'ധനരാജ് രക്തസാക്ഷി ഫണ്ട് കട്ട പാര്‍ട്ടിയിലെ ശവം തൂക്കികളെ വെളുപ്പിക്കാന്‍ മടി കാണിച്ചില്ല...'; ഫണ്ട് കട്ട വിഷയം ചോദ്യമായി ഉന്നയിച്ചപ്പോള്‍ ഒരു ചോദ്യത്തിനുത്തരം മറുചോദ്യമല്ല എന്ന വിതണ്ഡ വാദമുയര്‍ത്തി; എം. സ്വരാജിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണന്‍

'ധനരാജ് രക്തസാക്ഷി ഫണ്ട് കട്ട പാര്‍ട്ടിയിലെ ശവം തൂക്കികളെ വെളുപ്പിക്കാന്‍ മടി കാണിച്ചില്ല...'

Update: 2026-04-03 16:33 GMT

കണ്ണൂര്‍: എം. സ്വരാജിന് മറുപടിയുമായി പയ്യന്നൂരിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണണ്‍. സഖാവ് ധനരാജ് രക്തസാക്ഷി ഫണ്ട് കട്ട പാര്‍ട്ടിയിലെ ശവം തൂക്കികളെ വെളുപ്പിക്കാന്‍ എം. സ്വരാജ് യാതൊരു മടിയും കാണിച്ചില്ലെന്നും അത് വെളിച്ചത്ത് കൊണ്ടുവന്ന തന്നെ അപഹസിച്ചെന്നും കുഞ്ഞികൃഷ്ണന്‍ വിമര്‍ശിച്ചു.

പയ്യന്നൂരില്‍ പാര്‍ട്ടിയിലെ ആശ്രിത ന്യായീകരണ കുതുകികള്‍ ചര്‍ദ്ദിച്ച് പാളിയ പ്രതിരോധ വചനങ്ങളെ സവിശേഷമായ കണ്ടുപിടിത്തമായി പുന:രവതരിപ്പിച്ചു എന്നത് മാത്രമാണ് ഈ മഹാന്റെ സംഭാവനയെന്നും അദ്ദേഹം പരിഹസിച്ചു. ഫണ്ട് കട്ട വിഷയം ചോദ്യമായി ഉന്നയിച്ചപ്പോള്‍ ഒരു ചോദ്യത്തിനുത്തരം മറുചോദ്യമല്ല എന്ന വിതണ്ഡ വാദമാണ് സ്വരാജില്‍ നിന്നാദ്യമുണ്ടായത്. പിന്നീട് ആ ചോദ്യത്തെ കോണ്‍ഗ്രസ്സിനെതിരെ സ്വരാജ് തന്നെ ഉന്നയിച്ച ചോദ്യത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം മാത്രമായിരുന്നു കണ്ടതെന്നും കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരെയുള്ള ഈ പോരാട്ടത്തില്‍ സത്യത്തെ ആയുധമാക്കി മുന്നോട്ട് പോകുമെന്നും അഴിമതിക്കെതിരായ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം രക്തസാക്ഷിയുടെ പേരില്‍ പിരിച്ചിട്ടുള്ള ഫണ്ടില്‍ നിന്നു ഒരണ വകമാറുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലെന്ന് സ്വരാജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു കള്ളന്‍ ചോദിച്ചാല്‍ പുറത്തു വിടേണ്ടതല്ല രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍. പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പാര്‍ട്ടി അനുഭവികളില്‍ നിന്നും മാത്രം ശേഖരിച്ച പണമാണത്. എന്താവശ്യത്തിന് വേണ്ടിയാണോ പണം പിരിച്ചത്, ആ ആവശ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണെന്നും സ്വരാജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

വി. കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ചട്ട കണ്ട് പുസ്തകത്തെ വിലയിരുത്തരുത് എന്ന ഒരു വാക്യമുണ്ട്. അനര്‍ഗ്ഗള നിര്‍ഗ്ഗളം പൊഴിക്കുന്ന വാക് സാമര്‍ത്ഥ്യത്തില്‍ വീണുപോകരുത്. കാരണം വാക്കുകളില്‍ പുറമേ കാണുന്ന മാനവികതയുടെ കുത്തൊഴുക്ക് പ്രവര്‍ത്തിയില്‍ കാണണമെന്നില്ല.

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കാര്‍ക്കശ്യക്കാരനും ധാര്‍മ്മികത വാരി വിതറുകയും സാധാരണ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പടവാളുയര്‍ത്തുകയും ചെയ്യുന്ന സ്വരാജ്, പാര്‍ട്ടിയുടെ ഘടനാരൂപത്തില്‍ അഭിരമിക്കുന്ന, പാര്‍ട്ടിയുടെ ദാര്‍ശനിക തലത്തില്‍ വാചാടോപം നടത്തുന്ന ഒരു വ്യക്തി മാത്രമാണ്.

യഥാര്‍ത്ഥത്തില്‍ വൈരുധ്യങ്ങളുടെ വിഹായസ്സില്‍ അഭിരമിച്ച്; തന്റേതന്നെ കുയുക്തിയില്‍ ഉടലെടുക്കുന്ന തര്‍ക്കബുദ്ധിയില്‍ ആത്മരതി അനുഭവിക്കുന്ന വ്യക്തി മാത്രമാണ് സഖാവ് എം സ്വരാജ്.

സ്വരാജിനെ വായിക്കേണ്ടത് സമാനമായ വിഷയത്തില്‍ സ്വരാജ് നടത്തിയ പ്രസ്താവനകളെ താരതമ്യപ്പെടുത്തിയാണ്.

വൈകാരികമായി ശവംതൂക്കികള്‍ എന്ന പ്രയോഗത്തിനെ തന്റെ തന്നെ ആധികാരികമെന്ന് തോന്നുന്ന ശൈലിയില്‍ തൊട്ട് തലേ ദിവസം അവതരിപ്പിച്ച അതേ സ്വരാജ്, സഖാവ് ധനരാജ് രക്തസാക്ഷി ഫണ്ട് കട്ട പാര്‍ട്ടിയിലെ ശവം തൂക്കികളെ വെളുപ്പിക്കാന്‍ യാതൊരു മടിയും കാണിച്ചില്ല എന്ന് മാത്രമല്ല, അത് വെളിച്ചത്ത് കൊണ്ടുവന്ന എന്നെ അപഹസിക്കുകയും ചെയ്തു!

പയ്യന്നൂരില്‍ പാര്‍ട്ടിയിലെ ആശ്രിത ന്യായീകരണ കുതുകികള്‍ ചര്‍ദ്ദിച്ച് പാളിയ പ്രതിരോധ വചനങ്ങളെ സവിശേഷമായ കണ്ടുപിടിത്തമായി പുന:രവതരിപ്പിച്ചു എന്നത് മാത്രമാണ് ഈ മഹാന്റെ സംഭാവന.

ഫണ്ട് കട്ട വിഷയം ചോദ്യമായി ഉന്നയിച്ചപ്പോള്‍ ഒരു ചോദ്യത്തിനുത്തരം മറുചോദ്യമല്ല എന്ന വിതണ്ഡ വാദമാണ് സ്വരാജില്‍ നിന്നാദ്യമുണ്ടായത്. പിന്നീട് ആ ചോദ്യത്തെ കോണ്‍ഗ്രസ്സിനെതിരെ സ്വരാജ് തന്നെ ഉന്നയിച്ച ചോദ്യത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം മാത്രമായിരുന്നു കണ്ടത്.

സഖാവ് ധനരാജിന്റേതടക്കമുള്ള വിഷയങ്ങള്‍ ആദ്യമുന്നയിച്ചത് പാര്‍ട്ടിക്കുള്ളിലാണ്.

നിരന്തരമായി ഈ വിഷയത്തിനുമേല്‍ നടന്ന ഉള്‍പാര്‍ട്ടി പോരാട്ടത്തിന്റെ അനന്തര ഫലമെന്നോണമാണ് പരസ്യമായി ജനങ്ങളുടെ മുന്നില്‍ പിന്നീടത് ഉന്നയിക്കേണ്ടി വന്നത്. സ്വരാജ് ബോധപൂര്‍വ്വം അത് തമസ്‌കരിച്ചു. തന്റെ തന്നെ നേതാവിന്റെ മുന്‍ പ്രസ്താവനകളെ അടിസ്ഥാനപ്പെടുത്തി ചിന്തിച്ചാല്‍ ഈ പോരാട്ടത്തിന്റെ ആരംഭം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ആരംഭിച്ചതായി തിരിച്ചറിയാന്‍ സാധിക്കാത്തതല്ല. പക്ഷേ അങ്ങനെ ചെയ്താല്‍ തര്‍ക്കബുദ്ധിക്കാരന്റെ കള്ളി വെളിച്ചത്താവും!

20299 എന്ന എസ്ബി എക്കൗണ്ട് സാങ്കേതികമായി പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയുടെ അക്കൗണ്ട് ആണെന്ന് പറഞ്ഞാലും, ഏരിയ സെക്രട്ടറി ആയിരിക്കെ ഞാനത് പിന്നീട് ഉപയോഗിച്ചു എന്ന് പറഞ്ഞാലും, ആ എക്കൗണ്ടിലേക്ക് വന്ന തുക എങ്ങനെയാണ് സഖാവ് ധനരാജിന്റെ വീട് നിര്‍മ്മാണത്തിനുള്ള ധനവിനിയോഗത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായത്? സ്വരാജ് ഒരക്ഷരം മിണ്ടുന്നില്ല. പകരം ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നതില്‍ വ്യഗ്രത കാട്ടുകയായിരുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് സ്ഥിര നിക്ഷേപമാക്കി മാറ്റിയ 40 ലക്ഷത്തില്‍ 20 ലക്ഷം രൂപ എങ്ങോട്ട് പോയി എന്നതിന്റെ കണക്ക് ചോദിക്കുമ്പോള്‍ ഒരു നയാ പൈസ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ഉത്തരമെങ്കില്‍ അതിന്റെ കണക്ക് ഏരിയ കമ്മറ്റിയുടെ കണക്കില്‍ കാണേണ്ടതല്ലേ, കണക്ക് ഓഡിറ്റ് ചെയ്ത ഞാന്‍ അത് കണ്ടിട്ടില്ലെന്ന് മാത്രമല്ല, സ്ഥിര നിക്ഷേപത്തിന്റെ മുഴുവന്‍ പലിശയും, ചെക്ക് വഴി മാറ്റിയ 2 ലക്ഷം രൂപയും 8035 എന്ന വ്യക്തിഗത എസ്ബി എക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകള്‍ ഉണ്ട് സ്വരാജേ. പിന്നെങ്ങനെയാണ് ഒരു നയാ പൈസ നഷ്ടപ്പെട്ടിട്ടില്ലെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുക. തെളിവുകള്‍ ബോധപൂര്‍വ്വം ഒളിപ്പിച്ച് വച്ച് കൊണ്ടല്ലേ നിങ്ങളുടെ വാക്പ്രയോഗങ്ങള്‍.

സ്വരാജ് വാക്കുകളാല്‍ തീര്‍ക്കുന്ന മായാവലയത്തില്‍ വീണുപോകുന്നവരുടെ കൂട്ടത്തില്‍ ആധികാരികമായ രേഖകളെ നേരിട്ട് പരിശോധിച്ച് അതിലെ ഉള്ളുകളികളെ തിരിച്ചറിഞ്ഞ വ്യക്തികള്‍ ഉണ്ടാവില്ല. സ്വരാജ് കണ്ണടച്ചാല്‍ സ്വരാജിനു മാത്രമേ ഇരുട്ടാകൂ.

തര്‍ക്കബുദ്ധി വലിയ ശേഷിയാണ്. അതേ സമയം ഇരുതല മൂര്‍ച്ചയുള്ള വാളുമാണ്.

പ്രയാസമനുഭവിക്കുന്നവന്റെ ആവലാതികള്‍ക്ക് തീര്‍പ്പ് കണ്ടെത്തുന്നതിനായി പോരാടാന്‍ തര്‍ക്കബുദ്ധി ഉപയോഗിക്കാം, അത് പോലെ ആവലാതികള്‍ ഉന്നയിക്കുന്നവന്റെ ചോദ്യങ്ങളെ നിഷ്പ്രഭമാക്കാനും തര്‍ക്കബുദ്ധി ഉപകാരപ്പെടും.

ആ അത്ഥത്തില്‍ തര്‍ക്കബുദ്ധി എന്ന വ്യക്തിഗത ഗുണത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് അത് എങ്ങനെ പ്രയോഗിക്കുന്നു എന്നതാണ്. ഉത്തരവാദിത്തങ്ങളില്‍ നിന്ന് കൈകഴുകാനും വിഷയങ്ങളെ വക്രീകരിക്കാനും അത് ഉപയോഗിക്കുമ്പോള്‍, കല്പനകള്‍ വസ്തുതകളുടെ വെളിച്ചത്തില്‍ തച്ചുടക്കപ്പെടും!

നിസ്സഹായതയുടെ സാഹചര്യത്തില്‍ പ്രതികരിക്കുന്നതില്‍ മിതത്വം പാലിക്കേണ്ടി വരുന്ന സഖാവ് രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിനോട് ചോദിക്കാന്‍ പറഞ്ഞ സ്വരാജിന്റെ കുറുക്കന്റെ ബുദ്ധിയോട് പുച്ഛം മാത്രം. പാര്‍ട്ടിക്ക് വേണ്ടി നടത്തിയ പോരാട്ടത്തിന്റെ പാതയില്‍ വീണു പോയവരുടെ ആശ്രിതരുടെ നിസ്സഹായതയെ പറ്റിയും, അവരുടെ നിലനില്‍പ്പിനെ പറ്റിയും ഉത്തമമായ ബോധ്യം നമുക്കുണ്ട്.

കുടുംബത്തിനായി ധനസമാഹരണം നടത്തി, അതില്‍ സിംഹഭാഗവും തിരിമറി നടത്തി എന്ന ബോധ്യത്തില്‍ നിന്ന്, സഖാവ് ധനരാജിന്റെ കുടുംബത്തിനു നീതിയുറപ്പാക്കുക എന്നതില്‍ നിന്നാണു ഈ പോരാട്ടം ആരംഭിക്കുന്നത് തന്നെ. അതിനെ അനീതിയെ ഉരുക്ക് മുഷ്ടികൊണ്ട് ഇല്ലാതാക്കാം എന്നാണ് അധികാരത്തിന്റെ കങ്കാണിമാര്‍ കരുതുന്നതെങ്കില്‍ അതിന് കീഴ്‌പ്പെടാന്‍ ഞങ്ങള്‍ക്ക് സമ്മതമല്ല.

അധികാരത്തിന്റെ സ്വഭാവം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മുകള്‍ തട്ടിന്റെ സ്വഭാവത്തിന്റെ ഉല്‍പന്നമാണെന്ന ബോധ്യത്തില്‍ നിന്ന് ചെറുമുകുളങ്ങളായി പരസ്പര ബന്ധമില്ലാത്ത വിവിദങ്ങളായ പ്രദേശങ്ങളില്‍ ആരംഭിക്കുകയും പിന്നീട് പരസ്പരം ചേര്‍ന്നുകൊണ്ട് ഏകീക്രിത സ്വഭാവത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന ഒരു മുന്നേറ്റമാണ് ഞങ്ങള്‍ നയിക്കുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരെയുള്ള ഈ പോരാട്ടത്തില്‍ സത്യത്തെ ആയുധമാക്കി നാം മുന്നോട്ട് പോകും. അഴിമതിക്കെതിരായ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണിത്.

വി കുഞ്ഞികൃഷ്ണന്‍

Tags:    

Similar News