ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണക്കപ്പല്‍ പാതിവഴിയില്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു; റൂട്ട് മാറ്റം യുഎസ് ഉപരോധം മൂലമെന്ന് സൂചന; വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; ഇന്ധന പ്രതിസന്ധി മറികടക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഇന്ത്യക്ക് മുന്നില്‍ പുതിയ വെല്ലുവിളികള്‍
ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണക്കപ്പല്‍ പാതിവഴിയില്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധി മറികടക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളിയായി അമേരിക്കന്‍ ഉപരോധം. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന എണ്ണക്കപ്പല്‍ അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുന്‍' എന്ന കപ്പലാണ് വഴിതിരിച്ചുവിട്ടത്. ആറ് ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലെ വാഡിനാര്‍ തുറമുഖത്തേക്ക് വരികയായിരുന്ന ഈ കപ്പല്‍, അവസാനനിമിഷം ലഭിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് യാത്രയുടെ ദിശ മാറ്റുകയാണ് ഉണ്ടായത്. രാജ്യത്ത് ഇന്ധന പ്രതിസന്ധി മറികടക്കാന്‍ വേണ്ടി തീവ്രശ്രമം നടത്തുന്ന ഘട്ടത്തിലാണ് ഇന്ത്യയിലേക്ക് വന്ന ഇറാന്‍ കപ്പല്‍ തിരിച്ചുവിടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.
ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കാണ് കപ്പല്‍ ഇന്ത്യയില്‍നിന്ന് വഴിമാറ്റി വിടാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
നിലവില്‍ ഇറാന്‍ എണ്ണയുടെ 90 ശതമാനവും കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ആഗോളവിപണിയില്‍ എണ്ണവില നിയന്ത്രിക്കാന്‍ അമേരിക്ക ഇറാനിയന്‍ എണ്ണയ്ക്ക് ചെറിയ ഇളവുകള്‍ നല്‍കിയിരുന്നുവെങ്കിലും സാമ്പത്തിക തടസ്സങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
2019-ന് ശേഷം ആദ്യമായാണ് ഇന്ത്യ എണ്ണ ഇറക്കുമതിയിക്കായി ഇറാനെ ആശ്രയിക്കുന്നത്. ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള നീക്കങ്ങള്‍ തടസ്സപ്പെട്ടതോടെയാണ് റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് സമാന്തരമായി ഇറാനില്‍നിന്നുള്ള അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നത്.
അതേസമയം ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ഇറാനില്‍നിന്ന് അതിശക്തമായ വ്യോമാക്രമണം ഇന്നുമുണ്ടായി. അബുദാബിയിലെ അജ്ബാനില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് അഞ്ച് ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരിക്കേറ്റു. കുവൈത്തില്‍ എണ്ണ ശുദ്ധീകരണ കേന്ദ്രവും കുടിവെള്ള-വൈദ്യുതി വിതരണ കേന്ദ്രവും ഇറാന്‍ ആക്രമിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്ക് അതിശക്തമായ ആക്രമണമാണ് ഇറാന്‍ നടത്തിയത്. യുഎഇ തലസ്ഥാനമായ അബുദാബിയിലെ അജ്ബാനില്‍ നടത്തിയ മിസൈല്‍ ആക്രമണം യുഎഇ ചെറുത്തു. ഇതിനിടെ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണാണ് അഞ്ച് ഇന്ത്യക്കാര്‍ക്കും ഏഴ് നേപ്പാള്‍ സ്വദേശികള്‍ക്കും പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇതോടെ യുഎഇയില്‍ ഇറാന്റെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 203 ആയി.
അജ്ബാനിലാണ് രാജ്യത്തെ പ്രധാന സൗരോര്‍ജ പ്ലാന്റുകളിലൊന്ന് പ്രവര്‍ത്തിക്കുന്നത്. 18 ബാലിസ്റ്റിക് മിസൈലുകള്‍, നാല് ക്രൂയിസ് മിസൈലുകള്‍, 47 ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണ ശ്രമമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അബുദാബിയിലെ തന്നെ ഹബ്ഷാനിലും വ്യോമാക്രമണശ്രമമുണ്ടായി. ആക്രമണത്തെ തുടര്‍ന്ന് ഹബ്ഷാനിലെ ഗ്യാസ് പ്ലാന്റ് താത്കാലികമായി അടച്ചു. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് കെട്ടിടത്തിന് കേടുപാട് പറ്റി. കുവൈത്തിലെ മിന അല്‍ അഹമ്മദി എണ്ണശുദ്ധീകരണ ശാലയ്ക്ക് ഡ്രോണ്‍ ആക്രമണത്തില്‍ തീ പിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ആര്‍ക്കും പരിക്കില്ലെന്നും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു.
കുവൈത്തിലെതന്നെ വൈദ്യുതി വിതരണ-ജലശുദ്ധീകരണ കേന്ദ്രത്തിന് നേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായി. കെട്ടിടത്തിന് കേടുപാട് പറ്റി. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവശ്യയില്‍ ഏഴ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണ ശ്രമവും പരാജയപ്പെടുത്തി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ ജബല്‍ അലി ക്ഷേത്രം, ബര്‍ദുബായ് ക്ഷേത്രം, ജബല്‍ അലിയിലെ ഗുരുനാനാക് ഗുരുദ്വാര എന്നിവ അടച്ചു. ക്രൈസ്തവ ആരാധനാലയങ്ങളില്‍ ദുഖവെള്ളി പ്രാര്‍ഥനാ ചടങ്ങുകള്‍ ഓണ്‍ലൈനായാണ് നടന്നത്.
