യുഡിഎഫിന് നൂറിന് മുകളില്‍ സീറ്റ് ലഭിക്കും; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വന്‍ ഭൂരിപക്ഷം നേടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നൂറിനു മുകളില്‍ സീറ്റുകള്‍ നേടി മുന്നണി അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്‍ഡ് ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തനിക്കും വി.ഡി. സതീശനും വ്യത്യസ്ത പ്രവര്‍ത്തന ശൈലികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നതകളില്ലെന്നും കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ എന്നിവരുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് മുന്നണിയില്‍ നടക്കുന്നത്.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസ കാര്യത്തില്‍ സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചതായും അദ്ദേഹം ആരോപിച്ചു. വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. താന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സര്‍ക്കാരിന്റെ നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ സാധിച്ചുവെന്നും അത് വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.