'അധികാരമോഹിയും അവസരവാദിയും'; വിശ്വാസ വഞ്ചനയ്ക്കും അപ്പുറമുളള പ്രവൃത്തിയാണ് ചെയ്തത്; ടി കെ ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; പി കെ ശ്യാമള അനുഭവ സമ്പന്നയായ നേതാവ്; വമ്പിച്ച ഭൂരിപക്ഷം നല്‍കി തളിപ്പറമ്പിലെ ജനങ്ങള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് പിണറായി
ടി കെ ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
കണ്ണൂര്‍: മുന്‍ സിപിഐഎം നേതാവും തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ടി കെ ഗോവിന്ദനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടി കെ ഗോവിന്ദനെ സ്ഥാനമോഹിയാണെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉയര്‍ത്തി. ഗോവിന്ദന്‍ അവസരവാദിയാണെന്നും വിശ്വാസ വഞ്ചനയ്ക്കും അപ്പുറമുളള പ്രവൃത്തിയാണ് ടി കെ ഗോവിന്ദന്‍ ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പി കെ ശ്യാമള അനുഭവ സമ്പന്നയായ നേതാവാണെന്നും അവരെ വമ്പിച്ച ഭൂരിപക്ഷം നല്‍കി തളിപ്പറമ്പിലെ ജനങ്ങള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'നിലപാടുകള്‍ തെളിമയാര്‍ന്നതാവണ്ടേ? എല്‍ഡിഎഫിനോട് ഒരു നിമിഷംകൊണ്ടാണോ വ്യത്യസ്ത അഭിപ്രായം വരിക? എല്‍ഡിഎഫിന്റെ നയങ്ങളില്‍ വ്യത്യസ്തയുണ്ടെങ്കില്‍ ദീര്‍ഘകാലം മുന്നേ വേണ്ടേ? ഏതെങ്കിലും നയത്തോട് വ്യത്യസ്തത നേരത്തെ പറഞ്ഞിട്ടുണ്ടോ? അപ്പോള്‍ തനിക്ക് സീറ്റ് കിട്ടിയില്ല, ആ സീറ്റ് മോഹത്തിന് മേലെയുണ്ടാകുന്ന അവസരവാദ നിലപാടിനെയാണ് യുഡിഎഫ് ഏറ്റെടുത്തിട്ടുളളത്.
തളിപ്പറമ്പിന്റെ ധന്യമായ ചരിത്രം നിലനിര്‍ത്തിക്കൊണ്ട് സഖാവ് ശ്യാമള ടീച്ചറെ ഇവിടെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് ഈ മണ്ഡലത്തില്‍ നല്ല അംഗീകാരത്തോടെ ജയിച്ചുവരാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെന്ന ധാരണയിലാണ്. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച്, ദീര്‍ഘകാലത്തെ പ്രവര്‍ത്തന അനുഭവം ശ്യാമള ടീച്ചര്‍ക്കുണ്ട്. അതിന്റെ ഭാഗമായാണ് അവരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. ശ്യാമള ടീച്ചര്‍ക്ക് വമ്പിച്ച ഭൂരിപക്ഷം നല്‍കി നിയമസഭയിലേക്ക് തെരഞ്ഞെടുക്കുക. തളിപ്പറമ്പിന്റെ യശസ്സ് അതേരീതിയില്‍ നിലനിര്‍ത്തുക'- മുഖ്യമന്ത്രി പറഞ്ഞു.
തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദന്‍ സിപിഐഎം വിട്ടത്. തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.
ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം, അല്ലെങ്കില്‍ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ ടി കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
