അനൗണ്‍സ്‌മെന്റ് ശബദം സിപിഎം നേതാവിന്റേത്; വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കം നല്‍കി മൈക്ക് പെര്‍മിഷന്‍ എടുത്തു; റെക്കോര്‍ഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയില്‍; 'നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണം എന്ന് മുസ്ലിം ലീഗുകാര്‍ വീടുകള്‍ കയറി പറയുന്നതായി' ആരോപണം; പേരാമ്പ്രയില്‍ സിപിഎം വെട്ടില്‍; ആവളയിലെ മുണ്ടക്കണ്ടി സലീല്‍ യുഡിഎഫിലെ പേരാമ്പ്ര താരം

Update: 2026-04-03 04:17 GMT

കോഴിക്കോട്: വടകരയിലെ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് വിവാദത്തിന് സമാനമായ രീതിയില്‍ പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലും വര്‍ഗീയ വിദ്വേഷം കലര്‍ന്ന തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതായി പരാതിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കുന്ന തരത്തിലുള്ള അനൗണ്‍സ്‌മെന്റ് പുറത്തുവന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ബിജെപിയെക്കാള്‍ വലിയ വര്‍ഗീയത ഇളക്കിവിട്ട് വോട്ട് പിടിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ ആരോപിച്ചു. സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണ് ഈ വിദ്വേഷ പ്രചാരണമെന്നും അവര്‍ കുറ്റപ്പെടുത്തി.

മൂന്ന് ദിവസം മുന്‍പാണ് വിവാദമായ അനൗണ്‍സ്‌മെന്റ് മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. 'നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണം എന്ന് മുസ്ലിം ലീഗുകാര്‍ വീടുകള്‍ കയറി പറയുന്നതായി' സ്ഥാപിക്കുന്ന റെക്കോര്‍ഡിംഗാണ് പ്രചാരണ വാഹനത്തില്‍ ഉപയോഗിച്ചത്. ബാലുശ്ശേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നടുവണ്ണൂരിലെ ഒരു സ്റ്റുഡിയോയിലാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്നും സി.പി.എം. നേതാവിന്റെ ശബ്ദമാണ് ഇതിലുള്ളതെന്നും യു.ഡി.എഫ്. ആരോപിക്കുന്നു. ആവളയിലെ മുണ്ടക്കണ്ടി സലീല്‍ എന്ന വ്യക്തി അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ പിന്നാലെ പോയി റെക്കോര്‍ഡ് ചെയ്തതോടെയാണ് ഇതിലെ ഗൂഢാലോചന പുറത്തായത്.

മൈക്ക് പെര്‍മിഷന്‍ എടുത്ത വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം യു.ഡി.എഫ്. പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വാഹനം എല്‍.ഡി.എഫിന്റേതല്ലെന്ന് പറഞ്ഞ് കൈയൊഴിയാനാണ് സി.പി.എം. ശ്രമിക്കുന്നത്. അതേസമയം, പ്രചാരണത്തില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്ന പ്രതിരോധത്തിലാണ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്‍. സംഭവത്തില്‍ ഇതേവരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്തതില്‍ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫ്. രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടും നടപടി വൈകുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചു.

യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട് തുടങ്ങിയവര്‍ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. പേരാമ്പ്രയുടെ മതനിരപേക്ഷ മണ്ണില്‍ വിദ്വേഷ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും ഏത് അറ്റം വരെയും ഇതിനെതിരെ പോരാടുമെന്നും യു.ഡി.എഫ്. നേതൃത്വം വ്യക്തമാക്കി. 1980 മുതല്‍ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ പേരാമ്പ്രയില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. നേടിയ വന്‍ മുന്നേറ്റം സി.പി.എമ്മിനെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി.പി. രാമകൃഷ്ണന്‍ 22,592 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ ഇവിടെ നിന്ന് 19,085 വോട്ടിന്റെ ഭൂരിപക്ഷം നേടി സി.പി.എമ്മിനെ ഞെട്ടിച്ചു. തുടര്‍ന്ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ ആറെണ്ണവും യു.ഡി.എഫ്. പിടിച്ചെടുത്തു. എണ്ണായിരത്തിലേറെ വോട്ടിന്റെ മുന്‍തൂക്കം നിലവില്‍ യു.ഡി.എഫിനുള്ള സാഹചര്യത്തില്‍, വര്‍ഗീയ കാര്‍ഡിറക്കി വോട്ട് തിരിച്ചുപിടിക്കാനുള്ള നീക്കമാണ് സി.പി.എം. നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിവാദം കൊഴുക്കുന്നതോടെ സംസ്ഥാനത്തെ പ്രധാന ശ്രദ്ധാകേന്ദ്രമായി പേരാമ്പ്ര മാറിയിരിക്കുകയാണ്.

ബാലുശ്ശേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നടുവണ്ണൂരില്‍ നിന്നാണ് പല റെക്കോര്‍ഡുകളും പേരാമ്പ്രയില്‍ എത്തിക്കുന്നത്. അനൗണ്‍സ്‌മെന്റ് കേട്ട ആവളയിലെ മുണ്ടക്കണ്ടി സലീല്‍ രണ്ടാമത് ഒരിക്കല്‍ കൂടി കേട്ടപ്പോഴാണ് സംഭവം വ്യക്തമായത്. അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ പിറകെ പോയി റെക്കോര്‍ഡ് ചെയ്ത് മറ്റുള്ളവര്‍ക്ക് നല്‍കിയതോടെയാണ് ഇതിലെ അപകടം തിരിച്ചറിഞ്ഞത്. അസാധാരണ വിവാദങ്ങള്‍ ഉയര്‍ന്നതോടെ സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രം ആവുകയാണ് പേരാമ്പ്ര.

ഇരുമുന്നണികളെയും ജയിപ്പിച്ച ചരിത്രമുള്ള പേരാമ്പ്ര പക്ഷെ, 1980 മുതല്‍ ഇടതുമുന്നണിയുടെ കുത്തക സീറ്റാണ്. കഴിഞ്ഞതവണ ടി പി രാമകൃഷ്ണന്‍ 22,592 വോട്ടിന്റ് ഭൂരിപക്ഷത്തിനാണ് മുസ്ലിംലീഗിലെ സി എച്ച് ഇബ്രാഹിംകുട്ടിയെ തോല്‍പ്പിച്ചത്. 2016 ലെ 4101 എന്ന ഭൂരിപക്ഷത്തില്‍ നിന്ന് വലിയ വര്‍ധന ആണ് കഴിഞ്ഞ തവണ ഉണ്ടായത്. പക്ഷെ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന് 19,085 വോട്ടിന്റെ ഭൂരിപക്ഷം പേരാമ്പ്ര മണ്ഡലത്തില്‍ കിട്ടിയത് സിപിഎമ്മിനെ ഞെട്ടിച്ചു.

പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി സിപിഎമ്മിന് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തില്‍ ആറും ഇപ്പോള്‍ ഭരിക്കുന്നത് യുഡിഎഫാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കില്‍ എട്ടായിരത്തിലേറെ വോട്ടിന്റെ മുന്‍തൂക്കം യുഡിഎഫിന് കിട്ടിയിട്ടുണ്ട്.

Similar News