സുരേഷ് ഗോപി നെട്ടിശേരിയിലെ വീട് വിറ്റതാണ്; അതുകൊണ്ട് അടുത്ത വീട്ടിലേക്ക് മാറണം എന്നാണോ ഇവര്‍ പയുന്നത്; പുതിയ വീട് അദ്ദേഹം തൃശൂരില്‍ വാങ്ങാന്‍ പോകുന്നു; ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ഉണ്ടെങ്കില്‍ അതു തെളിയിക്കണം; സുരേഷ് ഗോപിക്ക് പ്രതിരോധം തീര്‍ത്ത് ഗോപാലകൃഷ്ണന്‍; ആ വോട്ട വിവാദം അനാവശ്യമോ?

Update: 2025-12-10 07:31 GMT

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി എംപി തിരുവനന്തപുരം ശാസ്തമംഗലത്ത് വോട്ട് രേഖപ്പെടുത്തിയതിലൂടെ അദ്ദേഹത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്നു തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്. ഇതിനിടെ സുരേഷ് ഗോപിക്ക് പ്രതിരോധം തീര്‍ത്ത് ബിജെപിയും രംഗത്തു വന്നു. സിപിഐ നേതാവ് വിഎസ് സുനില്‍കുമാറാണ് ഈ വിവാദം ചര്‍ച്ചയാക്കിയത്. പിന്നാലെ കോണ്‍ഗ്രസും എത്തി.

ശാസ്തമംഗലത്ത് വോട്ട് ചെയ്തതിലൂടെ ഉരച്ചു നോക്കാതെ ചെമ്പ് പുറത്തുവന്നു. എംപിയുടെ പൊയ്മുഖം അഴിഞ്ഞുവീണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഏതു നീചപ്രവര്‍ത്തിയിലൂടെയും ചതിയിലൂടെയും തെരഞ്ഞെടുപ്പ് വിജയമാണ് തങ്ങളുടെ ലക്ഷ്യമെന്നു സുരേഷ് ഗോപിയും ബിജെപിയും തെളിയിച്ചു. ഇതു പൂര്‍ണമായും ജനങ്ങളെ കബളിപ്പിച്ചുകൊണ്ടുള്ള വിജയമാണ് അതുകൊണ്ട് അദ്ദേഹം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. തൃശൂരിലെ ജനങ്ങളെ ചതിച്ചതിനു ജനങ്ങളോട് മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ താന്‍ തൃശൂര്‍ക്കാരനാണെന്നും തൃശൂരിലാണ് താമസിക്കുന്നതെന്നും പറഞ്ഞാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു കേസെടുക്കാന്‍ കഴിയുന്ന സാഹചര്യമാണ്. ആദ്യം താന്‍ തൃശൂരാണ് എന്നു പറഞ്ഞ വോട്ട് ചെയ്യുക, എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു പോയി വോട്ട് ചെയ്യുക. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ഒരു വോട്ടര്‍ക്കു രണ്ടു സ്ഥലത്ത് വോട്ട് ഉണ്ടാകാന്‍ പാടില്ലെന്നും തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇടതുപക്ഷവും വലതുപക്ഷവും ബുദ്ധിമാന്ദ്യം ഉള്ളവരാകരുതെന്ന് ആകരുതെന്ന് ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍പ്പട്ടിക രണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതെല്ലേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി നെട്ടിശേരിയിലെ വീട് വിറ്റതാണ്. അതുകൊണ്ട് അടുത്ത വീട്ടിലേക്ക് മാറണം എന്നാണോ ഇവര്‍ പയുന്നത് പുതിയ വീട് അദ്ദേഹം തൃശൂരില്‍ വാങ്ങാന്‍ പോകുകയാണെന്നും ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ഉണ്ടെങ്കില്‍ അതു തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ-ലോക്‌സഭാ ഇലക്ഷനും വെവ്വേറെ വോട്ടര്‍ പട്ടികയാണ്. രണ്ടിലും പേരു ചേര്‍ക്കുന്നതിനും പ്രത്യേകം നടപടി ക്രമങ്ങളുണ്ട്. ശാസ്തമംഗലത്തെ വീട്ടിലാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നത്. ഈ പേര് സുരേഷ് ഗോപി വെട്ടിമാറ്റുകയോ തൃശൂരില്‍ ചേര്‍ക്കുകയോ ചെയ്തിട്ടില്ല. ശാസ്തമംഗലത്തും വീടുണ്ട്. അതുകൊണ്ട് അവിടെ വോട്ട് ചെയ്തതില്‍ നിയമ പ്രശ്‌നമൊന്നുമില്ല. തദ്ദേശ വോട്ടര്‍ പട്ടികയില്‍ തൃശൂരില്‍ പേര് ചേര്‍ക്കാത്തത് എന്തു കൊണ്ടെന്ന ചോദ്യം മാത്രമാണ് പ്രസക്തം.

ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞടുപ്പിലും സുരേഷ് ഗോപി രണ്ടിടത്ത് വോട്ട് ചെയ്തത് എങ്ങനെയെന്ന് സിപിഐ നേതാവ് വി.എസ്. സുനില്‍ കുമാര്‍ ചോദിച്ചിടത്താണ് വിവാദം തുടങ്ങിയത്. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്നും ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കണമെന്നും വി.എസ്.സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും ചെയ്തതും. ഇപ്പോള്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലും. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് സുനില്‍ കുമാര്‍ ചോദിച്ചു.

ഇതിന് തിരഞ്ഞെടുപ്പ് കമ്മിഷനും സുരേഷ് ഗോപിയും മറുപടി പറയണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. പക്ഷേ ഈ വിഷയത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഒന്നും ചെയ്യാനില്ല. കഴിഞ്ഞ തവണും ശാസ്തമംഗലത്തെ വീട്ടിലാണ് സുരേഷ് ഗോപിയുടെ പേരു സംസ്ഥാന കമ്മീഷന്റെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്.

സുരേഷ് ഗോപി

Similar News