യുഎസിന്റെ എഫ് 15, എഫ്-35 വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ഇറാന്‍; പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായി വിവരം; പുറത്തേക്ക് ചാടിയ പൈലറ്റുമാര്‍ക്കായി തിരച്ചില്‍; 'പിടികൂടുന്നവര്‍ക്ക് വമ്പന്‍ പാരിതോഷികം' നല്‍കുമെന്ന് പ്രഖ്യാപിച്ചു ഇറാന്‍ അധികൃതര്‍; തകര്‍ന്ന എഫ്-15 വിമാനത്തിന്റെ സീറ്റ് പ്രദര്‍ശിപ്പിച്ചു ഐആര്‍ജിസി
ടെഹ്റാന്‍: ഒന്നരമാസമായി തുടരുന്ന ഇറാന്‍-അമേരിക്ക യുദ്ധത്തിനിടെ നിര്‍ണ്ണായക വഴിത്തിരിവ്. തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുകള്‍. വിമാനത്തില്‍ നിന്ന് പൈലറ്റുമാര്‍ പുറത്തേക്ക് തെറിച്ചതായും ഇദ്ദേഹത്തെ കണ്ടെത്താന്‍ ഇറാനിയന്‍ സൈന്യം ഊര്‍ജ്ജിത തിരച്ചില്‍ ആരംഭിച്ചതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് മുകളില്‍വെച്ച് അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടന്നെ അവകാശവാദവുമായി ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) രംഗത്തുവന്നത്. ഒരു എഫ്-15 ഇ യുദ്ധവിമാനവും ഒരു എഫ്-35 യുദ്ധവിമാനവുമാണ് വെടിവെച്ചിട്ടതെന്ന് ഇറാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തെ തുടര്‍ന്ന് വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാര്‍ പുറത്തേക്ക് ചാടിയതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തില്‍നിന്ന് പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായും ഇത്തരത്തില്‍ രക്ഷപ്പെട്ട യുഎസ് പൈലറ്റുമാര്‍ക്കായി ഇറാന്‍ സൈന്യവും ജനങ്ങളും തിരച്ചില്‍ നടത്തിവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൈലറ്റിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ ഭരണകൂടം പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെ ജീവനോടെ പിടികൂടി പോലീസിന് കൈമാറുന്നവര്‍ക്ക് വിലപ്പെട്ട സമ്മാനം നല്‍കുമെന്ന് പ്രാദേശിക ടിവി ചാനലുകള്‍ വഴി ഇറാന്‍ അറിയിപ്പ് നല്‍കി. കൊഹ്ഗിലുയേ, ബോയര്‍-അഹമ്മദ് പ്രവിശ്യകളിലെ പര്‍വ്വതനിരകളിലാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റിനെ ജീവനോടെ പിടികൂടി സൈന്യത്തിന് കൈമാറുന്നവര്‍ക്ക് വലിയ തുക പാരിതോഷികം നല്‍കുമെന്ന് ഇറാനിയന്‍ ഭരണകൂടം പ്രഖ്യാപിച്ചു.
തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലേക്ക് സ്വകാര്യ വാഹനങ്ങളില്‍ ജനക്കൂട്ടം ഇരച്ചെത്തുന്നതായാണ് വിവരം. പൈലറ്റിനോട് ക്രൂരമായി പെരുമാറരുതെന്ന് സൈന്യം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 'അമേരിക്കക്കാരെ കണ്ടാലുടന്‍ വെടിവെക്കുക' എന്ന് ആദ്യം നിര്‍ദേശം നല്‍കിയെങ്കിലും പിന്നീട് ഇത് തിരുത്തി പൈലറ്റിനെ ജീവനോടെ പിടികൂടാന്‍ ആവശ്യപ്പെടുകയായിരുന്നു.
ടെഹ്‌റാനില്‍നിന്ന് ഏകദേശം 500 കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറ് മാറിയുള്ള കോഹ്ലിലുയെ ആന്‍ഡ് ബോയര്‍-അഹമ്മദ് പ്രവിശ്യയില്‍ വെച്ചാണ് എഫ്-15 ഇ യുദ്ധവിമാനം തകര്‍ക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഈ വിമാനത്തില്‍നിന്ന് രക്ഷപ്പെട്ട പൈലറ്റ് ഇറാന്‍ സൈന്യത്തിന്റെ പിടിയിലായെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച ഐആര്‍ജിസിയാണ് എഫ്-15 വിമാനം വെടിവെച്ചിട്ടത്. തങ്ങളുടെ പുതിയ അത്യാധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്നാണ് ഇവരുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് ലേക്കന്‍ഹീത്ത് സ്‌ക്വാഡ്രണില്‍പ്പെട്ട ഒരു എഫ്-35 യുദ്ധവിമാനം കൂടി തകര്‍ത്തതായും ഐആര്‍ജിസി അവകാശപ്പെട്ടത്.
അപകടത്തില്‍പ്പെട്ട വിമാനങ്ങളിലെ പൈലറ്റുമാരെ രക്ഷിക്കാനായി അമേരിക്കന്‍ സൈന്യം കോംബാറ്റ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേഷന്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഈ പ്രദേശത്ത് പറക്കുന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ പങ്കുവെച്ച ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.
ഇറാനില്‍വെച്ച് തങ്ങളുടെ ഒരു യുദ്ധവിമാനം തകര്‍ക്കപ്പെട്ടതായും പൈലറ്റുമാര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡോ പെന്റഗണോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗികമായി പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
പൈലറ്റുമാരെ കണ്ടെത്താനായി അമേരിക്ക നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ ഇതിനുമുമ്പും യുഎസ് വിമാനങ്ങള്‍ തകര്‍ത്തതായി അവകാശപ്പെട്ടിരുന്നുവെങ്കിലും അമേരിക്ക അത് തള്ളുകയായിരുന്നു. എന്നാല്‍ ഇക്കുറി തകര്‍ന്ന വിമാനത്തിലെ പൈലറ്റുമാര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്
ആദ്യം തകര്‍ന്നത് എഫ്-35 വിമാനമാണെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നെങ്കിലും, സംഭവസ്ഥലത്തുനിന്ന് ലഭിച്ച വാലുഭാഗത്തിന്റെ അവശിഷ്ടങ്ങള്‍ എഫ്-15ഇ വിമാനത്തിന്റേതാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ ആര്‍.എ.എഫ് ലേക്കന്‍ഹീത്ത് ആസ്ഥാനമായുള്ള 494-ാം ഫൈറ്റര്‍ സ്‌ക്വാഡ്രന്റെ മുദ്ര പതിപ്പിച്ച ഭാഗങ്ങളാണ് കണ്ടെത്തിയത്. പൈലറ്റുകള്‍ പുറത്തേക്ക് ചാടാന്‍ ഉപയോഗിച്ച ഇജക്ഷന്‍ സീറ്റും ഇറാന്‍ സൈന്യം കണ്ടെത്തി പ്രദര്‍ശിപ്പിച്ചു. ഇത് പൈലറ്റുകള്‍ ജീവനോടെയുണ്ടെന്ന സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
തങ്ങളുടെ പൈലറ്റുകളെ കണ്ടെത്താന്‍ അമേരിക്കന്‍ സൈന്യവും അതിവേഗ ദൗത്യം ആരംഭിച്ചു. ഇറാന്റെ ആകാശപരിധിയില്‍ താഴ്ന്നുപറക്കുന്ന സി-130 വിമാനങ്ങളും ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇതിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ പറയുന്നു. വിമാനത്തില്‍ ഒരു പൈലറ്റും ഒരു വെപ്പണ്‍ സിസ്റ്റം ഓഫീസറും ഉള്‍പ്പെടെ രണ്ട് പേരാണുണ്ടായിരുന്നത്.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തോടെ ഇറാനില്‍ 1,900-ലധികം പേര്‍ കൊല്ലപ്പെട്ടു. 13 അമേരിക്കന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയില്‍ യുദ്ധം വ്യാപിച്ചത്.
