77-81 സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ലോക്‌പോള്‍ സര്‍വേ; എല്‍.ഡി.എഫിന് പരമാവധി 58-62 സീറ്റുകള്‍ വരെ; എന്‍.ഡി.എക്ക് 1-2 സീറ്റുകള്‍ ലഭിച്ചേക്കാമെന്നും സര്‍വേ; തെരഞ്ഞെടുപ്പ് പ്രചരണം തിളച്ചു മറിയവേ യുഡിഎഫിന് ആത്മവിശ്വാസമായി ഒരു സര്‍വേഫലം കൂടി
77-81 സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ലോക്‌പോള്‍ സര്‍വേ
തിരുവനന്തപുരം: ഹാട്രിക് ഭരണം പിടിക്കാന്‍ പിണറായി വിജയന് സാധിക്കുമോ? പുറത്തുവരുന്ന സര്‍വേകളില്‍ ഭൂരിപക്ഷവും യുഡിഎഫ് ഭരണമാണ് പ്രവചിക്കുന്നത്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ലോക്‌പോള്‍ സര്‍വേയും യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം.
തെരഞ്ഞെടുപ്പില്‍ 77 മുതല്‍ 81 സീറ്റുകള്‍ വരെ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് ലോക്‌പോളിന്റെ അന്തിമ പ്രീ-പോള്‍ സര്‍വേ ഫലം പറയുന്നത്. എല്‍.ഡി.എഫ് 58 മുതല്‍ 62 വരെ സീറ്റുകളില്‍ ഒതുങ്ങും. എന്‍.ഡി.എക്ക് ഒന്നു മുതല്‍ രണ്ടു സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.
യു.ഡി.എഫിന് 42-44 ശതമാനം വോട്ട് പ്രവചിക്കുന്ന സര്‍വേ എല്‍.ഡി.എഫ് 39-41 ശതമാനം വരെ വോട്ട് നേടിയേക്കാമെന്നും പറയുന്നു. ബി.ജെ.പി 14-16 ശതമാനം വരെ വോട്ട് ലഭിച്ചേക്കാമെന്നും പറയുന്നു. മാര്‍ച്ച് 16 മുതല്‍ 31 വരെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ലോക്പോളിന്റെ പ്രവചനം.
36,400 പേരില്‍നിന്നാണ് അഭിപ്രായം ആരാഞ്ഞത്. ഫെബ്രുവരിയില്‍ നടത്തിയ പ്രീ-പോള്‍ സര്‍വേയിലും യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ പ്രചാരണവും തിളച്ചുമറിയുകയാണ്. ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് ഫലം പ്രഖ്യാപിക്കും.
നേരത്തെ മനോരമ ന്യൂസ് -സി വോട്ടര്‍ നടത്തിയ മെഗാ ഇലക്ഷന്‍ സര്‍വേയും യുഡിഎഫിനാണ് അധികാരം പ്രവചിച്ചത്. സര്‍വേയില്‍ യുഡിഎഫിന് 69 മുതല്‍ 81 വരെ സീറ്റുകള്‍ ലഭിക്കാമെന്ന് വ്യക്തമാക്കുന്നു. നിലവില്‍ ഭരണത്തിലുള്ള ഇടതുമുന്നണിക്ക് 57 മുതല്‍ 69 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്. എന്‍ഡിഎ ഒന്നുമുതല്‍ അഞ്ചുവരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി പിണറായി വിജയന്റെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തിലെത്തിയ ഇടതുമുന്നണിക്ക് ഇത്തവണ ഗണ്യമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ 30 മുതല്‍ 42 വരെ നഷ്ടപ്പെട്ടേക്കാം. അതേസമയം, യുഡിഎഫിന് 28 മുതല്‍ 40 വരെ അധിക സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നും സര്‍വേ പറയുന്നു. 2021-ല്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന എന്‍ഡിഎയ്ക്ക് ഇത്തവണ ഒന്നിലേറെ സീറ്റുകള്‍ നേടാന്‍ അവസരമുണ്ടെന്നും ഇത് ഒരു വലിയ നേട്ടമാകുമെന്നും സര്‍വേ വിലയിരുത്തുന്നു. മൂന്നുദിവസങ്ങളിലായാണ് സര്‍വേ ഫലങ്ങള്‍ മനോരമന്യൂസ് പുറത്തുവിട്ടത്.
