കണ്ണൂരില്‍ 'ജയരാജ' യുഗത്തിന് അന്ത്യം? ടീച്ചറമ്മയ്ക്ക് പുറത്തേക്കോ? ഗോവിന്ദന്‍ മാസ്റ്റര്‍ പിടിമുറുക്കുമ്പോള്‍ കണ്ണൂര്‍ ചുവക്കുന്നത് ഭാര്യയ്ക്ക് വേണ്ടിയോ? വി.കെ സനോജ് മട്ടന്നൂരിലേക്ക്; നികേഷ് കുമാര്‍ ഔട്ട് കംപ്ലീറ്റ്‌ലി; കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറിയ്ക്ക് സാധ്യത ഏറെ; പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ

Update: 2026-02-26 02:46 GMT

കണ്ണൂര്‍: സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂരില്‍ വന്‍ രാഷ്ട്രീയ ഭൂകമ്പത്തിന് സാധ്യത. മൂന്ന് ജയരാജന്മാരെയും വെട്ടി നിരത്തിയും, ജനകീയ മുഖമായ കെ.കെ ശൈലജ ടീച്ചറെ മട്ടന്നൂരില്‍ നിന്ന് മാറ്റിയും എം.വി ഗോവിന്ദന്‍ കണ്ണൂരില്‍ സര്‍വ്വാധിപത്യം ഉറപ്പിക്കുന്നു. ഇടതു സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ എത്തിയാല്‍ ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി.കെ ശ്യാമള ടീച്ചര്‍ മന്ത്രിസഭയില്‍ എത്തുമെന്ന് ഉറപ്പാക്കുന്ന വിധത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ പുതിയ കരുനീക്കങ്ങള്‍.

കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായന്മാരായ ഇ.പി ജയരാജന്‍, പി. ജയരാജന്‍, എം.വി ജയരാജന്‍ എന്നിവര്‍ക്ക് ഇത്തവണ സീറ്റില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയ്ക്കും പടലപ്പിണക്കങ്ങള്‍ക്കും അന്ത്യം കുറിക്കാനെന്ന വ്യാജേന 'ജയരാജ യുഗ'ത്തിന് തിരശ്ശീല വീഴ്ത്താനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. മാധ്യമ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച നികേഷ് കുമാറിനും ഇത്തവണ പച്ചക്കൊടി കാട്ടിയിട്ടില്ല. കണ്ണൂരില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തുന്ന ഈ 'ക്ലീന്‍ സ്വീപ്പ്' അണികള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച കെ.കെ ശൈലജയെ മട്ടന്നൂരില്‍ നിന്ന് മാറ്റുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിനെ മട്ടന്നൂരില്‍ ഇറക്കി 'യുവരക്തം' എന്ന ലേബലില്‍ ശൈലജ ടീച്ചറെ ഒതുക്കുകയാണെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും ശൈലജ ടീച്ചറുടെ പേര് ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഇത്തരമൊരു വെട്ടിനിരത്തലിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. എല്ലാ ജില്ലയിലും ടേം നോക്കാതെ സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശൈലജയെ മാത്രം വെട്ടിയൊതുക്കുന്നത്.

എം.വി ഗോവിന്ദന്‍ താന്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നാണ് വിവരം. താന്‍ സംഘടനയെ നയിക്കുമ്പോള്‍ ഭാര്യ പി.കെ ശ്യാമളയെ നിയമസഭയില്‍ എത്തിച്ച് മന്ത്രിയാക്കാനാണ് നീക്കം. തളിപ്പറമ്പ് സീറ്റില്‍ ശ്യാമള ടീച്ചറെ മത്സരിപ്പിക്കാനാണ് ധാരണ. കണ്ണൂരിലെ പ്രബല നേതാക്കളെ ഒന്നൊന്നായി വെട്ടി മാറ്റിയാല്‍ ഭാര്യയുടെ മന്ത്രിപദത്തിന് തടസ്സമുണ്ടാകില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ കണക്കുകൂട്ടുന്നു.

കണ്ണൂര്‍ ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ഈ ഏകപക്ഷീയമായ പട്ടികയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഇടപെട്ട് തിരുത്തലുകള്‍ വരുത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. ശൈലജ ടീച്ചറെപ്പോലൊരു നേതാവിനെ മാറ്റിനിര്‍ത്തുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ടെങ്കിലും ഗോവിന്ദന്‍ മാസ്റ്ററുടെ കരുത്തിന് മുന്നില്‍ ആരും ശബ്ദമുയര്‍ത്തുന്നില്ല. കണ്ണൂരിലെ ഈ അഴിച്ചുപണി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഗുണമാകുമോ അതോ തിരിച്ചടിയാകുമോ എന്ന് കാത്തിരുന്നു കാണാം.

സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂരില്‍ ഇത്തവണയും സ്ഥാനാര്‍ത്ഥിയില്‍ മാറ്റമുണ്ടാകില്ല. രക്തസാക്ഷി ഫണ്ട് വിവാദവും പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങളും പുകയുമ്പോഴും നിലവിലെ എം.എല്‍.എ ടി.ഐ. മധുസൂദനന്‍ തന്നെ പയ്യന്നൂര്‍ പിടിക്കാന്‍ വീണ്ടും ഇറങ്ങുന്നു. കണ്ണൂരിലെ പ്രമുഖ നേതാക്കളെയും ജനകീയ മുഖങ്ങളെയും വെട്ടിനിരത്തിയ എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ വിശ്വസ്ത പട്ടികയില്‍ മധുസൂദനന്‍ ഇടംപിടിച്ചതോടെ പയ്യന്നൂര്‍ സി.പി.എമ്മില്‍ വന്‍ പൊട്ടിത്തെറിക്കാണ് സാധ്യത തെളിയുന്നത്.

ഫണ്ട് തിരിമറി ആരോപണങ്ങളില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട മധുസൂദനന് വീണ്ടും സീറ്റ് നല്‍കുന്നത് അണികള്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടുമ്പോഴും, മധുസൂദനനെ കൈവിടാന്‍ ഔദ്യോഗിക പക്ഷം തയ്യാറായില്ല. വിശ്വസ്തര്‍ക്ക് മാത്രം സീറ്റ് എന്ന ഗോവിന്ദന്‍ മാസ്റ്ററുടെ പുതിയ നയമാണ് ഇവിടെയും നടപ്പിലായിരിക്കുന്നത്.

കണ്ണൂരിലെ മൂന്ന് ജയരാജന്മാരെയും വെട്ടി നിരത്തുകയും, ജനപ്രിയ നേതാവ് കെ.കെ ശൈലജ ടീച്ചറെ മട്ടന്നൂരില്‍ നിന്ന് പുകച്ചു പുറത്താക്കുകയും ചെയ്ത നേതൃത്വം മധുസൂദനന്റെ കാര്യത്തില്‍ കാണിച്ച ഈ ആവേശം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സനോജ് മട്ടന്നൂരിലേക്ക് എത്തുമ്പോഴും പയ്യന്നൂരില്‍ മധുസൂദനനെ തന്നെ നിലനിര്‍ത്തുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നു. ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി.കെ ശ്യാമളയുടെ മന്ത്രിപദത്തിന് തടസ്സമാകാത്ത വിധം വിധേയരായ നേതാക്കളെ മാത്രം നിര്‍ത്തുന്നതിന്റെ ഭാഗമാണ് പയ്യന്നൂരിലെ ഈ സ്ഥാനാര്‍ത്ഥി പരീക്ഷണമെന്നാണ് വിമര്‍ശനം.

പയ്യന്നൂര്‍ എക്കാലത്തും ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ലെങ്കിലും, ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അണികള്‍ക്കിടയില്‍ വലിയ വിഭാഗീയത ഉണ്ടാക്കിയിട്ടുണ്ട്. വി. കുഞ്ഞിക്കൃഷ്ണനെ പോലുള്ള നേതാക്കളെ പുറത്താക്കിയതും മധുസൂദനന് വീണ്ടും പ്രാധാന്യം നല്‍കുന്നതും താഴെത്തട്ടില്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

Tags:    

Similar News