ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാല്‍ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്; ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം; സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നത്; നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് യുഡിഎഫിന്റെ നിലപാട്; പിണറായിയ്ക്കുള്ളത് മാങ്കൂട്ടം എന്ന ആയുധം മാത്രം; മുഖ്യമന്ത്രി വോട്ട് ചെയ്ത ശേഷം പ്രതികരിച്ചത് ഇങ്ങനെ
കണ്ണൂര്‍: തദ്ദേശത്തില്‍ ജയം ഉറപ്പിക്കാന്‍ ആറ്റാക്കിംഗ് മൂഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ വിവിധ തദ്ദേശ അതിര്‍ത്തികള്‍ ഉള്‍പ്പടെ എല്‍ഡിഎഫിനെ സ്വീകരിക്കുന്നു എന്നാണ് ഇതുവരെയുള്ള അനുഭവം നല്‍കുന്ന സൂചന. മികവാര്‍ന്ന വിജയത്തിലേക്ക് എല്‍ഡിഎഫ് കുതിക്കുന്ന കാഴ്ചയാണ് ഇത്തവണത്തേത്. ശബരിമലയില്‍ നടക്കാന്‍ പാടില്ലാത്ത നടന്നു എന്നത് യാഥാര്‍ഥ്യമാണ്. ആ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടെടുത്തു. ഈ സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ ഇത്ര കൃത്യതയോടെ നടപടി ഉണ്ടാകില്ല എന്ന് വിശ്വാസികള്‍ എല്ലാവരും കരുതുകയാണ്. അതുകൊണ്ട്തന്നെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് വിശ്വാസികളുടെ പിന്തുണയുണ്ട്. പക്ഷെ, തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ ദുഷ്പ്രചാരണം നടത്താനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. രണ്ടുകൂട്ടരും ഒരേ വണ്ടിയില്‍ സഞ്ചരിക്കുന്നു. ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.
ലൈംഗിക വൈകൃത കുറ്റവാളികളെ വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ വന്നാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാമെന്നും പിണറായി വിജയന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി സണ്ണി ജോസഫിന്റെ പ്രതികരണത്തോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. യഥാര്‍ത്ഥ വസ്തുതകള്‍ ഭീഷണിയെതുടര്‍ന്ന് തുറന്നുപറയാന്‍ യുവതികള്‍ ഭയപ്പെടുകയാണ്. ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാല്‍ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നുപറഞ്ഞാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയക്കുന്നു. ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം. സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് യുഡിഎഫിന്റെ നിലപാടായിട്ടേ കാണാനാകു. അതിജീവിതയ്‌ക്കൊപ്പമാണ് നാടും സര്‍ക്കാരുമുള്ളത്. അത് തുടരുകയാണ് ചെയ്യുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്നലെ സംശയം ഉന്നയിച്ചിരുന്നു. വെല്‍ ഡ്രാഫ്റ്റഡ് പരാതിയായിരുന്നുവെന്നും അതിന് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ടെന്നും അതിന്റെ ഉദ്ദേശം അറിയാമെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ബഹുജനങ്ങള്‍ തള്ളിയ സംഘടനയാണ്. വോട്ടിനായാണ് യുഡിഎഫ് അവരെ കൂടെ കൂട്ടിയതെങ്കില്‍ അത് നടക്കില്ല എന്ന് വ്യക്തമാണ്. എല്ലാവിഭാഗങ്ങളും എല്‍ഡിഎഫിനെ പൂര്‍ണ മനസ്സോടെ അംഗീകരിക്കുന്നു - മുഖ്യമന്ത്രി പറഞ്ഞു.
പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ഇതിനുശേഷം എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് നേരിട്ടത്. രണ്ടു ഘട്ടങ്ങളിലെയും തെരഞ്ഞെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയാവുകയാണ്. എല്‍ഡിഎഫിന് വലിയതോതിലുള്ള പിന്തുണ ജനങ്ങളില്‍ നിന്നും ലഭിക്കുന്നുവെന്നതാണ് പ്രചാരണത്തിലൂടെ വ്യക്തമായത്. അത് എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയാണുള്ളത്. യുഡിഎഫിന്റെ മേഖലയിലടക്കം എല്‍ഡിഎഫ് അനുകൂല തരംഗമുണ്ടാകും- പിണറായി വിജയന്‍ പറഞ്ഞു.
