കാല്‍ നൂറ്റാണ്ടായി എംഎല്‍എ ഇല്ലാത്ത ജില്ലയെന്ന നാണക്കേട് മാറ്റാന്‍ കോണ്‍ഗ്രസ്; മുസ്ലിംലീഗിന്റെ കരുത്തില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിച്ചു കയറാമെന്ന് യുഡിഎഫ് പ്രതീക്ഷ; ബേപ്പൂരില്‍ അന്‍വര്‍ റിയാസിന് ഭീഷണിയാകുമോ? മേധാവിത്വം നിലനിര്‍ത്താന്‍ സിപിഎമ്മും; സര്‍പ്രൈസ് നീക്കങ്ങളുമായി ബിജെപി; കോഴിക്കോട് ഇത്തവണ തീപ്പാറും!

കാല്‍ നൂറ്റാണ്ടായി എംഎല്‍എ ഇല്ലാത്ത ജില്ലയെന്ന നാണക്കേട് മാറ്റാന്‍ കോണ്‍ഗ്രസ്

Update: 2026-02-17 11:15 GMT

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുന്‍പേ കോഴിക്കോട് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കച്ചമുറുക്കുയാണ് മുന്നണികള്‍.രണ്ട് മുന്നണികളാണ് സജീവമെങ്കിലും തദ്ദേശ ഫലങ്ങള്‍ മത്സരത്തിന്റെ കടുപ്പം വര്‍ധിക്കുമെന്നതിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്.തദ്ദേശത്തിലെ രീതിയില്‍ അല്ല ജനം നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുകയെന്ന ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫിലെ പ്രധാന മുന്നണിയായ സിപിഎം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഭരണവും നേടി തദ്ദേശപ്പോരില്‍ നേടിയ മുന്‍തൂക്കം ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമാകുമെന്നും അങ്ങിനെയെങ്കില്‍ എം എല്‍ എ ഇല്ലാത്ത 25 വര്‍ഷത്തെ വരള്‍ച്ചയ്ക്ക് വിരാമമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.

ആകെയുള്ള 13 സീറ്റില്‍ 11 ഉം ഇടതിനൊപ്പം നിന്നപ്പോള്‍ 1 മുസ്ലീംലീഗിനും മറ്റൊന്ന് ആര്‍ എം പിക്കുമാണ്. യു ഡി എഫ് ആര്‍ എം പിയുമായി ചേര്‍ന്ന് പിടിച്ചെടുത്ത വടകര തിരികെ പിടിക്കുകയാണ് എല്‍ ഡി എഫിന്റെ പ്രധാന ലക്ഷ്യം.ഒപ്പം ബേപൂര്‍ പി വി അന്‍വര്‍ കൂടി വരുന്നതോടെ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.

13 ല്‍ 13 ലക്ഷ്യമിട്ട് എല്‍ഡിഎഫ്

13 സീറ്റും നേടുമെന്ന യുഡിഎഫ് തന്ത്രങ്ങള്‍ക്ക് ബദലായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവിട്ട വടകര, കൊടുവള്ളി സീറ്റുകള്‍ കൂടി നേടി 13 സീറ്റും ഉറപ്പിക്കുമെന്ന അവകാശ വാദവുമായാണ് സിപിഎം ജില്ലാ നേതൃത്വം ഇത്തവണ രംഗത്തുള്ളത്. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധമാറ്റി സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പിന്നിട്ട തിരഞ്ഞെടുപ്പില്‍ അവതരിപ്പിച്ച പ്രകടനപത്രികയില്‍ നടപ്പാക്കിയ വിഷയങ്ങളില്‍ ഊന്നിയും വോട്ടര്‍മാര്‍ക്കിടയില്‍ പ്രചാരണം സജീവമാക്കാനാണ് സിപിഎം ജില്ലാ നേതൃത്വം ഒരുങ്ങുന്നത്. മണ്ഡലം അടിസ്ഥാനത്തിലുള്ള സര്‍വേയിലൂടെ ജയസാധ്യത വിലയിരുത്തി തന്ത്രങ്ങള്‍ മെനയാനാണ് സിപിഎം ജില്ലാ നേതൃത്വം ശ്രമിക്കുന്നത്.

നിലവിലെ ഇടത് എംഎല്‍എമാര്‍ക്ക് സ്ഥാനാര്‍ഥിത്വം തുടരാനാകുമെന്ന സൂചനയാണ് സിപിഎം ജില്ലാ നേതൃത്വം നല്‍കുന്നത്. മന്ത്രി മുഹമ്മദ് റിയാസ്, ടി.പി.രാമകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, മന്ത്രി എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ എല്‍ഡിഎഫില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ്, ഡിവൈഎഫ്ഐ നേതാവ് എസ്.കെ.സജീഷ്, മുന്‍ ഡപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരിക്കെ പാര്‍ട്ടി വിട്ട് സിപിഎമ്മിലെത്തിയ കെ.പി. അനില്‍കുമാര്‍ എന്നിവരാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഇടംനേടുന്നത്. മൂന്നു ടേം വ്യവസ്ഥ നിര്‍ബന്ധമാക്കിയതോടെ നാദാപുരം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ ഇ.കെ.വിജയന്‍ മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ ഭാര്യയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ പി. വസന്തം എന്നിവരുടെ പേരുകളാണ് ഇവിടെ ചര്‍ച്ചയിലുള്ളത്.

ബേപൂരില്‍ പി വി അന്‍വര്‍ - മുഹമ്മദ് റിയാസ് നേര്‍ക്കുനേര്‍ വന്നാല്‍ സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന മണ്ഡലമായി ബേപ്പൂര്‍ മാറും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ വന്‍ ഭൂരിപക്ഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ കുത്തനെ ഇടിഞ്ഞതാണു ബേപ്പൂരില്‍ അന്‍വറിനു പ്രതീക്ഷ നല്‍കുന്ന ഘടകം.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ബേപ്പൂരില്‍ അവസാനമായി യുഡിഎഫ് ജയിച്ചത് 1977ല്‍ ആണ്. അന്നു ജയിച്ച കോണ്‍ഗ്രസ് നേതാവ് എന്‍.പി.മൊയ്തീന്‍ 1980ലും വിജയം ആവര്‍ത്തിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായാണു മത്സരിച്ചത്. 1982 മുതല്‍ തുടര്‍ച്ചയായി സിപിഎം സ്ഥാനാര്‍ഥികളാണു ജയിക്കുന്നത്.

2021ല്‍ റിയാസിന്റെ ഭൂരിപക്ഷം 28,747 വോട്ടായിരുന്നെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം മണ്ഡലത്തില്‍ എല്‍ഡിഎഫിനുള്ള മേല്‍ക്കൈ 1340 വോട്ടാണ്. കോഴിക്കോട് കോര്‍പറേഷന്റെ 41 മുതല്‍ 54 വരെ വാര്‍ഡുകളും ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് ബേപ്പൂര്‍ മണ്ഡലം. കോര്‍പറേഷന്റെ 14 വാര്‍ഡുകളില്‍ 4 ഇടത്ത് യുഡിഎഫും 9 ഇടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയുമാണു ജയിച്ചത്. ഫറോക്ക്, രാമനാട്ടുകര നഗരസഭകള്‍ യുഡിഎഫും കടലുണ്ടി പഞ്ചായത്ത് എല്‍ഡിഎഫും ഭരിക്കുന്നു.

കാല്‍നൂറ്റാണ്ടിന്റെ വരള്‍ച്ച അവസാനിപ്പിക്കണം! ശ്രദ്ധയോടെ യുഡിഎഫ്

2021 ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ ആകാത്ത ജില്ലയായിരുന്നു കോഴിക്കോട്. വടകരയില്‍ യുഡിഎഫിലെ അസോഷ്യേറ്റ് അംഗമായ ആര്‍എംപിയിലെ കെ.കെ.രമയും (ഭൂരിപക്ഷം 7,491 വോട്ട്) കൊടുവള്ളിയില്‍ മുസ്ലിം ലീഗിലെ എം.കെ.മുനീറും (ഭൂരിപക്ഷം 6,344 വോട്ട്) ജയിച്ചു കയറിയെങ്കിലും 13 ല്‍ 11 സീറ്റും നേടിയാണ് ഇടതുമുന്നണി ജില്ലയില്‍ കരുത്തു തെളിയിച്ചത്. 2001 ലാണ് ജില്ലയില്‍ കോണ്‍ഗ്രസിന് അവസാനമായി ഒരു എംഎല്‍എ ഉണ്ടായത്. 25 വര്‍ഷം പിന്നിടുന്ന ഈ സം'പൂജ്യ' തോല്‍വിയില്‍നിന്നു മാറി ഇത്തവണ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

13 ല്‍ പകുതി സീറ്റെങ്കിലും നേടാമെന്നാണ് യുഡിഎഫ് നേതൃത്വം കണക്ക് കൂട്ടുന്നത്.നിലവിലുള്ള വടകരയ്ക്കും കൊടുവളളിക്കും പുറമെ ഇത്തവണ തിരുവമ്പാടിക്കും കൊയ്‌ലാണ്ടിക്കും കോഴിക്കോട് സൗത്തിനും സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍.കൊടുവള്ളി ലീഗ് കോട്ടയായതിനാല്‍ ആധിയില്ല.പക്ഷെ ആരോഗ്യ പ്രശ്‌നങ്ങളാല്‍ എം കെ മുനീര്‍ മാറിയാല്‍ ആരാവും സ്ഥാനാര്‍ത്ഥി എന്ന ചോദ്യം പ്രസക്തമാണ്.ജയസാധ്യത വിലയിരുത്തി ലീഗും കോണ്‍ഗ്രസും ചില സീറ്റുകള്‍ വച്ചുമാറാനുള്ള നീക്കവും നടക്കുന്നു. പരിചയസമ്പന്നരെയും യുവമുഖങ്ങളെയും ഒരുപോലെ ഉള്‍പ്പെടുത്തി ജില്ലയില്‍ ഈ മാസം തന്നെ ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക അവതരിപ്പിച്ച് പ്രചാരണത്തില്‍ മുന്നേറാനാണ് യുഡിഎഫ് നീക്കം.

ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍,കെ എം അഭിജിത്ത്,കെ ജയന്ത് തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്.ബത്തേരിയില്‍ കെപിസിസി നടത്തിയ എക്സിക്യൂട്ടീവ് യോഗത്തില്‍ ഉരുത്തിരിഞ്ഞ 'ലക്ഷ്യ 2026' പദ്ധതികളുടെ ഭാഗമായി മണ്ഡലം മുതല്‍ ജില്ല വരെ ചുമതലയുളളവരുടെ ഏകോപന സമിതി ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ബ്ലോക്ക്, ബൂത്ത് തലങ്ങളില്‍ അതത് ഇടത്തെ മുതിര്‍ന്ന അംഗങ്ങള്‍ക്കും മണ്ഡലത്തില്‍ കെപിസിസി ഭാരവാഹിക്കുമാണ് ഏകോപനചുമതല.മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടവകാശം ഉണ്ടായിട്ടും എസ്ഐആറില്‍ പട്ടികയില്‍നിന്ന് പുറത്തായവരെ കണ്ടെത്തി ഉള്‍പ്പെടുത്താനുള്ള നിശാ ക്യാംപുകള്‍ക്കും കോണ്‍ഗ്രസ് നടത്തി. ബൂത്ത് തലത്തില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌കിലൂടെ എസ്ഐആര്‍ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിം ലീഗും സജീവമായി രംഗത്തുണ്ട്.

ജയസാധ്യത കണക്കിലെടുത്ത് സീറ്റ് വെച്ചുമാറ്റത്തിനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.ലീഗ് മല്‍സരിക്കുന്ന കുന്നമംഗലം ഏറ്റെടുത്ത് സിഎംപിയുടെ സി.എന്‍.വിജയകൃഷ്ണന് നല്‍കി പകരം ബേപ്പൂര്‍ സീറ്റ് ലീഗിന് നല്‍കുന്നതും ചര്‍ച്ചയിലുണ്ട്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ നാദാപുരത്തിന് പകരം കൊയിലാണ്ടിയില്‍ മല്‍സരിക്കാനാണ് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ ശ്രമിക്കുന്നതെന്നാണു സൂചന. അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് കാനത്തില്‍ ജമീലയ്ക്കെതിരെ 8,472 വോട്ടിന്റെ കുറവില്‍ തോറ്റത് തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ടില്‍ നേടിയ മുന്‍തൂക്കം വച്ച് കൊയിലാണ്ടിയില്‍ അനായാസമായി മറികടക്കാനാകുമെന്ന വിലയിരുത്തലും കോണ്‍ഗ്രസിലുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്തും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നാദാപുരം സീറ്റില്‍ നിലവിലെ എംഎല്‍എ സിപിഐയുടെ ഇ.കെ.വിജയന്‍ പിന്‍മാറുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് മല്‍സരിച്ചുവരുന്ന ഈ സീറ്റ് മുസ്ലിം ലീഗിന് നല്‍കി പകരം തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വച്ചുമാറാനുള്ള സാധ്യതയും യുഡിഎഫ് പരിശോധിക്കുന്നു. അങ്ങനെ വന്നാല്‍ ക്രൈസ്തവ വിഭാഗത്തിലെ ഒരു സ്ഥാനാര്‍ഥിയെ തിരുവമ്പാടിയില്‍ രംഗത്തിറക്കി സീറ്റ് പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

തദ്ദേശത്തിലെ മുന്‍തൂക്കമാണ് ഇത്തവണ കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 5 പഞ്ചായത്തുകളിലും പേരാമ്പ്രയില്‍ 6 പഞ്ചായത്തിലും ഒരു ബ്ലോക്ക് പഞ്ചായത്തിലുമാണ് യുഡിഎഫിന് ഇത്തവണ ഭരണം ലഭിച്ചത്. ബാലുശ്ശേരിയില്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുല്യനിലയാണ്. കൊയിലാണ്ടിയില്‍ ഒരു മുനിസിപ്പാലിറ്റിയും 3 പഞ്ചായത്തും കുന്ദമംഗലത്ത് 5 പഞ്ചായത്തുകളും 1 ബ്ലോക്ക് പഞ്ചായത്തും നാദാപുരത്തും കുറ്റ്യാടിയിലും 4 പഞ്ചായത്തു വീതവുമാണ് യുഡിഎഫ് നേടിയത്. 2021 ല്‍ ലീഗ് മല്‍സരിച്ച കൊടുവള്ളി, കുറ്റ്യാടി, തിരുവമ്പാടി, കോഴിക്കോട് സൗത്ത്, കുന്നമംഗലം, കോണ്‍ഗ്രസ് മല്‍സരിച്ച ബാലുശ്ശേരി, കൊയിലാണ്ടി, നാദാപുരം, ആര്‍എംപി നേടിയ വടകര എന്നിവിടങ്ങളിലാണ് തദ്ദേശവോട്ടുകണക്കില്‍ യുഡിഎഫിന് മുന്‍തൂക്കമുള്ളത്. എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ ഇടതുമുന്നണിയാണ് മുന്നില്‍. ബേപ്പൂരില്‍ വോട്ടുകണക്കില്‍ രണ്ടായിരത്തിനു താഴെ വോട്ടു മാത്രമാണ് എല്‍ഡിഎഫിന് കൂടുതലായി ഉള്ളൂവെന്നത് അട്ടിമറി സാധ്യത വെളിപ്പെടുത്തുന്നതായാണ് യുഡിഎഫ് പ്രതീക്ഷ.

നാലു മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉടനീളം ലഭിച്ച വോട്ടുനേട്ടം നിലനിര്‍ത്തി നിയമസഭയില്‍ ജില്ലയിലെ 13 ല്‍ നാലു മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നി മുന്നേറാനാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ നീക്കം. തദ്ദേശത്തില്‍ ഏഴ് സിറ്റുകളില്‍ നിന്ന് ഇക്കുറി പതിമൂന്നിലേക്ക് ഉയര്‍ത്താന്‍ എന്‍ ഡി എയ്ക്ക് സാധിച്ചിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍, കുന്നമംഗലം, കോഴിക്കോട് സൗത്ത്, വടകര എന്നീ മണ്ഡലങ്ങളിലാണ് ബിജെപി സജീവമായി രംഗത്തിറങ്ങുക. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു, കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ എന്നിവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകും. ജില്ലയിലെ ചില മണ്ഡലങ്ങളില്‍ സംസ്ഥാന നേതൃത്വം നടത്തിയ പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം സര്‍പ്രൈസ് സ്ഥാനാര്‍ഥികളും ഇത്തവണ രംഗത്തെത്താന്‍ ഇടയുണ്ടെന്നാണു വിവരം.

കോഴിക്കോട് സിറ്റി- റൂറല്‍ പ്രസിഡന്റുമാരായ പ്രഫുല്‍ കൃഷ്ണയും പ്രകാശ് ബാബുവും ഉള്‍പ്പടെ മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന.

2021 ലെ കണക്കുകള്‍

എല്‍ ഡി എഫ്

1. മുഹമ്മദ് റിയാസ് - ബേപ്പൂര്‍ -28,747

2. അഹമ്മദ് ദേവര്‍ കോവില്‍ - കോഴിക്കോട് സൗത്ത് - 12,549

3. തോട്ടത്തില്‍ രവീന്ദ്രന്‍ - കോഴിക്കോട് നോര്‍ത്ത് -12,928

4. കെ പി കുഞ്ഞമ്മദ് കുട്ടി - കുറ്റ്യാടി -333

5. ഇ കെ വിജയന്‍ -നാദാപുരം -4,035

6. കാനത്തില്‍ ജമീല - കൊയ്‌ലാണ്ടി- 8,472

7. ടി പി രാമകൃഷണന്‍ - പേരാമ്പ്ര -22,592

8. കെ എം സച്ചിന്‍ ദേവ് -ബാലുശ്ശേരി -20, 372

9. എ കെ ശശീന്ദ്രന്‍ - ഏലത്തൂര്‍ -38,502

10. ലിന്റോ ജോസഫ് -തിരുവമ്പാടി -4,643

11. പി ടി എ റഹീം -കുന്ദമംഗലം-10,276

യുഡിഎഫ്

1. കെ കെ രമ -വടകര-7,491

2. എം കെ മുനീര്‍ -കൊടുവള്ളി - 6,343

നാളെ കണ്ണൂര്‍

Tags:    

Similar News