയാല്‍ അവശേഷിക്കുന്ന 74 പേരില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, എം.ബി. രാജേഷ്, ഒ.ആര്‍. കേളു, ഡോ. ആര്‍. ബിന്ദു, വീണാജോര്‍ജ് എന്നിവര്‍ക്കൊപ്പം കെ.പി. സതീഷ് ചന്ദ്രന്‍, സി.എച്ച്. കുഞ്ഞമ്പു, എസ്. സതീഷ്, വി.കെ. സനോജ്, വി. വസീഫ്, ഡി.കെ. മുരളി, വി. ജോയി, കെ. ശാന്തകുമാരി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിത്വം ഏതാണ്ടുറപ്പിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിലെ സിറ്റിങ് എം.എല്‍.എമാരടക്കം ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി, ഏരിയ കമ്മിറ്റി അംഗങ്ങളും സ്വതന്ത്രരും മത്സരരംഗത്തുണ്ടാവും. പാര്‍ട്ടിക്ക് സ്വന്തംചിഹ്നത്തില്‍ ജയിക്കാനാവാത്തിടത്താണ് സ്വതന്ത്രരെ പരീക്ഷിക്കുക. നിലവിലെ എം.എല്‍.എമാരില്‍ ടി.ഐ. മധുസൂദനന്‍, എം. വിജിന്‍, കെ.വി. സുമേഷ്, കെ.എം. സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, യു.ആര്‍. പ്രദീപ്, എന്‍.കെ. അക്ബര്‍, ദലീമ ജോജോ, എ. രാജ, കെ.യു. ജിനീഷ് കുമാര്‍, ഐ.ബി. സതീഷ്, ഡോ. സുജിത് വിജയന്‍പിള്ള എന്നിവരും കളത്തിലുണ്ടാവും.
