യുഡിഎഫ് ഭരണകാലത്ത് ലൈഫ് മിഷന്‍ പോലൊരു പദ്ധതി ഉണ്ടായിരുന്നില്ല; നുണയെ ആശ്രയിക്കുന്നവര്‍ വീട് നിര്‍മിച്ച കണക്കിലും കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി

Update: 2026-04-03 07:33 GMT

കോഴിക്കോട് : നുണയെ ആശ്രയിക്കുന്നവര്‍ വീട് നിര്‍മിച്ച കണക്കിലും കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് ഭരണകാലത്ത് നിര്‍മിച്ച വീട് നാലായിരമെന്നതിന് അടിസ്ഥാനം ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ച കണക്കാണ്. യുഡിഎഫ് കാലത്ത് നിര്‍മിച്ച വീടുകളെക്കുറിച്ച് കുറച്ചുകാലമായി തെറ്റായ പ്രചാരണം നടക്കുകയാണ്. ഇതിന്റെ കണക്ക് കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഏതെങ്കിലും ഔദ്യോഗിക കണക്കിലോ നാടിന്റെ അനുഭവത്തിലോ നാല് ലക്ഷം വീട് അന്നുണ്ടാക്കിയതായി കാണാനാകില്ല. ഒരു തരത്തിലും ശരിയല്ലാത്ത കാര്യം ഉന്നയിക്കുന്നതില്‍ പ്രതിപക്ഷ നേതാവിനെപ്പോലുള്ളവര്‍ പ്രത്യേക മികവ് കാണിക്കുകയാണ്.

യുഡിഎഫ് ഭരണകാലത്ത് ലൈഫ് മിഷന്‍ പോലൊരു പദ്ധതി ഉണ്ടായിരുന്നില്ല. ചെറിയ തുക നല്‍കി വീട് നിര്‍മിക്കുന്ന പദ്ധതിയായിരുന്നു അന്നുണ്ടായിരുന്നത്. ലൈഫ് മിഷന്‍ നിലവില്‍ വന്നപ്പോള്‍ അന്ന് പൂര്‍ത്തീകരിക്കാത്ത വീടുകള്‍ക്ക് ബാക്കി തുക നല്‍കി. വഴിക്കിട്ട് പോയ വീടുകളുടെ പൂര്‍ത്തീകരണത്തിന് ആയിരുന്നു മുന്‍ഗണന. പല വകുപ്പുകളിലായി കൊടുത്ത വീടിന്റെ എണ്ണമാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചത്. അതെല്ലാം കൂട്ടിയാല്‍ നാലായിരത്തിലേ എത്തു. ആ കണക്കാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Similar News