പാലക്കാട്ട് യുഡിഎഫ് - ബിജെപി ഡീല്‍ ആരോപിച്ചു സിപിഎം; രാഹുല്‍ ലീഡ് നേടിയപ്പോള്‍ യുഡിഎഫിന് അഭിവാദ്യം അര്‍പ്പിച്ച് എസ്ഡിപിഐ പ്രകടനം നടത്തി; ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ സഖ്യമാണ് രാഹുലിനെ വിജയിപ്പിച്ചത്; വിജയിച്ചത് വര്‍ഗീയ കക്ഷികളുടെ കൂട്ടെന്ന് സിപിഎം

പാലക്കാട്ട് യുഡിഎഫ് - ബിജെപി ഡീല്‍ ആരോപിച്ചു സിപിഎം

Update: 2024-11-23 09:08 GMT

പാലക്കാട്: പാലക്കാട് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന്റെ തോല്‍വിയില്‍ വിശദീകരണവുമായി സിപിഎം നേതൃത്വം രംഗത്ത്. പാലക്കാട്ട് നടന്നത് യുഡിഎഫ് -ബിജെപി ഡീല്‍ എന്ന് ആരോപിച്ചു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്തുവന്നു. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടും കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു. വിജയിച്ചത് വര്‍ഗീയ കക്ഷികളുടെ കൂട്ടോടെയെന്ന് സിപിഎം ആരോപിച്ചു. പാലക്കാട് എസ്ഡിപിഐ യുഡിഎഫിന് അഭിവാദ്യം അര്‍പ്പിച്ചു നഗരത്തില്‍ പ്രകടനം നടത്തിയതും സിപിഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.

നേരത്തെ യുഡിഎഫിന് അഭിവാദ്യം അര്‍പ്പിച്ച് പാലക്കാട് നഗരത്തില്‍ എസ്ഡിപിഐയുടെ പ്രകടനം നടന്നിരുന്നു0. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടന്ന് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നേടിതോടെയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒരിക്കല്‍പോലും വര്‍ഗീയ സംഘടനയായ എസ്ഡിപിഐയെ യുഡിഎഫോ സ്ഥാനാര്‍ഥിയോ തള്ളിപ്പറയുകയോ, വോട്ട് വേണ്ടെന്ന് പറയുകയോ ചെയ്തിരുന്നില്ല. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് എല്‍ഡിഎഫ് ചോദ്യം ഉന്നയിച്ചിട്ടും യുഡിഎഫ് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു എന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വോട്ടര്‍മാരെ അഭിനന്ദിച്ച് എസ്ഡിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തിയത്. എസ്ഡിപിഐ നിലപാടിനെ പിന്തുണച്ച് വോട്ടവകാശം വിനിയോഗിച്ച വോട്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപ്പുറത്തിന്റെ പേരിലിറങ്ങിയ സോഷ്യല്‍ മീഡിയ കാര്‍ഡിലെ വരികള്‍. എസ്ഡിപിഐയുടെ പാലക്കാട് ജില്ലാ ഘടകത്തിന്റെ പേജിലായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് സിപിഎമ്മാണ്.

പാലക്കാട് വിക്ടോറിയ കോളേജിന് മുന്‍പില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തില്‍ എസ്ഡിപിഐ പതാകയുമായി പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ആദ്യം തന്നെ എസ്ഡിപിഐ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എസ്ഡിപിഐ വോട്ടുകള്‍ ഉറപ്പിക്കാന്‍ ശ്രമം നടന്നുവെന്നും വിശുദ്ധ ഖുര്‍ആനില്‍ കൈ വെച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യുമെന്ന് സത്യം ചെയ്യിച്ചുവെന്നും തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു ആരോപിച്ചിരുന്നു.

Tags:    

Similar News