മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു; കമ്മീഷനെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനം; ബിജെപി സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കി എല്‍ഡിഎഫ്
മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു
തൃശൂര്‍: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെതിരെ വീണ്ടും തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തിലും ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു എന്നതാണ് പരാതി.
ഗുരുവായൂര്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.സുമേഷാണ് പരാതി നല്‍കിയത്. വര്‍ഗീയ നിലപാട് തുടരുകയും നിരന്തരം കമ്മീഷനെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്ഥാനാര്‍ഥി സ്വീകരിക്കുന്നതെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.
നേരത്തെ വിദ്വേഷ പരാമര്‍ശത്തില്‍ ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി സ്ഥാനാര്‍ഥിയായ ബി. ഗോപാലകൃഷ്ണന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയും കെഎസ് യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നു.
48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചിരുന്നു.
മലപ്പുറം ജില്ലയെ കുറിച്ചും അദ്ദേഹം വിദ്വേഷപരമായ പരാമര്‍ശം നടത്തി. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളില്‍ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.